Gujarat Elections | ഗുജറാത്തിൽ 25 റാലികൾ നയിക്കാൻ മോദി; 100ലധികം സീറ്റ് നേടാൻ ബിജെപി
ഗുജറാത്തിൽ (Gujarat) വീണ്ടും അധികാരം നിലനിർത്താൻ ഒരുങ്ങുകയാണ് ബിജെപി. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി (Narendra Modi) തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചാരകൻ
ഗുജറാത്തിൽ (Gujarat) വീണ്ടും അധികാരം നിലനിർത്താൻ ഒരുങ്ങുകയാണ് ബിജെപി. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി (Narendra Modi) തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചാരകൻ. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൻെറ ഭാഗമായി 25 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കാൻ പോകുന്നത്. 150 നിയമസഭാ സീറ്റുകളിലേക്കാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. പ്രധാനമന്ത്രിയുടെ ജൻമനാട്ടിൽ തകർപ്പൻ വിജയം തന്നെയാണ് അധികാരത്തിലിരിക്കുന്ന പാർട്ടിയായ ബിജെപി ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഏതെല്ലാം ദിവസങ്ങളിലാണ് റാലി നടത്തുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചനകളിൽ നിന്ന് വക്തമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രചാരണങ്ങൾ സംസ്ഥാനത്ത് അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
“പ്രധാനമന്ത്രിയുടെ പരിപാടികളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നവംബർ 12നായിരിക്കും അറിയാൻ സാധിക്കുക. നവംബർ 17നുള്ളിൽ ആദ്യത്തെ റാലിക്ക് അനുമതി നൽകണമെന്നാണ് ഞങ്ങൾ ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ളത്,” ഗുജറാത്തിലെ ബിജെപി വൃത്തങ്ങൾ അറിയിച്ചു.
Also read: ജി20 ലോഗോയിൽ താമര: രാഷ്ട്രീയമെന്ന് കോൺഗ്രസ്; രാജീവ് എന്നാൽ താമരയെന്ന് ബിജെപി
രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്. ഒന്നാം ഘട്ടത്തിൽ ഡിസംബർ ഒന്നിനും രണ്ടാം ഘട്ടത്തിൽ ഡിസംബർ 5നുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 8നായിരിക്കും വോട്ടെണ്ണൽ നടക്കുക. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു ഉത്തരേന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലും ഡിസംബർ 8ന് തന്നെയാണ് ഫലം അറിയുക.
നരേന്ദ്ര മോദിക്ക് പുറമെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിയുടെ താര പ്രചാരകനായി ഗുജറാത്തിൽ പര്യടനം നടത്തും. തുടർച്ചയായി ഏഴാം തവണയും സംസ്ഥാനത്ത് അധികാരം പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിപ്പിക്കുന്നത്.
മുതിർന്ന നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ രാജ് നാഥ് സിങ്, സ്മൃതി ഇറാനി, അർജുൻ മുണ്ട, ഗജേന്ദ്ര സിങ് ഷെഖാവത്ത് എന്നിവരും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ സംസ്ഥാനത്തുടനീളം റോഡ് ഷോകളും നടത്തും.
സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കേന്ദ്ര മന്ത്രിമാരും ഒപ്പമുണ്ടാവും. ഓരോ മേഖലയിലും വ്യത്യസ്ത മന്ത്രിമാർക്കാണ് ചുമതല നൽകിയിരിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. രണ്ട് ദശാബ്ദത്തിനിടയിൽ ബിജെപിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു അത്. ഇത്തവണ 100ൽ കൂടുതൽ സീറ്റുകളുമായി മികച്ച വിജയം നേടാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായതിനാൽ തന്നെ ബിജെപിക്ക് ഗുജറാത്ത് തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടം കൂടിയാണ്. 127 സീറ്റുകളാണ് ഇവിടെ ബിജെപിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും കൂടിയ സീറ്റ്.
What's Your Reaction?