തായ് ഗുഹാമുഖത്ത് പ്രതീക്ഷയുടെ കണ്ണെറിഞ്ഞ് ലോകം; വീണ്ടും രക്ഷാദൗത്യം

താം ലുവാങ് ഗുഹയിൽ രണ്ടാഴ്ചയിലേറെ കുടുങ്ങിയ എട്ടു കുട്ടികളെ രക്ഷപ്പെടുത്തിയതിന്റെ ആശ്വാസത്തിനു പിന്നാലെ ഗുഹയ്ക്കുള്ളിൽ ശേഷിക്കുന്ന നാലു കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും പുറത്തെത്തിക്കാനുള്ള അടുത്ത രക്ഷാദൗത്യം തുടങ്ങി. കനത്തമഴയുടെ ആശങ്കയിൽ എത്രയും വേഗം രക്ഷാപ്രവർത്തനം

Jul 10, 2018 - 22:16
 0
തായ് ഗുഹാമുഖത്ത് പ്രതീക്ഷയുടെ കണ്ണെറിഞ്ഞ് ലോകം; വീണ്ടും രക്ഷാദൗത്യം
ചിയാങ് റായ്, തായ്‌ലൻഡ്∙ താം ലുവാങ് ഗുഹയിൽ രണ്ടാഴ്ചയിലേറെ കുടുങ്ങിയ എട്ടു കുട്ടികളെ രക്ഷപ്പെടുത്തിയതിന്റെ ആശ്വാസത്തിനു പിന്നാലെ ഗുഹയ്ക്കുള്ളിൽ ശേഷിക്കുന്ന നാലു കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും പുറത്തെത്തിക്കാനുള്ള അടുത്ത രക്ഷാദൗത്യം തുടങ്ങി. കനത്തമഴയുടെ ആശങ്കയിൽ എത്രയും വേഗം രക്ഷാപ്രവർത്തനം പൂർത്തിയാക്കാനാണു ശ്രമം.

അതേസമയം, ലോകകപ്പ് ഫൈനലിന് എത്താനാകുംവിധം രക്ഷപ്രാപിക്കട്ടെയെന്നു കുട്ടികളെ ഫിഫ ആശംസിച്ചെങ്കിലും എല്ലാവരെയും രക്ഷപ്പെടുത്തിയാലും കുട്ടികൾക്കു ഫൈനലിന് എത്താനാകില്ലെന്നാണു വിവരം. ആരോഗ്യപരിശോധനകളുടെ ഭാഗമായി രക്ഷപ്പെട്ട കുട്ടികൾ ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടതായി വരും. വരുന്ന ഞായറാഴ്ച, ജൂലൈ 15നാണ് ലോകകപ്പ് ഫൈനൽ.

രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകൾ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകൾക്കു കുട്ടികളെ വിധേയമാക്കുന്നതിനാലാണിതെന്നു തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചൊക്ദാംറോങ്സുക് അറിയിച്ചു.

ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകൾക്കൊപ്പം ഐവി ഡ്രിപ്പുകളും ആശുപത്രിയിലാക്കിയ കുട്ടികൾക്കു നൽകുന്നുണ്ട്. ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികൾക്കു ശ്വാസകോശത്തിൽ പ്രശ്നങ്ങൾ കണ്ടു. അടിയന്തര ചികിൽസ ലഭ്യമാക്കിയതോടെ ഇവരുടെ നില മെച്ചപ്പെട്ടതായി ചൊക്ദാംറോങ്സുക് പറഞ്ഞു. ഇതിനിടെ, രക്ഷപ്പെട്ട നാലു കുട്ടികളെ രക്ഷിതാക്കളെ കാണാൻ അനുവദിച്ചതായും ആരോഗ്യ വൃത്തങ്ങൾ സൂചിപ്പിച്ചു. ചികിൽസ പൂർത്തിയാകാത്തതിനാലും അണുബാധ ഒഴിവാക്കാനും കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രി ജാലകത്തിലൂടെ തമ്മിൽ കാണാൻ മാത്രമാണ് അനുവദിച്ചത്. ഇന്നലെ രക്ഷപ്പെടുത്തിയ കുട്ടികളെ ഇന്നു വൈകിട്ടോടെ ഇത്തരത്തിൽ രക്ഷിതാക്കളെ കാണിക്കുമെന്നും അറിയുന്നു. ഇന്നലെ രാവിലെ പതിനൊന്നിന് ആരംഭിച്ച രക്ഷാദൗത്യത്തിൽ ആദ്യ കുട്ടിയെ സ്ട്രെച്ചറിൽ പുറത്തെത്തിക്കാനായതു വൈകിട്ട് നാലരയോടെയാണ്. ഏഴു മണിയോടെ നാലു കുട്ടികളെ മാത്രമാണു പുറത്തെത്തിക്കാനായത്. ഗുഹാമുഖത്ത് ആംബുലൻസുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തകർക്ക‌ു തുണയായുണ്ട്. രക്ഷപ്പെടുത്തിയ എട്ടു കുട്ടികളുടെയും പേരുവിവരം പുറത്തു വിട്ടിട്ടില്ല. എല്ലാ കുട്ടികളെയും രക്ഷിച്ച ശേഷം മാത്രമാകും മുൻനിശ്ചയിച്ച പ്രകാരം വിവരങ്ങൾ പുറത്തുവിടുകയുളളൂ എന്നാണു വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow