ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഒരു ഇടംകയ്യൻ ബാറ്റ്സ്മാൻ കൂടി വേണം
ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഒരു ഇടംകയ്യൻ ബാറ്റ്സ്മാൻ കൂടി വേണം’ – പറയുന്നത് മറ്റാരുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സുനിൽ ഗാവസ്കർ. ഓപ്പണർ ശിഖർ ധവാനെക്കൂടാതെ ഒരു ഇടംകയ്യൻ താരം കൂടി ടീമിൽ വേണമെന്നു ചൂണ്ടിക്കാട്ടിയ ഗാവസ്കർ, ഋഷഭ് പന്തിനെ ടീമിലെടുക്കണമെന്നും ആവശ്യപ്പെട്ടു
ന്യൂഡൽഹി∙ ‘ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഒരു ഇടംകയ്യൻ ബാറ്റ്സ്മാൻ കൂടി വേണം’ – പറയുന്നത് മറ്റാരുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സുനിൽ ഗാവസ്കർ. ഓപ്പണർ ശിഖർ ധവാനെക്കൂടാതെ ഒരു ഇടംകയ്യൻ താരം കൂടി ടീമിൽ വേണമെന്നു ചൂണ്ടിക്കാട്ടിയ ഗാവസ്കർ, ഋഷഭ് പന്തിനെ ടീമിലെടുക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂസീലൻഡ് പര്യടനത്തിനുശേഷം നാട്ടിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുമ്പോൾ, പന്തിനും അവസരം നൽകണമെന്നാണ് ഗാവസ്കറിന്റെ ആവശ്യം.
‘ഋഷഭ് പന്തിനെ ഉൾപ്പെടുത്തുന്നത് ടീമിന് ശക്തി പകരുമെന്ന് ഉറപ്പാണ്. കാരണം, ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിൽ ഇടംകയ്യൻമാർ അധികമില്ല. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മൽസരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ പന്തിന് അവസരം നൽകണം. എങ്ങനെയാണ് അദ്ദേഹം സ്വന്തം കളി മെച്ചപ്പെടുത്തുന്നതെന്ന് നിരീക്ഷിക്കുകയും വേണം. അതിനായി നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ അദ്ദേഹത്തെ പരീക്ഷിക്കാം’ – ഗാവസ്കർ പറഞ്ഞു.
‘മധ്യനിരയിൽ ഒരു ഇടംകയ്യൻ ഉള്ളത് മിക്കപ്പോഴും നിർണായകമാകും. ദിനേഷ് കാർത്തിക്കിനെ മൂന്നാം ഓപ്പണറുടെ റോളിൽ പരിഗണിക്കുന്നതാകും കൂടുതൽ ഉചിതം. 15 അംഗ ടീമിൽ എന്തായാലും ഒരു മൂന്നാം ഓപ്പണർ കൂടിയേ തീരൂ. അങ്ങനെ വരുമ്പോൾ ടീമിൽ മൂന്നു വിക്കറ്റ് കീപ്പർമാർ ഉണ്ടാകും എന്നാലും സാരമില്ല. ബാറ്റിങ്ങിന്റെ കാര്യത്തിൽ ടീമിനു കൂടുതൽ സന്തുലിതാവസ്ഥ നൽകാൻ ഇവർക്കാകുമെന്നാണ് എന്റെ അഭിപ്രായം’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.
ടീമിൽ ഇടം കണ്ടെത്താനുള്ള രവീന്ദ്ര ജഡജേയുടെയും വിജയ് ശങ്കറിന്റെയും ശ്രമത്തിൽ വിജയ് ശങ്കറിനാണ് തന്റെ പിന്തുണയെന്നും ഗാവസ്കർ പറഞ്ഞു. ഇംഗ്ലണ്ടിലെ പേസ് ബോളിങ്ങിന് അനുകൂലമായ സാഹചര്യങ്ങളിൽ ജഡേജയേക്കാൾ വിജയ് ശങ്കറിനാകും മികവു കാട്ടാനാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൈക്കുഴ സ്പിന്നർമാരായ കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ടീമിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെതിരെ കളിക്കുമ്പോൾ ഞാനാണ് ക്യാപ്റ്റനെങ്കിൽ യുസ്‌വേന്ദ്ര ചാഹലിനെയാകും കളിപ്പിക്കുക. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളുമായിട്ടാണ് മൽസരമെങ്കിൽ കുൽദീപ് യാദവാണ് കുറച്ചുകൂടി യോജിച്ചത്. അതുകൊണ്ടുതന്നെ രണ്ടുപേരെയും ടീമിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.
മൂന്നു പേസ് ബോളർമാരും ടീമിൽ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരെ പേസ് ബോളിങ് യൂണിറ്റിൽ ഉൾപ്പെടുത്താം. നാലാം സീമറുടെ ആവശ്യം ടീമിൽ ഉണ്ടെന്നു തോന്നുന്നില്ലെന്നും ഗാവസ്കർ പറഞ്ഞു. ഓള്‍റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ എന്നിവരുള്ളപ്പോൾ നാലാം സീമർ എന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
What's Your Reaction?