WFI Controversy: ലൈംഗികാതിക്രമ ആരോപണം; ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്
WFI Controversy: വനിതാ ഗുസ്തിതാരങ്ങളുടെ പരാതിയിന്മേൽ കൊണാട്ട് പ്ലേസ് പോലീസ് സ്‌റ്റേഷനിൽ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
ലൈംഗികാതിക്രമ ആരോപണങ്ങളിൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ് (Delhi Police). വനിതാ ഗുസ്തിതാരങ്ങളുടെ പരാതിയിന്മേൽ കൊണാട്ട് പ്ലേസ് പോലീസ് സ്‌റ്റേഷനിൽ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പരാതികളിൽ ഒന്ന് പ്രായപൂർത്തിയാകാത്തയാളുടേതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ബ്രിജ് ഭൂഷണെതിരെ കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷണം (പോക്‌സോ) നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. മറ്റ് പരാതികളിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനാണ് രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ മുൻനിര ഗുസ്തിക്കാരായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവർ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധം ശക്തമാക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുന്നതുവരെ ഡൽഹിയിലെ ജന്തർ മന്തറിലെ സമരസ്ഥലം വിട്ടുപോകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇയാൾക്കെതിരെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തത്. ഇയാൾക്കെതിരായ ലൈംഗികാരോപണങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് ആരോപിച്ച് ഏഴ് വനിതാ ഗുസ്തിക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കേസിൽ എഫ്‌ഐആർ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുമെന്ന് വെള്ളിയാഴ്ച ഡൽഹി പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു.
What's Your Reaction?