ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവര്‍ തീവ്രവലതുപക്ഷമാകുമ്പോള്‍ അങ്ങേയറ്റം ജനപക്ഷമാകുകയാണ് പ്രതിപക്ഷം: വിഡി സതീശന്‍
ജനവിരുദ്ധതയും ധാര്‍ഷ്ട്യവുമാണ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (V.D Satheesan). തുടര്‍ ഭരണത്തിന് ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്ന അഹങ്കാരമാണ് ഭരണകര്‍ത്താക്കളെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്രഷറി പോലും അടച്ചിടേണ്ട അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിച്ചെന്ന ഭരണനേട്ടമാണ് ആറു വര്‍ഷംകൊണ്ട് പിണറായി സര്‍ക്കാരുണ്ടാക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി, ശമ്പളം നല്‍കില്ലെന്ന് ഭീഷണി സ്വരത്തില്‍ ഒരു മന്ത്രി കെ.എസ്.ആര്‍.ടി.സി ജീവനക്കാരോട് പറഞ്ഞതും ഈ സര്‍ക്കാരിന്റെ കാലത്താണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
പൊലീസിനെയും ഗുണ്ടകളെയും ഇറക്കി സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്നു വാശി പിടിക്കുന്നവരുടെ ലക്ഷ്യം വികസനമല്ല, കമ്മീഷന്‍ മാത്രമെന്ന് ജനത്തിന് ബോധ്യമായിട്ടുണ്ടെന്നും, പാവങ്ങളുടെ നാഭിക്ക് പൊലീസിനെക്കൊണ്ട് ചവിട്ടിച്ച ധാര്‍ഷ്ട്യത്തിനെതിരെ ജനം പ്രതികരിക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് കുറ്റിയിടല്‍ നിര്‍ത്തി ജി.പി.എസ് സര്‍വെ നടത്തുമെന്ന് സര്‍ക്കാരിന് ഉത്തരവിറക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച ലേഖനത്തിലാണ് ഇടത് സര്‍ക്കാരിനെ പ്രതിപക്ഷ വേതാവ് രൂക്ഷമായി വിമര്‍ശിച്ചത്.
പ്രതിപക്ഷ നേതാവിന്‍റെ ലേഖനം
ആധുനിക ലോകത്ത് ഓരോ മനുഷ്യനും പ്രസ്ഥാനങ്ങളും കൂട്ടായ്മകളും പൊളിറ്റിക്കലാകണം. ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവര്‍ തീവ്രവലതുപക്ഷമാകുമ്പോള്‍ അങ്ങേയറ്റം ജനപക്ഷമാക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. കേന്ദ്ര- സംസ്ഥാന ഭരണങ്ങളുടെ ജനവിരുദ്ധതയും തീവ്രവലത് പക്ഷ നിലപാടുകളേയും ചെറുക്കുന്നത് ഇങ്ങനെയാണ്. ജനാധിപത്യം, സോഷ്യലിസം, നിയമവാഴ്ച എന്നിവയില്‍ നിന്ന് വ്യതിചലിക്കാതെ വര്‍ഗീയതയോട് സന്ധിയില്ലാ സമരത്തിലാണ് യു.ഡി.എഫ്. പകല്‍ മതനിരപേക്ഷതയും രാത്രി വര്‍ഗീയ പ്രീണനവുമെന്ന എല്‍.ഡി.എഫ് അടവ്നയം യു.ഡി.എഫിനില്ല. ബി.ജെ.പിയുടെ ഏകശിലാ വര്‍ഗീയ ഭീകരതയോടും ഞങ്ങള്‍ക്ക് സന്ധിയില്ല.
ആധുനിക ലോകത്ത് ഓരോ മനുഷ്യനും പ്രസ്ഥാനങ്ങളും കൂട്ടായ്മകളും പൊളിറ്റിക്കലാകണം. ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവര്‍ തീവ്രവലതുപക്ഷമാകുമ്പോള്‍ അങ്ങേയറ്റം ജനപക്ഷമാക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. കേന്ദ്ര- സംസ്ഥാന ഭരണങ്ങളുടെ ജനവിരുദ്ധതയും തീവ്രവലത് പക്ഷ നിലപാടുകളേയും ചെറുക്കുന്നത് ഇങ്ങനെയാണ്. ജനാധിപത്യം, സോഷ്യലിസം, നിയമവാഴ്ച എന്നിവയില്‍ നിന്ന് വ്യതിചലിക്കാതെ വര്‍ഗീയതയോട് സന്ധിയില്ലാ സമരത്തിലാണ് യു.ഡി.എഫ്. പകല്‍ മതനിരപേക്ഷതയും രാത്രി വര്‍ഗീയ പ്രീണനവുമെന്ന എല്‍.ഡി.എഫ് അടവ്നയം യു.ഡി.എഫിനില്ല. ബി.ജെ.പിയുടെ ഏകശിലാ വര്‍ഗീയ ഭീകരതയോടും ഞങ്ങള്‍ക്ക് സന്ധിയില്ല.
കടമെടുത്ത് ശ്രീലങ്കയുടെ വഴിയേ
കേരളത്തിന്റെ മൊത്തം കടം 4 ലക്ഷം കോടിയിലേക്ക് അടുക്കുകയാണ്. ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. 25 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്നും എടുക്കണമെങ്കില്‍ ധനകാര്യ വകുപ്പിന്റെ അനുമതി വേണം. പൂര്‍ണമായ ഭരണസ്തംഭനമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് ധവളപത്രം പ്രസിദ്ധീകരിക്കണം. സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലാണ് വരേണ്യവര്‍ഗത്തിന് വേണ്ടി രണ്ട് ലക്ഷം കോടി രൂപ മുടക്കി കമ്മീഷന്‍ റെയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ എന്ത് യുക്തിയും കമ്മ്യൂണിസവുമണുള്ളത്? മോശമാകുന്ന സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പ്രതിപക്ഷം പല തവണ മുന്നറിയിപ്പ് നല്‍കിയതാണ്. അതൊന്നും ചെവിക്കൊള്ളാതെ നികുതി പിരിവില്‍ വീഴ്ച വരുത്തി വീണ്ടും വീണ്ടും കടമെടുത്ത് ധൂര്‍ത്തടിക്കുകയും വന്‍കിട പദ്ധതികളിലെ കമ്മീഷന്‍ മാത്രം ലക്ഷ്യം വച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. വരുമാനമില്ലാതെയും അനാവശ്യ ചെലവുകളിലൂടെയും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയില്‍ ഏത് ഘട്ടം വരെ പോയിയെന്നത് നമുക്ക് മുന്നിലുള്ള ഉദാഹരണമാണ്. സില്‍വര്‍ ലൈന്‍ നിലവില്‍ വന്നാല്‍ കേരളം ശ്രീലങ്കയുടെ അവസ്ഥയിലെത്തും.
സില്‍വര്‍ ലൈനിലെ 'അഴിമതി ലൈന്‍'
സില്‍വര്‍ ലൈനല്ല, കമ്മീഷന്‍ റെയിലാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ജപ്പാനിലെ ജൈക്കയില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് കമ്മീഷന്‍ തട്ടാനുള്ള ഗൂഢശ്രമമാണ് പദ്ധതിക്ക് പിന്നില്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രാചരണത്തിന് ഇറങ്ങിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനരോഷം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കല്ലിടേണ്ടെന്ന ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവിന് വിരുദ്ധമായി, വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള കൗശലമായിരുന്നു കല്ലിടല്‍. കല്ലിടുന്ന ഭൂമിയില്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ പോലും ഒരു ബാങ്കും ലോണ്‍ കൊടുക്കില്ല. അത് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുമെന്നതു കൊണ്ടാണ് കല്ലിടരുതെന്ന് യു.ഡി.എഫ് പറഞ്ഞത്. എന്നാല്‍ എന്ത് എതിര്‍പ്പുണ്ടായാലും കല്ലിടുമെന്ന ധിക്കാരം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കല്ലിടുന്നതിന്റെ പേരില്‍ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? വയോധികന്റെ നാഭിയില്‍ ചവിട്ടുകയും സ്ത്രീയെ റോഡില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. നിരപരാധികളെ ജയിലില്‍ അടച്ചു. കല്ലിടല്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ കള്ളക്കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തയാറാകണം. കല്ലിടേണ്ടെന്ന തീരുമാനം കെ-റെയില്‍ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണ്. ഈ പദ്ധതിയില്‍ നിന്നും പിന്‍മാറുകയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് വരെ യു.ഡി.എഫ് സമരം തുടരും.
പ്രതിപക്ഷമോ പൊതുജനങ്ങളോ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാത്ത പൗരപ്രമുഖരുമായി സംവദിച്ച് എങ്ങിനെയും പദ്ധതി നടപ്പിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും ദയനീയമായി പരാജയപ്പെട്ടു. ജലശാസ്ത്രപരമായി അതീവ ലോലമായ 164 ഇടങ്ങളിലൂടെയാണ് പാത പകടന്നു പോകുന്നത്. ഇത് വെള്ളപൊക്കത്തിന് ഇടയാക്കുമെന്ന് തട്ടിക്കൂട്ടിയ ഡി.പി.ആറില്‍ തന്നെ പറയുന്നുണ്ട്. പാറയും മണ്ണും ലഭിക്കാത്തതിനാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തില്‍ സില്‍വര്‍ ലൈനിന് വേണ്ട പ്രകൃതി വിഭവങ്ങള്‍ എവിടെ നിന്നും ലഭിക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല.
ഭൂമി നഷ്ടപ്പെടുന്നവര്‍ മാത്രമല്ല കേരളം ഒന്നാകെ സില്‍വര്‍ ലൈന്‍ ഇരകളായി മാറുമെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. സ്വന്തം നാടിനെ തകര്‍ക്കാന്‍ ഒരു മലയാളിയും കൂട്ടുനില്‍ക്കില്ലെന്നതിന് തെളിവാണ് വീടുകളില്‍ മാത്രം ഒതുങ്ങിയിരുന്ന അമ്മമാരും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ കല്ലിടലിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയത്. സമൂഹിക, പാരിസ്ഥിതിക ആഘാത പഠനങ്ങളുടെ ഫലം എന്തു തന്നെ ആയാലും പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ ജി.പി.എസ് സര്‍വെ നടത്തിയാലും അതിനെ യു.ഡി.എഫ് എതിര്‍ക്കും. ചെറിയൊരു ശതമാനം മാത്രമുള്ള വരേണ്യവര്‍ഗത്തിനു വേണ്ടിയാണ് കേരള ജനതയെ ഒന്നാകെ ജപ്പാനിലെ ജൈക്കയ്ക്ക് പണയം വയ്ക്കുന്നത്. കേരളം തകര്‍ന്നാലും വേണ്ടില്ല വികസനത്തിന്റെ മറവില്‍ കമ്മീഷന്‍ മാത്രമാണ് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ലക്ഷ്യം. തിരുവന്തപുരത്തെ കണ്ണായ ഭൂമിയില്‍ സി.പി.എമ്മിന് പുതിയൊരു ഓഫീസ് കെട്ടിടം കൂടി ഉയരുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.
കുതിക്കുന്ന വില, നോക്കുകുത്തിയായി ഭരണകൂടം
പൊതുവിപണിയില്‍ അവശ്യ സാധനങ്ങള്‍ക്കെല്ലാം തീവിലയാണ്. വിപണി ഇടപെടല്‍ നടത്തി വിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് സപ്ലോകോയ്ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. വിപണി ഇടപെടലില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഇന്ധന വില വര്‍ധിക്കുന്നതിനനുസരിച്ച് നികുതി പിഴിഞ്ഞെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി അധിക ഇന്ധന നികുതി വേണ്ടെന്ന് വയ്ക്കാന്‍ കേരളം തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഞ്ചു വര്‍ഷത്തിനിടെ ഇന്ധന വില്‍പനയിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനമായി കേരളത്തിന് ലഭിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നാലു തവണ ഇന്ധന നികുതി കുറച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍, ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇന്ധന സബ്‌സിഡി നല്‍കണമെന്ന നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇതിനൊക്കെ പുറമെയാണ് വൈദ്യുതി, വെള്ളം, ഓട്ടോ-ടാക്‌സി നിരക്കുകളും വര്‍ധിപ്പിച്ചത്.
കെട്ടകാലത്തും തീവെട്ടിക്കൊള്ള
കോവിഡിന്റെ മറവില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ മറയാക്കി സി.പി.എം ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍ തീവെട്ടികൊള്ളയാണ് നടത്തിയത്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പത്രസമ്മേളനം നടത്തി ചെറിയ കാര്യങ്ങള്‍ വരെ പറഞ്ഞിരുന്ന മുഖ്യമന്ത്രി ഈ കൊള്ളയെ കുറിച്ച് അറിഞ്ഞില്ലെന്നത് വിശ്വസനീയമല്ല. ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടിയെടുത്ത് എല്ലാം അവസാനിപ്പിക്കാമെന്നു കരുതേണ്ട. കൊള്ളയില്‍ പിണറായി വിജയന്‍, കെ.കെ ശൈലജ, തോമസ് ഐസക്ക് എന്നിവരുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
2020 മാര്‍ച്ച് 30-ന് സാന്‍ ഫര്‍മാ എന്ന കമ്പനിയില്‍ നിന്നും വിപണി നിരക്കിനേക്കാള്‍ ഉയര്‍ന്ന വിലയില്‍ (1550) പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടേയും കെ കെ ശൈലജയുടെയും തോമസ് ഐസക്കിന്റെയും അറിവോടെയായിരുന്നു. 16/4/2020 നാണു ഇത് സംബന്ധിച്ച നോട്ട് ഫയലില്‍ കെ.കെ ശൈലജ അംഗീകാരം നല്‍കിയിരിക്കുന്നത്. അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കും മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പു വച്ചിട്ടുണ്ട്. ഇതിന്റെ തലേ ദിവസം 446 രൂപയ്ക്ക് വാങ്ങിയ പി.പി.ഇ കിറ്റിനാണ് തൊട്ടടുത്ത ദിവസം മൂന്നിരട്ടി വില നല്‍കിയിരിക്കുന്നത്. ഈ പകല്‍ കൊള്ളയ്ക്കെതിരെ യു.ഡി.എഫ് നിയമവഴി തേടിയിട്ടുണ്ട്.
മയക്ക് മരുന്ന് ഗുണ്ടാ മാഫിയകളെ നിയന്ത്രിക്കുന്നത് സി.പി.എം
സംസ്ഥാനത്തെ ക്രമസമാധാനനില ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. മയക്ക് മരുന്ന് ഗുണ്ടാ മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന സി.പി.എം പ്രദേശിക നേതാക്കള്‍ തന്നെയാണ് പൊലീസിനെയും നിയമന്ത്രിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ക്രമാതീതമായി ഉയരുകയാണ്. ആറു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തെ ഗുണ്ടാ കൊറിഡോറാക്കി മാറ്റിയിരിക്കുകയാണ്.
സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരില്‍ പിണറായി വിജയന്‍ നടത്തുന്ന വര്‍ഗീയ പ്രീണന നയങ്ങളാണ് കേരളത്തെ വര്‍ഗീയ ശക്തികളുടെ കൊലക്കളമാക്കിയത്. സംഘപരിവാറുമായി വോട്ടു കച്ചവടം നടത്തിയാണ് പിണറായി തുടര്‍ ഭരണം നേടിയത്. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മുഖ്യമന്ത്രിയുടെ വീടിനു തൊട്ടടുത്ത് സി.പി.എമ്മുകാരന്റെ വീട്ടില്‍ അഭയം നല്‍കിയത് സംഘപരിവാര്‍- സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരമാണ്. ആലപ്പുഴയിലും പാലക്കാടും എസ്.ഡി.പി.ഐയും ആര്‍.എസ്.എസും പരസ്പരം വെട്ടി മരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയത് കൊണ്ട് ഇവര്‍ക്കെതിരെ കാര്‍ക്കശ്യമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ലോകസമാധാനത്തിന് വേണ്ടി ബജറ്റില്‍ രണ്ട് കോടി രൂപ മാറ്റി വച്ച സംസ്ഥാനത്താണ് ഈ സമാധാന ലംഘനങ്ങള്‍ നടക്കുന്നത്. കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെതിരെ പ്രോസിക്യൂട്ടറെ വയ്ക്കാതെ കേരളീയര്‍ക്ക് മുന്നില്‍ അറസ്റ്റ് നാടകം കളിച്ചു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ മോദിയുടെ വര്‍ഗീയതയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാത്ത മുഖ്യമന്ത്രിയുടെ വാക്കുകളില്‍ കോണ്‍ഗ്രസ് വിരോധം മാത്രമായിരുന്നു.
ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി
രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വൈദ്യുതി, ജലം കെ.എസ്.ആര്‍.ടി.സി എന്നിവയുടെ പ്രവര്‍ത്തനം ദയനീയമാണ്. സ്വിഫ്റ്റ് കമ്പനി വന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ തകര്‍ച്ച സര്‍ക്കാര്‍ ഉറപ്പാക്കി. ശമ്പളം കൊടുക്കാന്‍ പറ്റില്ലെന്ന് ജീവനക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ഗതാഗത മന്ത്രി പറയുന്നത്. ലാഭത്തില്‍ ഓടിക്കൊണ്ടിരുന്ന 20 ശതമാനം സര്‍വീസുകളെയും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റി. ബാക്കി 80 ശതമാനവും നഷ്ടത്തിലുള്ള സര്‍വീസുകളാണ്. അതാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിരം ജീവനക്കാരുള്ള പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്ത് കരാര്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി പുതിയ കമ്പനി ഉണ്ടാക്കിയ ഈ സര്‍ക്കാരിനെയാണോ ഇടതുപക്ഷമെന്ന് പറയുന്നത്? ഇതാണോ ഇടതുപക്ഷ സമീപനം? രണ്ടു ലക്ഷം കോടിയുടെ കമ്മീഷന്‍ റെയില്‍ കൊണ്ടുവരുന്നവര്‍ 2000 കോടി രൂപ കൊടുത്ത് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ അത് നശിച്ചു പോകട്ടേയെന്ന നിലപാടിലാണ്.
സ്ത്രീ സുരക്ഷ പ്രസംഗത്തില്‍ മാത്രം
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ സാധാരണ കുറ്റകൃത്യമായി മാറിയിരിക്കുകയാണ്. അതിക്രമം ഉണ്ടായാല്‍ അത് അന്വേഷിക്കലും കേസെടുക്കലും മാത്രമല്ല പൊലീസിന്റെ ചുമതല. അതിക്രമം തടയുക എന്നതു കൂടി പൊലീസിന്റെ ഉത്തരവാദിത്തമാണ്.
പെണ്‍കുട്ടി പരാതിയുമായെത്തിയാല്‍ മുന്‍വിധിയോടെയാണ് പൊലീസ് അതിനെ സമീപിക്കുന്നത്. പൊലീസിന്റെ ഇത്തരമൊരു സമീപനത്തിന്റെ രക്തസാക്ഷിയാണ് ആലുവയില്‍ ആത്മഹത്യ ചെയത വിദ്യാര്‍ത്ഥിനി മോഫിയ. സിനിമ മേഖലയിലെ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വന്‍മതിലിനെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും സ്ത്രീപക്ഷത്തെ കുറിച്ചുമൊക്കെയാണ് സി.പി.എം പറയുന്നത്. ഇതാണോ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും സ്ത്രീപക്ഷം? ഇതാണോ മുഖ്യമന്ത്രിയും ഈ സര്‍ക്കാരും പ്രഖ്യാപിച്ച നവോത്ഥാനം.
അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞു
അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സര്‍ക്കാര്‍ ലോകായുക്ത ഉള്‍പ്പെടെയുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് ലോകായുക്ത ഓര്‍ഡിനന്‍സ് പാസാക്കിയത്. എന്ത് അഴിമതി കാണിച്ചാലും നിങ്ങള്‍ ഭയപ്പെടേണ്ടെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. 22 വര്‍ഷം മുന്‍പ് നായനാര്‍ മുഖ്യമന്ത്രിയും ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമ മന്ത്രിയുമായി ഇരിക്കുന്ന കാലത്ത് ഗൗരവകരമായി ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്ത നിയമത്തെയാണ് ഈ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ചു കൊന്നത്. ഓംബുഡ്‌സ്മാന്‍ കുരയ്ക്കുകയേയുള്ളൂ ഇവിടെ കടിക്കുന്ന നായയുണ്ട് അതാണ് ലോകായുക്ത എന്ന് 2019-ല്‍ പറഞ്ഞ പിണറായി തന്നെയാണ് 2022 -ല്‍ ലോകായുക്തയുടെ ഉദകക്രിയയും നടത്തിയത്. ഇടതു മുന്നണിയുടെ അഴിമതി വിരുദ്ധ മുഖത്തിനു നേരെ ഈ ഓര്‍ഡിന്‍സ് തുറിച്ചു നോക്കുമെന്നും പ്രതിപക്ഷത്തിന്റെ വാദമുഖങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയേറുന്നു എന്നുമാണ് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് കാത്തിന്റെ പാര്‍ട്ടിയും ഈ നിയമവിരുദ്ധ നീക്കത്തിന് കുടപിടിച്ചെന്നത് ചരിത്രം.
തുടരുന്ന കര്‍ഷക ആത്മഹത്യ
കൃഷിനാശത്തെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടില്‍ കര്‍ഷകന് ആത്മഹത്യ ചെയ്യേണ്ടി വന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചയാണ്. നേരത്തെയുണ്ടായ കൃഷിനാശത്തിന് വിള ഇന്‍ഷുറന്‍സോ നഷ്ടപരിഹാരമോ ലഭിച്ചിരുന്നില്ല. നഷ്ടപരിഹാരം ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് കാത്തിരിക്കുന്നതിനിടയിലാണ് വേനല്‍മഴയില്‍ വീണ്ടും കൃഷിനാശമുണ്ടായത്. കുട്ടനാട്ടില്‍ വ്യാപക കൃഷിനാശമാണുണ്ടായത്. എന്നാല്‍ നശിച്ചു പോയ നെല്ല് സംഭരിച്ച് അവരെ സഹായിക്കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചു നിന്നതാണ് ഈ കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
തൃക്കാക്കരയിലെ കപട വികസനവാദികള്‍
വികസനത്തിന് വേണ്ടി വാദിക്കുന്നത് ഞങ്ങളാണെന്ന സി.പി.എം വാദം നുണ പ്രചരണം മാത്രമാണെന്നതാണ് ചരിത്ര വസ്തുത. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിന്റെ ഏതെങ്കിലും ഒരു അടയാളം കാട്ടിത്തരണമെന്ന വെല്ലുവിളി വ്യവസായ മന്ത്രി പോലും ഏറ്റെടുത്തിട്ടില്ല.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യു.ഡി.എഫ് കാലത്ത് കെ. കരുണാകരന്‍ കൊണ്ടുവന്നതാണ്. ഈ വിമാനം ഞങ്ങളുടെ നെഞ്ചത്ത് കൂടി മാത്രമെ ഇറക്കാന്‍ പറ്റൂവെന്നാണ് അന്നത്തെ സി.പി.എം നേതാക്കള്‍ പ്രസംഗിച്ചത്. കലൂര്‍ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയവും കെ കരുണാകരന്‍ കൊണ്ടുവന്നതാണ്. എന്തിനാണ് കണ്ണായ സ്ഥലത്ത് കളിക്കളമെന്നാണ് അന്ന് സി.പി.എം ചോദിച്ചത്. കരുണാകരന്റെ കാലത്ത് ആരംഭിച്ച ഗോശ്രീ വികസന പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുത്തത് സി.പി.എമ്മുകാരാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഗെയില്‍ പൈപ്പ് ലൈന്‍ ഭൂമിക്കടിയില്‍ ഒളിപ്പിച്ചു വച്ച ബോംബാണെന്ന് പ്രസംഗിച്ചയാള്‍ ഇന്ന് പിണറായി മന്ത്രിസഭയിലെ മന്ത്രിയാണ്. സില്‍വര്‍ ലൈന്‍ കൊണ്ടുവന്ന് തൃക്കാക്കരയെ രക്ഷപ്പെടുത്തുമെന്നാണ് പറയുന്നത്. തൃക്കാക്കരയിലൂടെ സില്‍വര്‍ ലൈനൊന്നും പോകുന്നില്ല. മെട്രോ റെയില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് കൊണ്ടുവന്നത്. അതിനെതിരെ ഇപ്പോഴത്തെ മന്ത്രി സമരം ചെയ്തിട്ടുണ്ട്. മെട്രോ റെയിലിന്റെ രണ്ടാംഘട്ടം തൃക്കാക്കരയിലേക്കായിരുന്നു. എന്നാല്‍ ആറ് വര്‍മായിട്ടും മെട്രോ എക്സ്റ്റന്‍ഷന്‍ കൊണ്ടു വരാന്‍ പറ്റാത്തവരാണ് രണ്ടു ലക്ഷം കോടിക്ക് സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറയുന്നത്. വികസനം വേണം, വിനാശം വേണ്ടെന്നതാണ് യു.ഡി.എഫ് നിലപാട്. വികസന അജണ്ട കേരളം ചര്‍ച്ച ചെയ്യട്ടേ. ഇപ്പോള്‍ വികസനത്തിന്റെ മുഖം മൂടിയിട്ട് ഇറങ്ങിയിരിക്കുന്നത് യഥാര്‍ത്ഥ വികസനവിരുദ്ധരാണ്.
യു.ഡി.എഫ് ബദല്‍
ഭാവിയിലെ കേരളം സുസ്ഥിര വികസനത്തിലൂന്നിയാകണം രൂപപ്പെടേണ്ടതെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. പ്രകൃതിക്കിണങ്ങി ഈ കൊച്ചു സംസ്ഥാനം മികച്ച വികസന, ജനകീയ ബദലുകള്‍ പ്രാവര്‍ത്തികമാക്കണം. കാലാവസ്ഥാമാറ്റം കോവിഡ് മഹാമരി പോലുള്ള വന്‍ ജനകീയാരോഗ്യ പ്രതിസന്ധികള്‍ എന്നിവയെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ തേടണം. സാമൂഹിക നീതി, വ്യക്തിസ്വാതന്ത്യം, അഭിപ്രായം പറയാനുള്ള നിര്‍ഭയ അന്തരീക്ഷം എന്നിവക്കായി പ്രതിപക്ഷം നിരന്തരം പോരാടും. സ്ത്രീകള്‍ പിന്നാക്ക വിഭാഗങ്ങള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ കുട്ടികള്‍ മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി യു.ഡി.എഫും പോഷക സംഘടനകളും അക്ഷീണം പ്രവര്‍ത്തിക്കും.
What's Your Reaction?