'നന്ദിനി'യുടെ കേരളത്തിലെ പാൽ വിൽപന ചെറുക്കാൻ മിൽമ കർണാടകയിലെ കർഷകരിൽ നിന്ന് പാൽ സംഭരിക്കും

Jun 22, 2023 - 16:59
 0
'നന്ദിനി'യുടെ കേരളത്തിലെ പാൽ വിൽപന ചെറുക്കാൻ മിൽമ കർണാടകയിലെ കർഷകരിൽ നിന്ന് പാൽ സംഭരിക്കും

കേരളത്തിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാൽ വിൽക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് മിൽമ. നീക്കവുമായി കർണാടക മിൽക്ക് ഫെഡറേഷൻ മുന്നോട്ടുപോയാൽ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതിന് പുറമേ, കർണാടകയിലെ കർഷകരിൽ നിന്ന് പാൽ നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ പറഞ്ഞു.

കേരളത്തിലെ വിൽപന വിലയെക്കാൾ കൂടുതൽ വില നൽകിയാണ് മിൽമ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സഹകരണ ഫെഡറേഷനുകളിൽ നിന്നു പാൽ വാങ്ങി കേരളത്തിലെ പാൽ ലഭ്യത ഉറപ്പാക്കുന്നത്. സഹകരണത്തിന്റെ കൂട്ടായ്മയും ആനന്ദ് മാതൃകയുടെ അന്തഃസത്തയും ഉൾക്കൊള്ളുന്നതിനാൽ അവിടങ്ങളിലെ കർഷകരിൽ നിന്നു നേരിട്ടു പാൽ സംഭരിക്കാൻ മിൽമ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി അതു വേണ്ടിവരുമെന്ന സ്ഥിതിയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.

തമിഴ്നാട്ടിൽ നിന്ന് പാൽ കൊണ്ടുവന്ന് കേരളത്തിൽ വിൽപന നടത്തുന്ന സ്വകാര്യ കമ്പനിക്ക് സംസ്ഥാന സർക്കാർ അങ്കമാലിയിലെ ഇൻകൽ പാർക്കിൽ പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലവും സൗകര്യവും ഒരുക്കി കൊടുക്കുന്നത് കേരളത്തിലെ ക്ഷീരസഹകരണ മേഖലയെയും ക്ഷീരകർഷകരെയും ദോഷകരമായി ബാധിക്കുമെന്നും എം ടി ജയൻ പറഞ്ഞു.

ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്​ലെറ്റുകള്‍ തുറക്കാനാണ് കർണാടക മിൽക്ക് ഫെഡറേഷൻ നീക്കം. രണ്ടുവര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്​ലെറ്റുകള്‍ തുടങ്ങും. ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കില്ലെന്നും പാല്‍ കൃത്യമായ ഊഷ്മാവില്‍ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാന്‍ സൗകര്യമുള്ള കോള്‍ഡ് സ്റ്റോറേജും ഉള്ളവര്‍ക്ക് മാത്രമേ ഏജന്‍സി നല്‍കൂ എന്നുമാണ് നന്ദിനിയുടെ നിലപാട്. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും കുറവുള്ള രണ്ടര ലക്ഷം പാല്‍ വിപണിയിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും നന്ദിനി ആവര്‍ത്തിക്കുന്നു.

 

നിലവില്‍ എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട പന്തളം, മലപ്പുറം ജില്ലയിലെ മ‍ഞ്ചേരി, തിരൂര്‍, ഇടുക്കി തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്​ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൂടി ഉടന്‍ ഔട്ട്​ലെറ്റുകള്‍ തുറക്കും. ഇതിനു പുറമേയാണ് 16 എണ്ണം കൂടി തുറക്കാനുള്ള തീരുമാനം.

മിൽമയേക്കാൾ വില കുറച്ചാണ് നന്ദിനി പാലും പാലുൽപന്നങ്ങളും കേരളത്തിൽ വിൽക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളിൽ നന്ദിനി പാൽ എത്തിത്തുടങ്ങിയതോടെ വിൽപനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മിൽമ. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.

നേരത്തെ രാജ്യത്തെ പാൽവിപണന രംഗത്തെ ഒന്നാമനായ അമുലിനെ കർണാടകത്തിൽനിന്ന് നന്ദിനി തുരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനി കൂടുതൽ സംസ്ഥാനങ്ങളിൽ ഔട്ട്ലെറ്റുകൾ തുറക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും നന്ദിനി ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്. എന്നാൽ നന്ദിനിയുടെ കടന്നുവരവ് തമിഴ്നാടിനെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow