Maharashtra Crisis | മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ്; മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായി പങ്കെടുക്കുന്നു
കടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇപ്പോൾ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
കടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇപ്പോൾ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഈ യോഗത്തിൽവെച്ച് ഉദ്ദവ് താക്കറെ രാജിപ്രഖ്യാപനം നടത്തുമെന്നാണ് വിവരം. ഔദ്യോഗികമായി വൈകിട്ട് അഞ്ച് മണിക്കുശേഷം മന്ത്രിസഭ രാജിവെക്കുമെന്നാണ് വിവരം. അതിനിടെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയെയും കോവിഡ് ലക്ഷണങ്ങളോടെ ബുധനാഴ്ച മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുവാഹത്തിയിൽ ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പം ബിജെപി എംഎൽഎയും ഉണ്ടെന്ന് മഹാരാഷ്ട്രയിലെ ഒരു മന്ത്രി വെളിപ്പെടുത്തി. ബിജെപി എംഎൽഎ സഞ്ജയ് കുട്ടെ ഷിൻഡെയുടെയും വിമത എംഎൽഎമാർക്കൊപ്പമാണ് താമസിക്കുന്നതെന്ന് ജലവിഭവ സഹമന്ത്രിയും പ്രഹർ ജനശക്തി പക്ഷ നേതാവുമായ ബച്ചു കടു ഒരു വാർത്താ ചാനലിനോട് ഫോണിൽ പറഞ്ഞു. 'ബിജെപിയുടെ സഞ്ജയ് കുട്ടേ ഞങ്ങൾക്കൊപ്പമുണ്ട്. ഗുവാഹത്തിയിലെ ശിവസേനയുടെ എല്ലാ വിമത എംഎൽഎമാർക്കും ചില സ്വതന്ത്രർക്കുമൊപ്പം അദ്ദേഹം സദാസമയവുമുണ്ട്.
ഒരു ദിവസം മുമ്പ്, ഷിൻഡെയെയും മറ്റ് വിമത എംഎൽഎമാരെയും മുംബൈയിൽ നിന്ന് കടന്ന ശേഷം അവർ താമസിച്ചിരുന്ന സൂറത്തിലെ ഹോട്ടലിൽ വെച്ച് കുട്ടെയെ കണ്ടിരുന്നു. മുതിർന്ന സേനാ നേതാവും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ ഷിൻഡെയെയും ഒരു സംഘം വിമത ശിവസേന എംഎൽഎമാരെയും ബുധനാഴ്ച പുലർച്ചെ സൂറത്തിൽ നിന്ന് ഗുവാഹത്തിയിലേക്ക് കൊണ്ടുപോയി. അതേസമയം, 40 എംഎൽഎമാർ ഷിൻഡെക്കൊപ്പമുണ്ടെന്നും ഉച്ചയോടെ അവരുടെ എണ്ണം 46 ആയി ഉയരുമെന്നും ശിവസേന എംഎൽഎ സഞ്ജയ് ഷിർസാത്ത് അവകാശപ്പെട്ടു. ഷിൻഡെയെ അനുഗമിക്കുന്ന ഷിർസാത്ത് ഔറംഗബാദ് (പശ്ചിമ) മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ്.
“ഇവിടെ (ഗുവാഹത്തിയിൽ) ശിവസേനയുടെ 35 എംഎൽഎമാരും അഞ്ച് സ്വതന്ത്രരും ഞങ്ങളോടൊപ്പം ഉണ്ട്. ഇന്ന് ഉച്ചയോടെ ഈ എണ്ണം 46 ആയി ഉയരും. ഇവരിൽ 40 പേർ ശിവസേനയുടെ (അഞ്ച് എംഎൽഎമാർ കൂടി) ആയിരിക്കും. അവർ മഹാരാഷ്ട്രയിലെ ഏത് മേഖലയിൽ നിന്നുള്ളവരാണെന്ന് എനിക്ക് പറയാനാവില്ല, എനിക്ക് ആ അധികാരമില്ല, ”അദ്ദേഹം ഒരു മറാത്തി വാർത്താ ചാനലിനോട് പറഞ്ഞു. വിമത സേന എംഎൽഎമാർക്ക് പാർട്ടി നേതൃത്വത്തോട് ദേഷ്യമില്ലെന്നും എന്നാൽ മറ്റ് എംവിഎ സഖ്യകക്ഷികളായ കോൺഗ്രസിനും എൻസിപിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏകനാഥ് ഷിൻഡെ തങ്ങളുടെ വളരെ നല്ല സുഹൃത്താണെന്നും അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നത് എളുപ്പമല്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്, മുംബൈയിൽ പറഞ്ഞു. 'വർഷങ്ങളായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. അവർക്ക് പാർട്ടി വിടുന്നത് എളുപ്പമല്ല, ഞങ്ങൾക്കും അവരെ വിടുന്നത് എളുപ്പമല്ല'- സഞ്ജയ് റാവത്ത് പറഞ്ഞു.
What's Your Reaction?