ദുരിതാശ്വാസനിധി വകമാറ്റൽ ഹർജി തള്ളി; പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത

Nov 14, 2023 - 18:16
 0
ദുരിതാശ്വാസനിധി വകമാറ്റൽ ഹർജി തള്ളി; പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ചുള്ള ഹർജി ലോകായുക്ത തള്ളി. മുഖ്യമന്ത്രിയെയും 18 മുന്‍ മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജിയാണ് ലോകായുക്തയുടെ ഫുൾ ബെഞ്ച് തള്ളിയത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ്, 2018ല്‍ ആർ എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറഞ്ഞത്. ദുരിതാശ്വാസ നിധി പൊതു ഫണ്ട് ആണെന്നും അത് വിനിയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിധി.

മന്ത്രിസഭാ യോഗം പരിശോധിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ല. തീരുമാനങ്ങളുടെ നടപടി ക്രമങ്ങളാണ് പരിശോധിച്ചത്. ഫണ്ട് നൽകാൻ മന്ത്രിസഭയ്ക്ക് അംഗീകാരമുണ്ട്. മൂന്ന് ലക്ഷത്തിന് മുകളിൽ തുക നൽകിയപ്പോൾ മന്ത്രിസഭയുടെ അംഗീകാരം ഉണ്ടായി. രാഷ്ട്രീയ അനുകൂല തീരുമാനമായി കണക്കാക്കാൻ കഴിയില്ല. അഴിമതിയും സ്വജന പക്ഷപാതിത്വവും കണ്ടത്തിയിട്ടില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു.

മൂന്നു ലക്ഷം രൂപ വരെ നല്‍കാന്‍ മുഖ്യമന്ത്രിക്കു തീരുമാനിക്കാം. അതിനു മുകളിലുള്ള തുകയ്ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്നാണ് വ്യവസ്ഥ. ഇവിടെ അതു പാലിച്ചിട്ടുണ്ടെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. പണം അനുവദിച്ചതില്‍ എന്തെങ്കിലും സ്വജനപക്ഷപാതമോ അഴിമതിയോ ഉണ്ടെന്നു കണ്ടെത്താനായിട്ടില്ല. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിവിഷന്‍ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിനു വിടുകയായിരുന്നു. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് കടം തീര്‍ക്കാന്‍ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ അകമ്പടി വാഹനം അപകടത്തില്‍ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ച നടപടികള്‍ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് കാട്ടിയാണ് ഹർജിക്കാരൻ ലോകായുക്തയെ സമീപിച്ചത്.

അതേസമയം ലോകായുക്ത വിധിയിൽ അത്ഭുതപ്പെടുന്നില്ലെന്ന് ഹർജിക്കാരനായ ആർ എസ് ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു. വന്നത് പ്രതീക്ഷിച്ച വിധി. യാതൊരു എത്തിക്സും ഇല്ലാത്തവരാണ് ന്യായാധിപന്മാരായിട്ടുള്ളത്. ജലീലിന്റെ കേസിനേക്കാൾ ഗുരുതരമായ വീഴ്ചയാണ് ഈ കേസിൽ സർക്കാരിന് പറ്റിയിട്ടുള്ളത്. സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടാവാത്തതിനാൽ ആയിരിക്കാം ജലീലിനെ പുറത്താക്കിയത്. സർക്കാരിന് വിരുദ്ധമായ വിധിയാണ് ഉണ്ടാകേണ്ടിയിരുന്നത്. ഒരിക്കലും ഒരു ന്യായാധിപന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത വിധിയാണിത് . ലോകായുക്ത നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പിടാത്തതിനാൽ സർക്കാർ ലോകയുക്തയെ സ്വാധീനിച്ചു. വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. വേണ്ടിവന്നാൽ സുപ്രീംകോടതി വരെ പോകും. കേസ് നീട്ടി കൊണ്ടുപോയത് മുഖ്യമന്ത്രിക്ക് അനുകൂലമായ ഒരു വിധി വരാൻ വേണ്ടിയാണ്. മന്ത്രിസഭയ്ക്ക് നിയമം വിട്ട് തീരുമാനമെടുക്കാനുള്ള അവകാശം ഇല്ലെന്നും ശശികുമാർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow