മുപ്പത് കഴിയാത്തവർക്കുള്ള വിസ നിരോധനം കുവൈത്ത് നീക്കി
മുപ്പത് തികയാത്ത ബിരുദ/ഡിപ്ലോമക്കാർക്ക് വിസ നൽകുന്നതിന് ഏർപ്പെടുത്തിയ നിരോധനം നീക്കിയെന്നു സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹിനെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു
കുവൈത്ത് സിറ്റി : മുപ്പത് തികയാത്ത ബിരുദ/ഡിപ്ലോമക്കാർക്ക് വിസ നൽകുന്നതിന് ഏർപ്പെടുത്തിയ നിരോധനം നീക്കിയെന്നു സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹിനെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. ഈ വിഭാഗത്തിൽപ്പെട്ട 30 വയസ്സ് തികയാത്തവർക്ക് ജൂലൈ ഒന്നുമുതൽ വിസ നൽകേണ്ടതില്ലെന്നായിരുന്നു തീരുമാനം.
സ്വകാര്യ, എണ്ണമേഖലകളിൽ ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന നിയമമാണ് നേരത്തെ ജൂലൈ ഒന്നിലേക്ക് മാറ്റിയിരുന്നത്. എന്നാൽ മാൻപവർ പബ്ലിക് അതോറിറ്റി യോഗത്തിന്റെ നിർദ്ദേശപ്രകാരമാണ് നിരോധനം നീക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
തൊഴിൽ വിപണിയിൽ വിദേശികളുടെ ആധിക്യവും പഠനം പൂർത്തിയാക്കിയ ഉടനെ പരിശീലനമൊന്നും നേടാതെ കുവൈത്തിൽ എത്തുന്നവർക്ക് ആദ്യ തൊഴിലിടങ്ങൾ പരിശീലന കേന്ദ്രങ്ങൾ മാത്രമായി മാറുന്നു എന്നതുമാണ് നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ പറഞ്ഞിരുന്ന കാരണങ്ങൾ. എന്നാൽ തൊഴിൽ വിപണി നിയന്ത്രണത്തിന് ബദൽ മാർഗങ്ങൾ കണ്ടെത്താനാകുമെന്നാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നത്. അതേസമയം വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന നിർദ്ദേശം അംഗീകരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി സൂചന.
പാർലിമെന്റിന്റെ ധനകാര്യസമിതി നികുതി ചുമത്തണമെന്ന നിർദ്ദേശത്തെ അനുകൂലിച്ചിരുന്നു. ഈ നിർദ്ദേശം പാർലിമെന്റിൽ ചർച്ചചെയ്യാനിരിക്കയാണ്. അതിനിടെയാണ് നികുതി നിർദേശം അംഗീകരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കാനാണ് സർക്കാർ നീക്കമെന്ന സൂചന.
What's Your Reaction?