മോട്ടര്‍ വാഹന ഭേദഗതി നിയമത്തിൽ ഇളവിനായി നിയമോപദേശം തേടാൻ സർക്കാർ നീക്കം

Sep 9, 2019 - 15:24
 0
മോട്ടര്‍ വാഹന ഭേദഗതി നിയമത്തിൽ ഇളവിനായി നിയമോപദേശം തേടാൻ സർക്കാർ നീക്കം

മോട്ടര്‍ വാഹന ഭേദഗതി നിയമത്തിൽ ഇളവിനായി നിയമോപദേശം തേടാൻ സർക്കാർ നീക്കം. പരിശോധനകളില്‍ അയവുവരുത്തിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നും നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നത് എല്‍ഡിഎഫിന്‍റെ നിലപാടാണെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

പിഴയ്ക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായതിനാലാണു സര്‍ക്കാര്‍ നീക്കം. കേന്ദ്ര നിയമം പാസാക്കിയെങ്കിലും വിജ്ഞാപനം ഇറക്കേണ്ടതു സംസ്ഥാനങ്ങളാണ്. പിഴത്തുക കുറയ്ക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കഴിയുമോ എന്നും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. നിയമവകുപ്പിനോട് സര്‍ക്കാര്‍ അഭിപ്രായം തേടി. ഓണക്കാലം കഴിയും വരെ വാഹന പരിശോധന വേണ്ടെന്നാണു തീരുമാനം. ഓണത്തിനുശേഷം സ്ഥിതി വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.

മോട്ടര്‍ വാഹന നിയമഭേദഗതി സംസ്ഥാനത്തു തല്‍ക്കാലം നടപ്പിലാക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഭേദഗതി നടപ്പിലാക്കുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ഭേദഗതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കണമെന്നു സിപിഎമ്മും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമം പല സംസ്ഥാനങ്ങളും നടപ്പിലാക്കിയിട്ടില്ലെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്ക് അധിക ബാധ്യതയായതിനാല്‍ പുതിയ നിയമം നടപ്പിലാക്കില്ലെന്ന് ബംഗാളാണ് ആദ്യം പ്രഖ്യാപിച്ചത്. മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളും നിയമം തല്‍ക്കാലം നടപ്പിലാക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു. ബോധവല്‍ക്കരണത്തിനുശേഷം നിയമം നടപ്പിലാക്കിയാല്‍ മതിയെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്.

What's Your Reaction?

like

dislike

love

funny

angry

sad

wow