പഠിച്ച പണിയെടുക്കാന്‍ ജീവിതസമരം; കൊടുംതണുപ്പില്‍ ഒരച്ഛനും മകനും

കടത്തിനുമേൽ കടം പെരുകിയിട്ടും സ്വപ്നങ്ങൾ ചേർത്തുവച്ചു മകനെ പഠിപ്പിച്ച അച്ഛൻ. കടം തീർത്ത്, അമ്മയേയും

Feb 6, 2019 - 01:46
 0
പഠിച്ച പണിയെടുക്കാന്‍ ജീവിതസമരം; കൊടുംതണുപ്പില്‍ ഒരച്ഛനും മകനും

കടത്തിനുമേൽ കടം പെരുകിയിട്ടും സ്വപ്നങ്ങൾ ചേർത്തുവച്ചു മകനെ പഠിപ്പിച്ച അച്ഛൻ. കടം തീർത്ത്, അമ്മയേയും അച്ഛനെയും പൊന്നുപോലെ നോക്കണമെന്നു കൊതിച്ച മകൻ. അവരിരുവരും ഡൽഹിയുടെ കൊടുംതണുപ്പിൽ, ഒരു മേൽക്കുപ്പായം പോലുമില്ലാതെ, കിടന്നുറങ്ങാൻ സുരക്ഷിതമായൊരു സ്ഥലമില്ലാതെ. അതും നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന്.

ഇത്, ഈ വാർത്തയെതുമ്പോഴും തണുപ്പിൽ വിറച്ചിരിക്കുന്ന തൃശൂർ മുളങ്കുന്നത്തുകാവ് പൂമലയിലെ സൈമൺ ജോഷ്വയുടെയും മകൻ ആകാശിന്റെയും ജീവിതകഥയാണ്. ഇവരുടെ ആവശ്യം ഒന്നുമാത്രം – പഠിച്ചിറങ്ങിയ മേഖലയിൽ ജോലി ചെയ്യാൻ സർക്കാർ അവസരം നൽകണം. അഥവാ ഓൾ ഇന്ത്യ ഫാർമസി കൗൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കോളജുകളിൽ നിന്നു ഫാം ഡി കോഴ്സ് പഠി‌ച്ചവർക്കു സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന അവസ്ഥ മാറണം.

ഇല്ലായ്മകൾക്കു നടുവിൽ മകനെ പഠിച്ച ഈ അച്ഛൻ, ഈ രാജ്യത്തെ ഒരുപാടു രക്ഷിതാക്കളുടെ പ്രതിനിധിയാണ്. ബോട്ടണിയിൽ ബിരുദം വരെ പഠിച്ച്, ഫാർമസിയിൽ ഡിപ്ലോമയെടുത്ത അയാൾക്ക് ഒരൽപ്പം ‘അതിരു കടന്ന മോഹമുണ്ടായി’. തന്റെ ഗതി മകനു വരരുത്. അവൻ കുറച്ചുകൂടി മെച്ചപ്പെട്ട നിലയിൽ പഠിക്കണം. അയാൾ അവനെ ഫാം ഡി കോഴ്സിനു ചേർത്തു. എല്ലാവരും പറഞ്ഞു. പുതിയ കോഴ്സാണ്. ഒരുപാടു സാധ്യതകളുള്ള കോഴ്സാണ്. പെട്ടെന്നു ജോലി കിട്ടും.

പാലക്കാട് ഗ്രേസ് കോളജിൽ ഫാം ഡിക്കു ചേർന്ന മകനെ പഠിപ്പിക്കാൻ ജോലി ഉപേക്ഷിച്ചു കോളജിനടുത്ത് ചെറിയൊരു വീടെടുത്തു. കൂട്ടിരുന്നു. അവനെ പാഠഭാഗങ്ങളിലും നോട്സെഴുതാനും ഫാർമസി ഡിപ്ലോ പഠിച്ച അച്ഛൻ സഹായിച്ചു. അവൻ പരീക്ഷയും കടന്നു, തൊഴിലിനിറങ്ങി. അപ്പോഴറിയുന്നു. 2008ൽ തുടങ്ങിയ കോഴ്സിലേക്ക് സർക്കാർ ഇന്നുവരെയും ഒരു തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല.

വിദേശരാജ്യങ്ങളിൽ ഡോക്ടറെഴുതുന്ന മരുന്നുകുറിപ്പടി ഒന്നുകൂടി പരിശോധിക്കാൻ പോലും യോഗ്യതയുള്ള ഫാം ഡിക്കാരെ നമ്മുടെ രാജ്യത്ത് സർക്കാർ ഒന്നു തിരി‍ഞ്ഞുനോക്കിയിട്ടു പോലുമില്ല. ഇതിനടിയിൽ, ഈ കുടുംബത്തിന്റെ കടം ലക്ഷങ്ങൾ കവിഞ്ഞു. ആശുപത്രികളിലെ ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികകളിൽ ഫാം-ഡി കോഴ്‌സ് വിദ്യാർഥികളെ മാത്രം നിയമിക്കുക, സ്വകാര്യ മേഖലയിലടക്കം ജോലി ചെ‌യ്യുന്നവർക്കായി ഏഴാം ശമ്പളകമ്മിഷൻ പ്രകാരമുള്ള ശമ്പളം നൽകുക, ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർഥികൾക്കു സ്റ്റൈപ്പൻഡ് അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. രാജ്യത്തെ 233 കോളജ‌ുകളിൽ നിന്നായി 22,000 പേർ ഫാം ഡി കോഴ്സ് പഠിച്ചിറങ്ങിയിട്ടുണ്ട്. 44000ത്തോളം വിദ്യാർഥികൾ നിലവിൽ കോഴ്സ് പഠിക്കുന്നുമുണ്ട്.

സർക്കാരിനടക്കം നിവേദനം പലതു നൽകിയിട്ടും അവഗണന തുടർന്നതോടെയാണ് ഇവർ സമരത്തിനിറങ്ങിയത്. ഫാർമസി കൗൺസിലിനു മുന്നിൽ സമരത്തിനു ചെന്നപ്പോൾ ചർച്ചയ്ക്കു വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ജന്തർ മന്തറിലെത്തിയത്. ഇവിടെ അനിശ്ചിതകാല സമരം നടത്തുന്നതിനു നിയമപരമായുള്ള തടസം ചൂണ്ടിക്കാട്ടി പൊലീസ് ആദ്യദിവസം തന്നെ ഒഴിവാക്കി. ഓരോ ദിവസവും പൊലീസ് സ്റ്റേഷനിൽ പോയി അപേക്ഷ നൽകി സമരം തുടരുന്നു ഇവർ.

പഠിച്ചിറങ്ങി ജോലികിട്ടാത്ത ചിലർ കേട്ടറിഞ്ഞു പിന്തുണയ്ക്കെത്തുന്നുണ്ട്. ഇവരുടെ ദൈന്യത കണ്ട്, ഒരു ഡൽഹിക്കാരൻ രാത്രി അന്തിയുറങ്ങാൻ ആദ്യദിവസങ്ങളിൽ അയാളുടെ വീട്ടിലേക്ക് കൂട്ടി, ഇനിയുള്ള ദിവസങ്ങളിൽ എന്താകുമെന്നറിയില്ല. പക്ഷേ, ഒന്നറിയാം, എന്തെല്ലാം തടസങ്ങളുണ്ടായാലും 18നു നടക്കുന്ന കൗൺസിൽ യോഗത്തിൽ തീരുമാനം ആകാതെ ഇവിടെ നിന്നു മടക്കമില്ല. സർക്കാരിനെ വിശ്വസിച്ചു പഠിച്ചിറങ്ങിയവർക്കും ഇപ്പോൾ പഠിക്കുന്നവർക്കും വേണ്ടിയുള്ള ജീവിതസമരമാണ് ഇവരുടേത്. നിങ്ങളുടെ മാനസിക പിന്തുണ മതി ഈ ത്യാഗത്തിന്– ജോഷ്വയുടെ നമ്പർ: 9567435795

What's Your Reaction?

like

dislike

love

funny

angry

sad

wow