പാബ്ലോ ടോറെ ഇനി ബാഴ്‌സലോണ താരം
ലാ ലീഗ സെക്കന്റ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയ റേസിങ് ക്ലബ്ബിൽ നിന്നുമാണ് താരം ബാഴ്‌സയിൽ എത്തുന്നത്.
മൂന്നാം ഡിവിഷൻ ടീമിൽ നിന്നും സ്പെയിൻ ദേശിയ അണ്ടർ-19 ടീമിലെ സ്ഥിരക്കാരൻ ആയ പാബ്ലോ ടോറെ ഇനി ബാഴ്‌സലോണക്ക് വേണ്ടി ബൂട്ടു കെട്ടും. ലാ ലീഗ സെക്കന്റ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയ റേസിങ് ക്ലബ്ബിൽ നിന്നുമാണ് താരം ബാഴ്‌സയിൽ എത്തുന്നത്.
ഏകദേശം അഞ്ചു മില്യൺ യൂറോയുടെ അടിസ്ഥാന കരാറിൽ ഇരു ക്ലബ്ബുകളും നേരത്തെ എത്തിയിരുന്നു. ടോറെയുടെ പ്രകടന മികവ് അനുസരിച്ചു 20 മില്യൺ യൂറോ വരെ റേസിങ്ങിന് ബാഴ്‌സയിൽ നിന്നും നേടാൻ ആവും.
2020 മുതൽ റേസിങ് ഡെ സന്റാണ്ടർ സീനിയർ ടീമിന്റെ ഭാഗമാണ്. 48 മത്സരങ്ങൾ ഇതുവരെ ടീമിനായി കളിച്ചു. മൂന്നാം ഡിവിഷൻ ജേതാക്കൾ ആയ റേസിങ്ങിന്റെ മധ്യനിരക്ക് സീസൺ മുഴുവൻ ചാലകശക്തി ആയത് ഈ പത്തൊമ്പതുകാരൻ ആയിരുന്നു. അവസാന മത്സര ശേഷം കണ്ണീരോടെ സ്റ്റേഡിയത്തിൽ വിട പറഞ്ഞ ടോറെക്ക് ആരാധകർ വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്.
ബാഴ്‌സ ബി ടീമിനോടൊപ്പം ആവും താരം ചേരുക. എന്നാൽ ഫസ്റ്റ് ടീമിനോടൊപ്പവും കൂടുതലായി താരത്തെ ഉപയോഗിക്കാൻ ആണ് നിലവിൽ ബാഴ്‌സ മാനേജ്‌മെന്റ് തീരുമാനം.
ബുധനാഴ്ച്ച ക്യാമ്പ് ന്യൂവിൽ വെച്ചു ബാഴ്‌സയും ടോറെയും കരാറിൽ ഒപ്പിടും. നൂറു മില്യൺ റിലീസ് ക്ലോസും കരാറിന്റെ ഭാഗമായി ഉണ്ട്.
What's Your Reaction?