സീറോ ബഫർസോൺ ഭൂപടവും റിപ്പോർട്ടും പ്രസിദ്ധീകരിച്ചു; പിന്നാലെ വെബ്സൈറ്റ് പ്രവർത്തനരഹിതമായി

Dec 23, 2022 - 04:13
 0
സീറോ ബഫർസോൺ ഭൂപടവും റിപ്പോർട്ടും പ്രസിദ്ധീകരിച്ചു; പിന്നാലെ വെബ്സൈറ്റ് പ്രവർത്തനരഹിതമായി

സീറോ ബഫർ സോൺ ഭൂപടവും റിപ്പോർട്ടും സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കിയാണ് ജനങ്ങൾ പരാതി നൽകേണ്ടത്. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സർക്കാർ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി. കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്‌നമായത്. വെബ്സൈറ്റിന്റെ തകരാർ ഉടൻ പരിഹരിക്കുമെന്ന് പി ആർ ഡി അറിയിച്ചു.

സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ബഫർ സോൺ ഭൂപടത്തിൽ ഒരോ മേഖലക്ക് ഓരോ നിറമാണ് നൽകിയിരിക്കുന്നത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല നിറവും നൽകിയിട്ടുണ്ട്. 17 ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഭൂപടമാണ് വെബ്സൈറ്റിലുള്ളത്.

സുൽത്താൻ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫർ മേഖലയിൽ ആണ്. വയനാട്, കോഴിക്കോട് ജില്ലകളിലെ 7 പഞ്ചായത്തുകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട്, ചക്കിട്ടപാറ മേഖലകൾ ബഫർ സോണിലാണ്. ഓരോ വില്ലേജിലെയും പ്ലോട്ട് തിരിച്ചുള്ള വിവരം മാപ്പിൽ ലഭ്യമാണ്. ബഫർ സോണിൽ ഇത്രയേറെ ജനവാസ കേന്ദ്രങ്ങൾ ഉണ്ടെന്നു കോടതിയെ അറിയിക്കാൻ ആണ് ശ്രമം എന്നാണ് സർക്കാർ വിശദീകരണം. മാപ്പിൽ ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടാലും ആശങ്ക വേണ്ടെന്നും സർക്കാർ അറിയിച്ചു.

അതേസമയം ബഫർ സോൺ വിഷയത്തിൽ സർക്കാർ നിലപാടിൽ കൺഫ്യൂഷൻ വേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചതാണ്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ല. ജനവാസ മേഖലകളെ ഒഴിവാക്കും എന്ന് മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതതാണെന്ന് മന്ത്രി പറഞ്ഞു.

ഉപഗ്രഹ സർവ്വേ കോടതി ആവശ്യപ്പെട്ടാൽ നൽകാൻ കഴിയില്ല എന്ന് നിലപാടെടുക്കാൻ കഴിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജനവാസ മേഖലകൾ കോടതിയെ അറിയിക്കുകയാണ് ചെയ്യുന്നത്. സർക്കാർ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കും. കോടതിയിൽ കക്ഷി ചേരാനുള്ള നടപടി സ്വീകരിക്കും. ഫീൽഡ് സർവ്വേ ഏറ്റവും വേഗതയിൽ നടക്കും. സർവ്വേ എങ്ങനെ വേണം എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ട്രെയിനിങ്ങ് നൽകും. 26 മുതൽ സർവ്വേ തുടങ്ങും. ഭൂമി തരം മാറ്റൽ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

 

എന്നാൽ പരാതികളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കൊല്ലത്ത് പറഞ്ഞു. ഏഴാം തീയതി വരെ പരാതികൾ സ്വീകരിക്കും. ഓരോ പഞ്ചായത്തുകളിലും വളരെ കുറച്ച് പരാതികൾ മാത്രമേ ഉണ്ടാകൂ എന്നാണ് കരുതുന്നത്. സർക്കാറിന് ആശയക്കുഴപ്പമില്ല. ആകാശ സർവ്വേ നടത്താതിരിക്കാൻ കഴിയുമായിരുന്നോ എന്ന് പ്രതിപക്ഷം പറയണമെന്നും മന്ത്രി പറഞ്ഞു.

ആകാശ സർവ്വേ കോടതി നിർദ്ദേശപ്രകാരം നടത്തിയതാണെന്ന് മന്ത്രി പറഞ്ഞു. പതിനൊന്നാം തീയതി കോടതി കേസ് പരിഗണിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പരിഗണിച്ചാലും കൈവശമുള്ള എല്ലാ റിപ്പോർട്ടുകളും കോടതിയിൽ സമർപ്പിക്കും. കേരളത്തിൻറെ വാദമുഖങ്ങൾ വിജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ആകാശ സർവേയിൽ അപാകതകൾ ഉണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ആകും. ബഫർസോൺ പരിധി നിശ്ചയിച്ചിട്ടില്ല. 0 to 1 മേഖലയിൽ വീടുണ്ടെങ്കിലും ആ നിർമ്മാണം ബഫർസോണിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow