റോഹിങ്ക്യന്‍ കുട്ടികളോട് സ്‌കൂള്‍ പ്രവേശനത്തില്‍ വിവേചനം അരുത്; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

Feb 13, 2025 - 08:32
 0
റോഹിങ്ക്യന്‍ കുട്ടികളോട് സ്‌കൂള്‍ പ്രവേശനത്തില്‍ വിവേചനം അരുത്; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

റോഹിങ്ക്യന്‍ കുട്ടികളോട് സ്‌കൂള്‍ പ്രവേശനത്തില്‍ വിവേചനം പാടില്ലെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. റോഹിങ്ക്യന്‍ കുടുംബങ്ങള്‍ എവിടെയാണ് താമസിക്കുന്നത്, ആരുടെ വീട്ടിലാണ് താമസം, അവരുടെ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് മാത്രമാണ് കോടതിക്ക് അറിയേണ്ടതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് പൊതുവിദ്യാലയങ്ങളിലും ആശുപത്രികളിലും പ്രവേശനം നല്‍കാന്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരുകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹരജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് റോഹിങ്ക്യ ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് എന്ന എന്‍ജിഒയാണ് കോടതിയെ സമീപിച്ചത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് കാര്‍ഡുകളുണ്ടെന്ന് എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി. ഇതിന്റെ വിശദാംശങ്ങളുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗോണ്‍സാല്‍വസ് കോടതിയെ അറിയിച്ചു.

റോഹിങ്ക്യന്‍ കുടുംബങ്ങള്‍ക്ക് ഈ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ എന്‍ജിഒയ്ക്ക് വിവരങ്ങള്‍ നല്‍കുന്നത് എളുപ്പമാകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തുടര്‍ന്ന് കോടതിയില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഗോണ്‍സാല്‍വസ് സമയം തേടി. പത്ത് ദിവസത്തിന് ശേഷം കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി സുപ്രീംകോടതി മാറ്റിവച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow