റഫാലിൽ വിശദാംശങ്ങൾ തേടി സുപ്രീംകോടതി
റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിനു തിരിച്ചടി. ഇടപാടിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നു കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി ആവശ്യപ്പെട്ടു. കരാറിലേക്കു നയിച്ച നടപടികൾ അറിയിക്കണം. എന്നാൽ പ്രധാനമന്ത്രിക്കു വിഷയത്തിൽ നോട്ടിസ് അയയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി. സീൽ ചെയ്ത കവറിൽ ഒക്ടോബർ 29ന് വിവരങ്ങൾ
ന്യൂഡല്‍ഹി∙ റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിനു തിരിച്ചടി. ഇടപാടിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നു കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി ആവശ്യപ്പെട്ടു. കരാറിലേക്കു നയിച്ച നടപടികൾ അറിയിക്കണം. എന്നാൽ പ്രധാനമന്ത്രിക്കു വിഷയത്തിൽ നോട്ടിസ് അയയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി. സീൽ ചെയ്ത കവറിൽ ഒക്ടോബർ 29ന് വിവരങ്ങൾ സമർപ്പിക്കാനാണു സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
റഫാൽ അഴിമതിക്കു പിന്നിൽ വന്‍അഴിമതിയാണുള്ളതെന്നു ഹര്‍ജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നു കേന്ദ്രസർക്കാരും തിരിച്ചടിച്ചു. വിലയും സാങ്കേതിക കാര്യങ്ങളും പുറത്തായാൽ അതു രാജ്യസുരക്ഷയെ ബാധിക്കുമെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കരാർ തുകയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടില്ലെന്നും സുപ്രീംകോടതി നിലപാടെടുത്തു.
തീരുമാനങ്ങളെടുക്കുന്നതിലെ ഘട്ടങ്ങളെക്കുറിച്ചു സ്വയം സംതൃപ്തരാകുന്നതിനാണ് ഇതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. 36 വിമാനങ്ങൾക്കായുള്ള 59,000 കോടി രൂപയുടെ കരാറിൽ അഴിമതി നടന്നിട്ടുള്ളതായി ഹർജിക്കാരനായ എം.എൽ. ശർമ വാദിച്ചു. ദേശീയ സുരക്ഷ കൂടി ഉൾപ്പെട്ടിട്ടുള്ള സംഭവമാണ് ഇതെന്നും തിരഞ്ഞെടുപ്പ് ലാഭമുണ്ടാക്കുന്നതിനു കോടതിയെ ഉപയോഗിക്കുകയാണെന്നും അറ്റോർണി ജനറല്‍ കെ.കെ. വേണുഗോപാൽ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രൻസ്വ ഒലോൻദ് കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയതോടെയാണു റഫാൽ വിഷയം വീണ്ടും ചൂടുപിടിക്കുന്നത്. കരാറിൽ ഇന്ത്യൻ പങ്കാളിയായി റിലയന്‍സിനെ കൊണ്ടുവന്നത് ഇന്ത്യൻ സർക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു ഒലോൻദിന്റെ വെളിപ്പെടുത്തല്‍. കരാർ സംബന്ധിച്ച വിവരങ്ങളും എൻഡിഎ, യുപിഎ സർക്കാരുകളുടെ കാലത്തെ കരാർ തുക സംബന്ധിച്ച വിവരങ്ങളും സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ദൻദ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
What's Your Reaction?