സാഫ് കപ്പ് ഫുട്ബോളില്‍ പാക്കിസ്ഥാനെ മലര്‍ത്തിയിച്ച് ഇന്ത്യ; എതിരില്ലാത്ത 4 ഗോളിന് ജയം; ഛേത്രിക്ക് ഹാട്രിക്
സാഫ് കപ്പ് ഫുട്ബോളില്‍ പാക്കിസ്ഥാനെ എതിരില്ലാത്ത 4 ഗോളിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ഉജ്വല വിജയം. നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവിലാണ് 2023 സാഫ് കപ്പില്‍ ഇന്ത്യ വരവറിയിച്ചത്. ഉദാന്ത സിങ്ങാണ് നാലാം ഗോള്‍ നേടിയത്. വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. ഇന്‍റര്‍കോണ്ടിനന്‍റെല്‍ കപ്പിലെ വിജയത്തിന് പിന്നാലെയാണ് സാഫ് ഗെയിംസിലും ഇന്ത്യ വിജയം ആവര്‍ത്തിച്ചത്.
ചിരവൈരികളായ പാകിസ്ഥാനെതിരെ ശക്തമായ ടീമിനെയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഇറക്കിയത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും ആഷിഖ് കുരുണിയനും ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് ഇന്ത്യ ആക്രമണം അഴിച്ചുവിട്ട ഇന്ത്യ 10-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. 16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഛേത്രി ലീഡ് ഉയര്‍ത്തി.
രണ്ടാം പകുതിയിലും ഇന്ത്യയ്ക്കു തന്നെയായിരുന്നു മേൽക്കൈ. 74-ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. ഛേത്രിയെ പാക്ക് ഡിഫൻഡർ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഛേത്രിയ്ക്ക് ഇത്തവണയും പിഴച്ചില്ല. ഇന്ത്യന്‍ ജഴ്സിയിൽ ഛേത്രി നേടുന്ന നാലാം ഹാട്രിക്കാണിത്. 81–ാം മിനിറ്റിൽ ഉദാന്ത സിങ്ങും ലക്ഷ്യം കണ്ടതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.
ഇതുവരെ നടന്ന 13 സാഫ് ചാംപ്യൻഷിപ്പുകളിൽ എട്ട് തവണ ഇന്ത്യ ചാമ്പ്യന്‍മാരായിരുന്നു. 2021ൽ ഒടുവിൽ ചാംപ്യൻഷിപ് നടന്നപ്പോൾ ജയിച്ചതും ഇന്ത്യ തന്നെ. ഇന്റർകോണ്ടിനന്റൽ കപ്പ് ഫൈനലിൽ ഇന്ത്യ തോൽപിച്ച ലബനനും ഗൾഫ് രാജ്യമായ കുവൈത്തും അതിഥി ടീമുകളായി ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.
What's Your Reaction?