വിജയ് ബാബുവിന് ഇടക്കാല ജാമ്യം; അറസ്റ്റ് ഹൈക്കോടതി തടഞ്ഞു | Vijay Babu
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മറ്റന്നാള്‍ വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി ഉത്തരവ്. കേസ് വീണ്ടു മറ്റന്നാള്‍ കോടതി പരിഗണിക്കും. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന് വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നും ആരോപണവിധേയൻ നാട്ടില്‍ എത്തുകയെന്നതാണ് പ്രധാനമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.
നിലവില്‍ വിദേശത്ത് ഒളിവില്‍ താമസിക്കുകയാണ് വിജയ് ബാബു. വിദേശത്ത് നിന്ന് നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം നേരത്തേ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചത്.
നാട്ടിലെത്തുമെങ്കില്‍ അതിന് അറസ്റ്റ് താൽകാലികമായി തടയാമെന്ന് കോടതി നിര്‍ദേശിച്ചപ്പോൾ പ്രോസിക്യുഷന്‍ ഇതിനെ എതിര്‍ത്തു. എന്നാൽ പ്രോസിക്യൂഷന്‍റെ എതിർപ്പ് തള്ളിയ കോടതി വിജയ് ബാബുവിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞു. വ്യാഴാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പ്രതി നാട്ടിലെത്തുമ്പോള്‍ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശിച്ചു.
യുവനടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബു, പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയതോടെ ജോര്‍ജിയയിലേക്ക് പോയിരുന്നു. പിന്നീട് ദുബായില്‍ തിരിച്ചെത്തുകയും 30ന് നാട്ടിലെത്തുമെന്ന് കാണിച്ച് കോടതിയില്‍ യാത്രാരേഖയുടെ പകര്‍പ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യാത്ര ബുധനാഴ്ചത്തേക്ക് മാറ്റിയതായി പിന്നീട് അറിയിക്കുകയായിരുന്നു.
അതേസമയം വിജയ് ബാബുവിനെതിരായ കേസിൽ പൊലീസിനും പ്രോസിക്യൂഷനുമെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. കോടതിയുടെ സംരക്ഷണം ലഭിക്കാൻ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലർക്ക് താരമായിരിക്കും. കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബു. വാട്ട്സ്ആപ്പ് ചാറ്റുകൾ ഒക്കെ പ്രോസിക്യൂഷൻ നോക്കിയിരുന്നോ എന്നും കോടതി ആരാഞ്ഞു. വിജയ് ബാബു രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തുകയാണെങ്കിൽ താത്കാലിക സംരക്ഷണം നൽകാനാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നടൻ നാട്ടിൽ വരുന്നതിനെ പ്രോസിക്യൂഷൻ എന്തിന് എതിർക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യൻ നിയമത്തിന് വിധേയനാകാൻ അല്ലേ അയാൾ ശ്രമിക്കുന്നത്. വിജയ് ബാബു നാട്ടിൽ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും വേണ്ടത്. ചോദ്യം ചെയ്യലിന് ശേഷമേ മാത്രമേ നിയമപരമായി അറസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. പക്ഷേ ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കമ്മീഷണർ പറയുന്നത്. പൊലീസിന്‍റെ വിശ്വാസങ്ങൾ സംരക്ഷിക്കാനല്ല കോടതി, സാധാരണക്കാരന്‍റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ്. ആരെ കാണിക്കാനാണ് പൊലീസിന്‍റെ നാടകമെന്നും വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാനാണോ എന്നും പൊലീസിനോട് കോടതി ചോദിച്ചു.
What's Your Reaction?