ഏകീകൃത കുര്‍ബാന നടപ്പിലാക്കണം; പള്ളിക്കും വികാരിക്കും പൊലീസ് സംരക്ഷണം നല്‍കണം; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

Apr 4, 2024 - 15:05
 0
ഏകീകൃത കുര്‍ബാന നടപ്പിലാക്കണം; പള്ളിക്കും വികാരിക്കും പൊലീസ് സംരക്ഷണം നല്‍കണം;   നിലപാട് കടുപ്പിച്ച് ഹൈക്കോടതി

സീറോ – മലബാര്‍ സഭ സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നും ആവശ്യമെങ്കില്‍ പള്ളി വികാരിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി. കാക്കനാട് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി വികാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ സുപ്രധാന വിധി പ്രസ്താവിച്ചത്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ പള്ളി വികാരി ആന്റണി മാങ്കുറി തേടിയിരുന്നു. ഈ കേസ് പരിഗണിച്ചാണ് പള്ളിയില്‍ സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നും പള്ളിവികാരിക്ക് സംരക്ഷണം നല്‍കണമെന്നും കോടതി വിധിച്ചത്.

മൂന്നുമാസമായി കുര്‍ബാന ഇല്ലാതിരുന്ന പള്ളി തുറക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ 150 പേജുകളുള്ള പ്രതിഭാഗത്തിന്റെ റിട്ട് ഹര്‍ജി നിലനില്‍ക്കുന്നതല്ല..

കാക്കനാട് പള്ളിക്കും ഇടവക വികാരിക്കും പള്ളിയിലെ ഇതര ശുശ്രൂഷകള്‍ക്കും അവശ്യമായ പൊലീസ് സുരക്ഷ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. 22 പേരോളം പ്രതികളായ കേസില്‍ പ്രതിഭാഗത്തിന്റെ ജനാഭിമുഖ കുര്‍ബാനയ്ക്ക് വേണ്ടിയുള്ള വാദം നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗം വക്കീലിനെ കുറ്റപ്പെടുത്തിയും ശാസിച്ചുമാണ് വിധി പൂര്‍ത്തിയായത്. പ്രതിഭാഗം ഉന്നയിച്ച യാതൊരു യാതൊരു വാദങ്ങളും കോടതി അംഗീകരിച്ചില്ല. വെട്ടൂര്‍ അസോസിയേറ്റ്സ് എബ്രഹാം മാത്യുവും ജോസി മാത്യുമാണ് വാദി ഭാഗത്തിനു വേണ്ടി ഹാജരായത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവിഭാഗമായ അല്‍മായ മുന്നേറ്റം പുറമേ നിന്നു വന്ന് കുര്‍ബാന നിര്‍ത്തിയ പള്ളി കൂടിയാണ് കാക്കനാട് ഇടവക ദേവാലയം. മാര്‍പാപ്പയും സിറോ മലബാര്‍ സഭയും അംഗീകരിച്ചതുമായ കുര്‍ബാന അര്‍പ്പിച്ചിരുന്ന ഇടവക പള്ളി ആയിരുന്നു കാക്കനാട് ഇടവക ദേവാലയം.

നേരത്തെ, എറണാകുളം – അങ്കമാലി അതിരൂപതിയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കിയേ തീരൂയെന്നാണ് സിനഡ് നിലപാടെന്ന് വ്യക്തമാക്കി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സര്‍ക്കുലറിനൊപ്പം മുഴുവന്‍ മെത്രാന്‍മാരും ഒപ്പിട്ട എറണാകുളം – അങ്കമാലി അതിരൂപതയോടുള്ള അഭ്യര്‍ത്ഥനയുമുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ചയും എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വിമത വിഭാഗത്തിന് കോടതിയില്‍ നിന്നും തിരച്ചടി നേരിട്ടിരുന്നു. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ എറണാകുളം അഡീ. മുന്‍സിഫ് കോടതി ഉത്തരവിട്ടതാണ് വിമതന്‍മാര്‍ക്ക് തിരിച്ചടിയായത്. 486 ദിവസങ്ങള്‍ക്കു ശേഷമാണ് സെയ്ന്റ് മേരീസ് ബസിലിക്ക തുറക്കുന്നത്. ഇതോടെ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വര്‍ഗീസ് മണവാളന്റെ നേതൃത്വത്തില്‍ പള്ളി തുറന്നത്. കുര്‍ബാന ഒഴികെ മറ്റ് കര്‍മങ്ങളും കൂദാശകളും നടത്താന്‍ കോടതി അനുമതിയുണ്ട്. അതോടൊപ്പം ഉയിര്‍പ്പ് തിരുനാളിന് മാര്‍പാപ്പ അംഗീകരിച്ച സിനഡ് കുര്‍ബാന നടത്താനുള്ള സാധ്യതകളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച നടത്താനും കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉയിര്‍പ്പ് തിരുനാളില്‍ സിനഡ് കുര്‍ബാന പള്ളിയില്‍ നടന്നിരുന്നു.
വിമതന്‍മാര്‍ ആക്രമണം അഴിച്ചുവിടാതിരിക്കാന്‍ പൊലീസ് സംരക്ഷണവും പള്ളിക്ക് നല്‍കിയിരുന്നു. 2022-ലെ ക്രിസ്മസ് തിരുപ്പിറവി ചടങ്ങുകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബസിലിക്ക അടച്ച് പൂട്ടി ഇട്ടിരുന്നത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി പൊലീസ് ഇടപെട്ടാണ് പള്ളി പൂട്ടിയത്. തുടര്‍ന്ന് താക്കോല്‍ അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കുകയും ചെയ്തു. സിനഡ് കുര്‍ബാന അര്‍പ്പിക്കുകയാണെങ്കില്‍ മാത്രമേ ബസിലിക്ക തുറക്കാന്‍ അനുവദിക്കൂവെന്ന നിലപാട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ചു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

തുടര്‍ന്നാണ് ബസിലിക്ക ഇടവകയിലെ അഞ്ച് വിശ്വാസികള്‍ എറണാകുളം മുന്‍സിഫ് കോടതിയെ സമീപിക്കുന്നത്. ഒടുവിലാണ് പള്ളി തുറക്കാന്‍ കോടതി അനുമതി ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ.യ്ക്ക് കോടതി കൈമാറിയിരുന്നു. പള്ളിയിലെ ആരാധകക്രമത്തിന് മുടക്കം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊലീസ് തടയണമെന്നും നിര്‍ദേശമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow