ഗോകുലം റെയ്ഡ്: 1000 കോടിയുടെ ഫെമ നിയമലംഘനത്തിന്‌‍റെയും അനധികൃത ഇടപാടുകളുടെയും അടിസ്ഥാനത്തിലെന്ന് ഇഡി

Apr 4, 2025 - 18:47
 0
ഗോകുലം റെയ്ഡ്: 1000 കോടിയുടെ ഫെമ നിയമലംഘനത്തിന്‌‍റെയും അനധികൃത ഇടപാടുകളുടെയും അടിസ്ഥാനത്തിലെന്ന് ഇഡി
പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യുന്നു. കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിനു സമീപത്തെ കോർപറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഗോകുലം ഓഫീസുകളിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്. നിലവിൽ 5 ഇടത്താണ് റെയ്ഡ് നടത്തുന്നത്.

ചെന്നൈ കോടമ്പാക്കത്തെ ഗോകുലത്തിന്റെ ധനകാര്യ സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ടും കൊച്ചിയിലും ഇ ഡി ഉദ്യോഗസ്ഥരെത്തിയത്. കോഴിക്കോട് നഗരത്തിലെ ഗോകുലത്തിന്റെ വിവിധ സ്ഥാപനങ്ങളിലും ഒരേ സമയം പരിശോധന നടക്കുന്നുണ്ട്. ചെന്നൈയിലെ വീട്ടിലും റെയ്‌ഡുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് ഇഡിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഏതാനും ദിവസങ്ങൾ‌ക്ക് മുൻപ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപമായി വന്നിരുന്നു. ആ തുക എവിടെ നിന്നാണ് വന്നത്. ഒരാളിൽ നിന്നാണോ തുക വന്നതെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് ചോദിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

ഇപ്പോഴത്തെ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും എമ്പുരാൻ സിനിമയുമായി ബന്ധമില്ലെന്നാണ് ഇ ഡി പറയുന്നത്. ഗോകുലം ഗോപാലനും അദ്ദേഹത്തിന്റെ കമ്പനിയായ ശ്രീ ഗോപാലൻ ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡും ഉൾപ്പെട്ട ഫെമ കേസിലാണ് റെയ്ഡെന്നും ഇഡി പറയുന്നു. എൻആർഐകളുമായി 1000 കോടി രൂപയുടെ വിവിധ ഫെമ വ്യവസ്ഥകളുടെ ലംഘനവും മറ്റ് അനധികൃത ഇടപാടുകളും സംബന്ധിച്ചാണ് കേസ്. പിഎംഎൽഎ പ്രകാരം ശ്രീ ഗോപാലൻ ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡിനെതിരെ രജിസ്റ്റർ ചെയ്ത വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കേസുകളും മറ്റൊരു കേസിൽ പരിശോധിക്കുന്നുണ്ടെന്ന് ഇഡി പറയുന്നു.

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ നിന്നും നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയതോടെയാണ് ഗോകുലം ഗോപാലൻ നിർമാതാവായെത്തിയത്. എമ്പുരാൻ കഴിഞ്ഞ ദിവസം 200 കോടി ക്ലബിൽ ഇടംനേടിയിരുന്നു. കളക്ഷനിൽ റെക്കോഡുകൾ തകർത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്.

എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയിൽ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാർ സംഘടനകൾ ഉന്നയിച്ചത്. ശക്തമായ സമ്മര്‍ദത്തെ തുടർന്ന് നിർമാതാക്കൾ തന്നെ ഇടപെട്ട് 24 കട്ടുകൾ വരുത്തിയിരുന്നു. വിവാദ ഭാഗങ്ങളിൽ ചിലത് ഒഴിവാക്കി റീ -സെൻസറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow