രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.83 ശതമാനമായി വർധിച്ചു; നഗരങ്ങളിൽ ജോലി ഇല്ലാത്തവരുടെ എണ്ണം കൂടുന്നു
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് (Unemployment Rate) കഴിഞ്ഞ മാസത്തെ 7.60 ശതമാനത്തിൽ നിന്ന് 7.83 ശതമാനമായി വർധിച്ചുവെന്ന് വ്യക്തമാക്കി സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമിയുടെ (CMIE) പുതിയ കണക്കുകൾ . മാർച്ചിൽ 7.60 ശതമാനം ആയിരുന്നതാണ് ഏപ്രിലിൽ 7.83 ആയി വർധിച്ചിരിക്കുന്നത്. ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഹരിയാനയിലാണ് (34.5%). തൊട്ട് പിന്നിലായി രണ്ടാം സ്ഥാനത്തുള്ളത് രാജസ്ഥാനാണ് (28.8%).
നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 9.22 ശതമാനമായി ഉയർന്നു. മാർച്ചിൽ ഇത് 8.28 ശതമാനമായിരുന്നു. എന്നാൽ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 7.29 ശതമാനത്തിൽ നിന്ന് ഏപ്രിൽ എത്തിയപ്പോൾ 7.18 ശതമാനമായി കുറയുകയാണ് ചെയ്തിട്ടുള്ളത്. പ്രാദേശിക മാർക്കറ്റുകളിൽ നിന്നുള്ള ഡിമാൻഡ് കുറയുന്നതും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന് വേഗം കുറഞ്ഞതുമാണ് തൊഴിലവസരങ്ങളെ ബാധിച്ചിരിക്കുന്നതെന്ന് CMIE വ്യക്തമാക്കി.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ (NSO) നിന്നുള്ള വിവരങ്ങൾ പ്രകാരം 2012 സെപ്തംബർ മുതൽ ഈ വർഷം ഫെബ്രുവരി വരെ 5.18 പേരാണ് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനിൽ (EPFO) പുതുതായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2017 സെപ്തംബർ മുതൽ 2022 ഫെബ്രുവരി വരെ രാജ്യത്തെ തൊഴിൽമേഖലയിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ടുള്ള വിശദമായ കണക്കുകൾ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും സ്റ്റാറ്റിസ്റ്റിക്സ് ആൻറ് പ്രോഗ്രാം ഇംപ്ലിമെൻറേഷൻ മന്ത്രാലയവും ചേർന്ന് പുറത്തിറിക്കിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ഫെബ്രുവരിയിൽ 9.34 ലക്ഷം പുതിയ ജീവനക്കാരാണ് EPF പദ്ധതിയുടെ ഭാഗമായി ചേർന്നിട്ടുള്ളത്. ജനുവരിയിൽ 11.14 ലക്ഷം പേർ പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തിരുന്നു. ഏകദേശം രണ്ട് ലക്ഷത്തിലധികം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. "2017 സെപ്തംബർ മുതൽ പ്രധാന EPF പദ്ധതികളായ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് സ്കീം (EPF), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം (ESI), നാഷണൽ പെൻഷൻ സ്കീം (NPS) എന്നിവയിൽ ചേരുന്നവരുടെ കണക്കുകളെ അധികരിച്ച് രാജ്യത്തെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്" സ്റ്റാറ്റിസ്റ്റിക്സ് ആൻറ് പ്രോഗ്രാം ഇംപ്ലിമെൻറേഷൻ മന്ത്രാലയം വ്യക്തമാക്കി.
ചെറുകിട മേഖലയിൽ മാർച്ചിൽ 6.07 ശതമാനാണ് വിലക്കയറ്റമുണ്ടായത്. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർധനവുണ്ടാവുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിൽ 5.85 ശതമാനമായിരുന്ന വിലക്കയറ്റം ഏപ്രിൽ എത്തിയപ്പോൾ 7.86 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. അതേമയം ജിഎസ്ടിയിൽ നിന്നുള്ള വരുമാനം ഏപ്രിലിൽ എക്കാലത്തെയും മികച്ച നിലയിൽ 1,67,540 കോടി രൂപയിലെത്തിയിട്ടുണ്ട്.
ഇത് സാമ്പത്തിക മേഖലയ്ക്ക് ശുഭസൂചനയാണ് നൽകുന്നത്. മാർച്ചിലെ 1,42,095 കോടിയിൽ നിന്ന് 25000 കോടിയുടെ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ജിഎസ്ടിയിലേക്ക് സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയാണ് (27,495 കോടി രൂപ). രണ്ടാം സ്ഥാനത്തുള്ളത് കർണാടകയും (11,820 കോടി രൂപ) മൂന്നാം സ്ഥാനത്ത് ഗുജറാത്തുമാണ് (11,264 കോടി രൂപ).
What's Your Reaction?