അമിത ആത്മവിശ്വാസം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌

Uttar Pradesh Chief Minister Yogi Adityanath says overconfidence toppled BJP’s expectations in the 2024 Lok Sabha Elections.

Jul 15, 2024 - 19:13
 0
അമിത ആത്മവിശ്വാസം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌

അമിത ആത്മവിശ്വാസം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയായെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരാനിരിക്കുന്ന നിയമസഭാ-ഉപതെരഞ്ഞെടുപ്പുകള്‍ക്കായി പ്രവര്‍ത്തകര്‍ മികച്ച തയ്യാറെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ ഭീംറാവു അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വീണ്ടും ബിജെപി വിജയക്കൊടി പാറിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ’’ സംസ്ഥാനത്തെ 10 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പിനും 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമായി എല്ലാവരും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്,’’ അദ്ദേഹം പറഞ്ഞു.

“സംസ്ഥാനത്ത് ബിജെപിയുടെ പതാക ഒരിക്കല്‍ കൂടി ഉയര്‍ത്തണം. ബിജെപി നേതാക്കളും പ്രവര്‍ത്തകരും സജീവമായി പ്രവര്‍ത്തിക്കണം. സോഷ്യല്‍ മീഡിയയിലും സജീവമാകണം. ഇപ്പോള്‍ പ്രചരിക്കുന്ന കിംവദന്തികളില്‍ വീഴരുത്,” യോഗി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന് നിരന്തരമായ സമ്മര്‍ദ്ദം നല്‍കാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2014, 2017, 2019, 2022 തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാനും പാര്‍ട്ടിയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായ വോട്ട് 2024ലും ബിജെപി നേടി. എന്നാല്‍ വോട്ടുവിഹിതത്തിലുണ്ടായ വ്യതിയാനവും അമിത ആത്മവിശ്വാസവും പാര്‍ട്ടി പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

“നിങ്ങളുടെ പിന്തുണയോടെ ഇന്ന് യുപിയെ മാഫിയ വിമുക്ത സംസ്ഥാനമാക്കി മാറ്റിയിരിക്കുന്നു. കൂടാതെ രാംലല്ലയെ അയോധ്യയിലെത്തിച്ച് 500 വര്‍ഷത്തെ കാത്തിരിപ്പും അവസാനിപ്പിച്ചിരിക്കുന്നു,” യോഗി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു." സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നതില്‍ പ്രതിപക്ഷവും വിദേശ ശക്തികളും വിജയിച്ചിരിക്കുന്നു. ഒരു ദേശീയ ദൗത്യത്തിനായി നിലകൊള്ളുന്നവരാണ് നമ്മള്‍. സോഷ്യല്‍ മീഡിയയില്‍ എന്താണ് നടക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ അറിയണം. കിംവദന്തികളെ ഉടന്‍ തള്ളിക്കളയണം," യോഗി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow