പോളണ്ടിനെ തകർത്ത് ഫ്രാൻസ്; ക്വാർട്ടറില്‍ എതിരാളികള്‍ ഇംഗ്ലണ്ട്
ഖത്തർ ലോകപ്പില്‍ പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. 74, 91 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ എണ്ണം പറഞ്ഞ ക്ലാസിക് ഗോളുകള്‍. 44-ാം മിനിറ്റില്‍ ഒളിവിയര്‍ ജിറൂഗദാണ് ഫ്രാൻസിന്റെ സ്‌കോറിങ്ങിന് തുടക്കമിട്ടത്.
മത്സരത്തിന്‌റെ അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്സ്‌കി വലയിലാക്കി ഒരു ഗോള്‍ മടക്കി. 44-ാം മിനിറ്റില്‍ എതിരാളിയുടെ വലയിലേക്ക് ജിറൂദ് അടിച്ചുകയറ്റിയ പന്ത് ചെന്നുവീണത് ചരിത്രത്തിലേക്കാണ്. ഫ്രാൻസിനായി രാജ്യാന്തരതലത്തിൽ 51 ഗോളുകൾ നേടിയ തിയറി ഒൻറിയെ കടത്തിവെട്ടിയിരിക്കുന്നു ഇതോടെ ജിറൂദ്.
117 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടിയാണ് ജിറൂദ് റെക്കോർഡ് കുറിച്ചത്. ആദ്യ പകുതിയിൽ ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പത്തിനുമൊപ്പമായിരുന്നു ഇരു ടീമുകളും. എന്നാൽ രണ്ടാം പകുതിയില്‍ ഫ്രാൻസിന്‌റെ ആധിപത്യമാണ് കണ്ടത്.
അതേസമയം പുലര്‍ച്ചെ നടന്ന മത്സരത്തിൽ സെനഗലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകർത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. . ജോർദാന്‍ ഹെന്‍ഡേഴ്സണ്‍, ഹാരി കെയ്ന്‍, ബുക്കായോ സാക്ക എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ സ്കോറർമാർ. 4-3-3 ശൈലിയില്‍ ബുക്കായോ സാക്ക, ഹാരി കെയ്ന്‍, ഫില്‍ ഫോഡന്‍ എന്നിവരെ ആക്രമണത്തിന് നിയോഗിച്ചാണ് ഗാരെത് സൗത്ത്‍ഗേറ്റ് ഇംഗ്ലണ്ടിനെ അണിനിരത്തിയത്. മറുവശത്ത് അലിയോ സിസ്സെ സെനഗലിനെ 4-2-3-1 ഫോർമേഷനില്‍ കളത്തിലിറക്കിയത്.
കൗണ്ടർ അറ്റാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റങ്ങൾക്കൊടുവിലാണ് ഇംഗ്ലണ്ട് മൂന്നു ഗോളുകൾ നേടിയത്. 2022 ലോകകപ്പിൽ ആദ്യപകുതിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമെന്ന നേട്ടം ഇംഗ്ലണ്ടിനായി. നാലു കളികളിൽ നിന്ന് അഞ്ചു ഗോളുകളാണ് ആദ്യ പകുതിയിൽ ഇംഗ്ലണ്ട് നേടിയത്. ഡിസംബർ പത്തിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
What's Your Reaction?