ഉമ തോമസ് എംഎല്‍എ ആശുപത്രി വിടും; വൈകുന്നേരം ഡോക്ടര്‍മാര്‍ക്കൊപ്പം മാധ്യമങ്ങളെ കാണും

Feb 13, 2025 - 08:34
 0
ഉമ തോമസ് എംഎല്‍എ  ആശുപത്രി വിടും; വൈകുന്നേരം ഡോക്ടര്‍മാര്‍ക്കൊപ്പം മാധ്യമങ്ങളെ കാണും

കൊച്ചി കലൂരിലെ ജെഎല്‍എന്‍ സ്‌റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും. അപകടത്തെ തുടര്‍ന്ന് 44 ദിവസമാണ് എംഎല്‍എ ചികിത്സയില്‍ തുടര്‍ന്നത്. നിലവില്‍ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.

നാളെ വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം ഉമ തോമസ് എംഎല്‍എ മാധ്യമങ്ങളെ കാണും. ഡിസംബര്‍ 29ന് ആയിരുന്നു എംഎല്‍എ അപകടത്തില്‍പ്പെട്ടത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമ തോമസ്.

ഗ്യാലറിയില്‍ നിന്ന് താഴേക്ക് വീണായിരുന്നു എംഎല്‍എയ്ക്ക് പരിക്കേറ്റത്. കോണ്‍ഗ്രീറ്റില്‍ തലയിടിച്ചാണ് ഉമ തോമസ് വീണത്. വീഴയുടെ ആഘാതത്തില്‍ എംഎല്‍എയുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.  

സ്വന്തം വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാല്‍ ആശുപത്രി വിടുന്ന എംഎല്‍എ വാടക വീട്ടിലേക്കാണ് പോകുന്നത്.  തന്റെ ആരോഗ്യം വീണ്ടെടുക്കാനായി പ്രാര്‍ത്ഥിച്ചും, സന്ദേശങ്ങളിലൂടെ ആശംസകളര്‍പ്പിച്ചും കൂടെയുണ്ടായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി അറിയിക്കുന്നതായി എംഎല്‍എ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow