എംജി സർവകലാശാലയിൽ 154 സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവം;റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍
മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഹോളോഗ്രാം ഉള്ള പേരെഴുതാത്ത 154 ബിരുദ- പിജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടി. മുൻ സെഷൻ ഓഫീസറേയും നിലവിലെ സെക്ഷൻ ഓഫീസറെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ കാണാതായെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്ത നിലവിലെ സെക്ഷൻ ഓഫീസറാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാൾ. 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനിൽ നിന്ന് നഷ്ടമായത്.ഇതിൽ പിജി സർട്ടിഫിക്കറ്റുകളുടെ കാര്യത്തിലാണ് നടപടി.
ഇദ്ദേഹം ജൂൺ 2 നാണ് പിഡി 5 സെക്ഷനിൽ സെക്ഷൻ ഓഫീസറായി ചുമതലയേറ്റത്. 10 പ്രവർത്തി ദിനങ്ങൾക്ക് ശേഷം ജൂൺ 15 ന് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിവരം ഇദ്ദേഹം കണ്ടെത്തി.അന്നു തന്നെ ഇദ്ദേഹം വിവരം പരീക്ഷാ കൺട്രോളറെ അറിയിച്ചിരുന്നു. അതേസമയം കാണാതായ ഹോളോഗ്രാം ഉള്ള രണ്ട് സർട്ടിഫിക്കറ്റുകൾ സെക്ഷനിലെ ഒരു താത്കാലിക ജീവനക്കാരിയുടെ മേശവലിപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കുമോയെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുമില്ല. സംഭവത്തില്‍ ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിശദ അന്വേഷണം നടത്തുെമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
എംജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 ബിരുദ-പിജി സർട്ടിഫിക്കറ്റുകൾ കാണാതായി
കാണാതായ 54 സർട്ടിഫിക്കറ്റ് ഫോർമാറ്റുകളും അസാധുവാക്കും.സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ പോലീസിൽ പരാതി നൽകാനും അധികൃതര്‍ തീരുമാനിച്ചു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കും.
ബാർ കോഡും ഹോളോഗ്രാമും പതിച്ച സർട്ടിഫിക്കറ്റുകളാണ് കാണാതായത്. ഈ ഫോർമാറ്റുകളിൽ വിദ്യാർത്ഥിയുടെ വിവരങ്ങളും രജിസ്റ്റർ നമ്പറും ചേർത്ത് വൈസ് ചാൻസലറുടെ ഒപ്പ് പതിച്ചാൽ സർട്ടിഫിക്കറ്റ് തയാറാകും. ഫോർമാറ്റുകൾ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകൾ തയാറാക്കാനുമാകും.
രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായത് ദുരൂഹമാണ്. സെക്ഷൻ ഓഫീസർക്കാണ് ഈ ഫോർമാറ്റുകൾ സൂക്ഷിക്കാനുള്ള ചുമതല. 500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിക്കുന്നത്. ഒരാഴ്ച മുൻപ് ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ സൂക്ഷിക്കുന്ന സെക്ഷനിലെ രജിസ്റ്റർ കാണാതായിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശയ്ക്കുള്ളിൽ സർട്ടിഫിക്കറ്റിന്റെ രണ്ട് ഫോർമാറ്റുകൾ കണ്ടെത്തി. അതോടെയാണ് കൂടുതൽ അന്വേഷണം തുടങ്ങിയത്. ഫോർമാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോൾ 54 എണ്ണം ഇല്ലെന്ന് ബോധ്യമായി.
What's Your Reaction?