Draupadi Murmu| ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനാർഥിയാകുന്ന ആദ്യ വനിത; ദ്രൗപദി മുർമു

ഒഡീഷയിലെ സന്താൾ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ദ്രൗപദി മുർമു. 20 വർഷത്തിലേറെയായി പൊതുരംഗത്തുള്ള അവർ മുൻപ് ഒരിടവേള അധ്യാപികയായും പ്രവർത്തിച്ചു

Jun 23, 2022 - 05:41
 0
Draupadi Murmu| ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനാർഥിയാകുന്ന ആദ്യ വനിത; ദ്രൗപദി മുർമു

ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ ഗവർണർ എന്ന നിലയിൽ ചരിത്രത്തിന്റെ ഭാഗമായി മാറിയ വ്യക്തിയാണ് ദ്രൗപദി മുർമു (Draupadi Murmu). എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായതോടെ മറ്റൊരു ചരിത്ര നിയോഗത്തിന്റെ അരികിലാണ് ഒഡീഷയിൽ നിന്നുള്ള ഈ നേതാവ്. ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനാർഥിയാകാൻ അവസരം ലഭിച്ച ആദ്യ വനിതയായി അവർ മാറി.


    ഒഡീഷയിലെ സന്താൾ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ദ്രൗപദി മുർമു. 1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിലാണ് ജനനം. പിതാവ് ബിരാൻചി നാരായൺ ടുഡു. ഭുവനേശ്വറിലെ രമാദേവി വനിതാ കോളജിൽ നിന്ന് ബിരുദം നേടിയ ദ്രൗപദി ഒഡീഷ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും രൈരാനഗറിലെ ശ്രീ അരവിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഹോണററി അസിസ്റ്റന്റ് ടീച്ചറായും പ്രവർത്തിച്ചു. പരേതനായ ശ്യാം ചരൺ മുർമുവാണ് ഭർത്താവ്. രണ്ട് ആൺമക്കളും ഒരു മകളുമായിരുന്നു മുർമുവിന്. ഇതിൽ ആൺമക്കൾ മരിച്ചു.


    ബിജെപിയിലൂടെയാണ് ദ്രൗപദി മുർമു പൊതുരംഗത്തേക്ക് എത്തിയത്. 20 വർഷത്തിലേറെയായി പൊതുരംഗത്തുള്ള അവർ മുൻപ് ഒരിടവേള അധ്യാപികയായും പ്രവർത്തിച്ചു. 1997 ൽ രായിരനഗ്പുർ ജില്ലയിലെ കൗൺസിലറായാണ് രാഷ്ട്രീയ രംഗപ്രവേശം. അതേവർഷം തന്നെ ഒഡീഷയിലെ ഷെഡ്യൂൾഡ് ട്രൈബ്സ് മോർച്ച വൈസ് പ്രസിഡന്റായി. 2002 മുതൽ 2009 വരെയും 2013 ലും ബിജെപി മയൂർഭഞ്ജ് ജില്ലാ പ്രസിഡന്റായി. ഒഡീഷ നിയമസഭയിൽ രായിരനഗ്പുരിനെ പ്രതിനിധീകരിച്ചു. 2013 ൽ ബിജെപിയുടെ എസ്‌ടി മോർച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി.



    2000 മുതൽ 2002 വരെ നവീൻ പട്നായിക് നേതൃത്വം നൽകിയ ബിജു ജനതാദൾ- ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായും 2002 ഓഗസ്റ്റ് ആറു മുതൽ 2004 മേയ് 16 വരെ ഫിഷറീസ് - മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. ജാർഖണ്ഡിലെ ഗവർണർ ആയി (2015–2021) പ്രവർത്തിച്ചിട്ടുണ്ട്. ഒഡീഷ നിയമസഭയിൽ അംഗമായിരിക്കെ 2007 ൽ മികച്ച നിയമസഭാംഗത്തിനുളള പണ്ഡിറ്റ് നീലകണ്ഠ പുരസ്കാരം നേടി.

    നരേന്ദ്ര മോദിയുമായും ആർഎസ്എസ് നേതൃത്വവുമായും എൻഡിഎ ഘടകകക്ഷി നേതാക്കളുമായും മികച്ച ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ്.

    'ഗോത്രവിഭാഗത്തിൽ നിന്ന് രാഷ്ട്രപതി'

    ഗോത്രവിഭാഗത്തിൽ നിന്നുള്ള രാഷ്ട്രപതി വേണമെന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യമുള്ളതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. 2017 ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എൻഡിഎ സ്ഥാനാർഥി പരിഗണനാ പട്ടികയിൽ ദ്രൗപദി മുർമു ഇടം നേടിയിരുന്നു. അന്ന് ലഭിക്കാതെ പോയ നിയോഗമാണ് അഞ്ചുവർഷത്തിനിപ്പുറം ദ്രൗപദിയെ തേടിയെത്തിയത്. ഗോത്രവിഭാഗക്കാരിയായ മുർമുവിനെ രാജ്യത്തെ പരമോന്നത പദവിയിലേക്കുള്ള സ്ഥാനാർഥിയാക്കിയതിലൂടെ ചരിത്രപരമായ തീരുമാനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന് നേതൃത്വം നൽകുന്ന ബിജെപി കൈക്കൊള്ളുന്നതും.

    പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ്, സംഘടനാ ചുമതലയുള്ള സെക്രട്ടറി ബി എൽ സന്തോഷ് തുടങ്ങിയവർ പങ്കെടുത്ത ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ ഇരുപതോളം പേരുടെ പട്ടികയാണ് പരിഗണിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷമാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള വനിതാ സ്ഥാനാർഥി എന്ന ഉറച്ച തീരുമാനത്തിലേക്ക് ബിജെപി പാർലമെന്ററി പാർട്ടി യോഗം എത്തിയത്.



    രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയം ഉറപ്പാക്കാൻ എൻഡിഎക്കു പുറത്തുനിന്നുള്ള കക്ഷികളുടെ പിന്തുണ കൂടി വേണ്ട സാഹചര്യമാണുള്ളത്. ഒഡീഷയിൽ നിന്നുള്ള ദ്രൗപദി മുർമുവിനെ രംഗത്തിറക്കുന്നതിലൂടെ ഒഡീഷ ഭരിക്കുന്ന ബിജു ജനതാദളിന്റെയും മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെയും പിന്തുണ ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

    ഒഡീഷയിലേതു പോലെ ആന്ധ്രയിലും മുർമു ഉൾപ്പെടുന്ന സന്താൾ ഗോത്രവിഭാഗം സജീവ സാന്നിധ്യമായതിനാൽ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിന്തുണ ഉറപ്പാക്കാനും ഈ നീക്കത്തിലൂടെ ബിജെപിക്കാകും. എംപിമാർ, എംഎൽഎമാർ തുടങ്ങിയവർക്ക് ജനസംഖ്യാനുപാതികമായി ലഭിക്കുന്ന മൊത്തം വോട്ടുമൂല്യത്തിൽ (എകദേശം 10,86,000) ദേശീയ ജനാധിപത്യ സഖ്യത്തിലെ എല്ലാ കക്ഷികളെ ഉൾപ്പെടുത്തിയാലും ജയിക്കാൻ 29,000 വോട്ടിന്റെ കുറവുണ്ട്. ഇത് ആധികാരികമായി മറികടക്കാൻ ബിജെഡിയുടെയും മറ്റും പിന്തുണ സഹായിക്കും.

    Also Read- Yashwant Sinha President Candidate| യശ്വന്ത് സിൻഹ രാഷ്ട്രപതി സ്ഥാനാർഥി: പിന്തുണയുമായി 17 പ്രതിപക്ഷ പാർട്ടികൾ

    രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊപ്പം പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ചത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളിൽ പിന്തുണ വിപുലമാക്കാനും ഈ രാഷ്ട്രീയ തീരുമാനത്തിലൂടെ ബിജെപിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് 15ന് രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് ഗോത്ര വിഭാഗത്തിൽ നിന്നുള്ള വനിതാ രാഷ്ട്രപതിയെ അവതരിപ്പിക്കുക എന്ന വേറിട്ട രാഷ്ട്രീയ നയചാതുര്യത്തിനും ഈ നീക്കത്തിലൂടെ ബിജെപിക്കും നരേന്ദ്ര മോദിക്കുമായി.

    What's Your Reaction?

    like

    dislike

    love

    funny

    angry

    sad

    wow