എ സി മൊയ്തിനെതിരെ കള്ളതെളിവുണ്ടാക്കാൻ ഇഡി ഭീഷണിപ്പെടുത്തുന്നു; സഹകരണ മേഖലയെ തകർക്കാനാണ് നീക്കം : എം വി ഗോവിന്ദൻ

Sep 23, 2023 - 00:32
 0
എ സി മൊയ്തിനെതിരെ കള്ളതെളിവുണ്ടാക്കാൻ ഇഡി ഭീഷണിപ്പെടുത്തുന്നു; സഹകരണ മേഖലയെ തകർക്കാനാണ് നീക്കം : എം വി ഗോവിന്ദൻ

സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇഡി അന്വേഷണമെന്നും കരുവന്നൂർ  ബാങ്ക് കേസിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎക്കെതിരെ കള്ള തെളിവുണ്ടാക്കാൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമാണെന്നും  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇഡിയുടെ അത്തരം ശ്രമങ്ങൾക്ക് നിന്നുകൊടുക്കുവാൻ കഴിയില്ല. ഇതിനെതിരെ  ശക്തമായ പ്രതിരോധം  തന്നെ  സഹകാരികളുടെ  ഭാഗത്തുനിന്നുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എ സി മൊയ്തീനെതിരെ  ഇഡിയുടെ കെെയിൽ തെളിവില്ല. അതിനാൽ എ സി മൊയ്തീൻ പണം ചാക്കിലാക്കികൊണ്ടുപോകുന്നത് കണ്ടുവെന്ന് കള്ളമൊഴിനൽകാൻ കൗൺസിലർ  പി ആർ അരവിന്ദാക്ഷനെ ചോദ്യം ചെയ്യലിനിടയിൽ ഇഡി ഭീഷണിപെടുത്തി. മകളുടെ വിവാഹനിശ്ചയം  മുടക്കുമെന്നും ലോക്കപ്പ് മുറിയിലിട്ട് കൊല്ലുമെന്നുവരെ പറഞ്ഞു. പാർടി നേതൃത്വത്തെ പ്രതികൂട്ടിലാക്കാനാണ് ഇഡി ശ്രമിക്കുന്നത്. അത് കേന്ദ്രത്തിനും ആഭ്യന്തര വകുപ്പ് കെെക്കാര്യം ചെയ്യുന്ന അമിത് ഷാക്കും വേണ്ടിയാണ്.

കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങളിൽ ഇടപെടുന്ന ഒന്നാണ്. നോട്ടുനിരോധനന കാലത്ത്  സഹകരണ മേഖലയെ തകർക്കാൻ ഒരു ശ്രമം നടന്നു. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  കേരളത്തിലെ മുഴുവൻ സഹകരണ പ്രസ്ഥാനങ്ങളെയും സംരക്ഷിക്കും എന്ന് ഉറപ്പു പറഞ്ഞു. അതോടെ തുക പിൻവലിക്കൽ പോലുള്ള വലിയ  പ്രതിസന്ധികളെ ഒഴിവാക്കാൻ സാധിച്ചതുമാണ്. ഇപ്പോൾ കരുവന്നൂർ ബാങ്ക് പ്രശ്നത്തിന്റെ പേരിൽ പാർടി നേതൃത്വത്തെ കുടുക്കാനാണ് ഇഡിയുടെ നീക്കം.എ സി മൊയ്തീനും  പി കെ ബിജുവിനും എതിരെ തെളിവുണ്ടാക്കാനാണ് നീക്കം. അതിനുവേണ്ടി ചോദ്യം ചെയ്യാൻ  വിളിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. 

കരുവന്നൂരിൽ സർക്കാരും സഹകരണവകുപ്പും  ഫലപ്രദമായി ഇടപെട്ടു. തിരിച്ചുപിടിക്കാനുള്ള 36 കോടി  രൂപ തിരിച്ചു പിടിച്ചു. 100 കോടിക്കടുത്ത് രൂപ നിക്ഷേപകർക്ക് തിരികെ നൽകി. തെറ്റ് ചെയ്തവർക്കെതിരെ  ഫലപ്രദമായ നടപടി സ്വീകരിക്കുന്നു. ഇതൊന്നും കാണാതെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനാണ് ഇഡിയുടെ ശ്രമം. ഇഡിക്ക് എന്തും ചെയ്യാനുള്ള അവാകാശമുണ്ട് എന്ന പ്രചരണമാണ് നടത്തുന്നത്. അത് അനുവദിക്കാനാവില്ല.

സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി  മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്ന  ജനകീയ സദസുകൾ ഓരോ മണ്ഡലത്തിലും നടത്തും.  ലെെഫ് ഭവന പദ്ധതി, കെ ഫോൺ, എ ഐ ക്യാമറ, ദേശീയപാത വികസനം, തീരദേശ പാതാ വികസനം , കുട്ടനാട്, വയനാട്, ഇടുക്കി  പാക്കേജ്, കൊച്ചി  ജല മെട്രോ തുടങ്ങിയ വികസനങ്ങൾ ജനങ്ങളിലേക്കെത്തിക്കും. 

കേന്ദ്ര ഗവർമെൻറിന്റെ ഇടപെടൽ മുലം കേരളത്തിന് അർഹമായ വിഹിതം  ലഭിക്കുന്നില്ല. 40000 കോടിരൂപ ഇത്തരത്തിൽ കിട്ടാനുണ്ട്. കടമെടുക്കൽ പരിധി താഴ്ത്തിയും കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുന്നു. ഈ സാഹചര്യത്തിലും 28000 കോടി രൂപ കുടിശിക പിരിച്ചെടുത്ത് സർക്കാർ  വികസന പ്രവർത്തനങ്ങൾ നടത്തുകയാണ്. ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യമാണ് കേന്ദ്രം തടയുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകും. 

What's Your Reaction?

like

dislike

love

funny

angry

sad

wow