ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ മുൻപരിചയം ഇല്ല; സ്ഥിരീകരിച്ച് പൊലീസ്
സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഗുണ്ടാ നേതാവ് ഓംപ്രകാശിനെ മുൻപരിചയം ഇല്ലെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം. എന്നാൽ ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പോലീസിന് സംശയമുണ്ട്.
ഇവർ തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കും. അതേസമയം ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഇരുതാരങ്ങളും ആഡംബര ഹോട്ടലിൽ എത്തിയത് പുലർച്ചെ 4 മണിക്കാണ്.
ശേഷം 7 മണിയോടെ ഇരുവരും മുറിവിട്ട് ഇറങ്ങി. ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്നാണ് ഹോട്ടലിൽ പോയത് എന്ന് പ്രയാഗ മാർട്ടിൻ മൊഴി നൽകി. എന്നാൽ ഹോട്ടലിൽ മറ്റ് ആരൊക്കെ ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു എന്നും വിശ്രമിക്കാനായി ഒരു മുറിയിൽ മാത്രമാണ് കയറിയതെന്നും പ്രയാഗ അന്വേഷണ സംഘത്തിന് മൊഴി നൽകി.
ഓംപ്രകാശിനെ ഹോട്ടലിൽ കണ്ടില്ലെന്നും നടി വ്യക്തമാക്കി. ശേഷം അവിടെ നിന്ന് രാവിലെ കോഴിക്കോട്ടേക്ക് തിരിച്ചു. വാർത്തകൾ വന്നശേഷം ഓൺലൈൻ വഴിയാണ് ഓംപ്രകാശിനെ കുറിച്ച് അറിഞ്ഞതെന്നും പ്രയാഗ പോലീസിനോട് പറഞ്ഞു. പോലീസ് പ്രയാഗയുടെ മൊഴി വിശ്വാസത്തിൽ എടുത്തിട്ടുണ്ട്.
What's Your Reaction?