ചെറുകിട വ്യാപാരികളെ സഹായിക്കാൻ കേന്ദ്രസർക്കാറിന്റെ ഒഎൻഡിസി; ആമസോണും ഫ്ലിപ്കാർട്ടും ഇളകുമോ?
ഇ-കോമേഴ്സ് രംഗത്ത് ഇന്ത്യയിൽ പ്രധാനികൾ ആമസോണും ഫ്ളിപ്കാർട്ടുമാണ്. ഇവർക്ക് ബദലായാണ് കേന്ദ്രസർക്കാർ 2022 ഏപ്രിലിൽ ഓപ്പണ്‍ നെറ്റ്‍വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സ് (ഒഎൻഡിസി) ആരംഭിച്ചത്. ഡല്‍ഹി, ബെംഗളൂരു, കോയമ്പത്തൂര്‍, ഭോപ്പാല്‍, ഷില്ലോങ് എന്നിവിടങ്ങളിൽ ആദ്യ ഘട്ടത്തിൽ ഒഎൻഡിസി പ്രവർത്തനം ആരംഭിച്ചിരുന്നു.
ഇ-കോമേഴ്സ് രംഗത്ത് ഇന്ത്യയിൽ പ്രധാനികൾ ആമസോണും ഫ്ളിപ്കാർട്ടുമാണ്. ഇവർക്ക് ബദലായാണ് കേന്ദ്രസർക്കാർ 2022 ഏപ്രിലിൽ ഓപ്പണ്‍ നെറ്റ്‍വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സ് (ഒഎൻഡിസി) ആരംഭിച്ചത്. ഡല്‍ഹി, ബെംഗളൂരു, കോയമ്പത്തൂര്‍, ഭോപ്പാല്‍, ഷില്ലോങ് എന്നിവിടങ്ങളിൽ ആദ്യ ഘട്ടത്തിൽ ഒഎൻഡിസി പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ രണ്ട് നഗരങ്ങളിലേക്കും ഒഎൻഡിസി എത്താനുള്ള പദ്ധതിയിലാണ്. എന്താണ് ഒഎൻഡിസി, എങ്ങനെയാണ് ഇത് വൻകിട ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് ബദലായി പ്രവർത്തിക്കുന്നത് എന്നുള്ള കാര്യങ്ങളാണ് ചുവടെ.
പ്രവർത്തനം
നിലവിലെ ഇ-കോമേഴ്സ് വെബ്സൈറ്റുകൾ പോലെ പുതിയ പ്ലാറ്റ്ഫോമല്ല ഒഎൻഡിസി. എല്ലാ ഇ-കോമേഴ്സ് വെബ്സൈറ്റുകൾക്കുമായുള്ള പൊതു ശ്രംഖലയാണിത്. ഓൺലൈൻ പേയ്മെന്റ് രംഗത്ത് യുപിഐ പ്രവർത്തിക്കുന്നത് പോലെയാണ് ഒഎൻഡിസിയും പ്രവർത്തിക്കുക. ഒഎന്‍ഡിസിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ആപ്പിൽ തിരച്ചില്‍ നടത്തുമ്പോൾ എല്ലാ ആപ്പിലെയും സമാന ഉത്പ്പന്നങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് ഒഎന്‍ഡിസിയുടെ രീതി. ഉദാഹരണത്തിന് ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഒഎന്‍ഡിസിയില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു ഉപഭോക്താവ് ആമസോണ്‍ ആപ്പില്‍ കയറി മൊബൈല്‍ ഫോണ്‍ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിലെ വിവരങ്ങള്‍ കൂടി ഉപഭോക്താവിന് ലഭ്യമാകും. വാങ്ങുന്നവരെയും വില്പന നടത്തുന്നവരെയും ബന്ധിപ്പിക്കുകയാണ് നോൺ പ്രോഫിറ്റ് കമ്പനിയായ ഒഎൻഡിസിയുടെ ലക്ഷ്യം.
കച്ചവടക്കാർക്ക് ഗുണം
വില്പനകാരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ വലിയ നെറ്റ്‍വർക്കിന്റെ ഭാഗമാകാനുള്ള അവസരമാണ് ചെറുകിട കച്ചവടക്കാർക്ക് കൈവന്നിരിക്കുന്നത്. ഇ-കോമേഴ്സ് കുത്തകകൾ ചില വില്പനക്കാരോട് കാണിക്കുന്ന വിവേചനങ്ങൾ ഒഴിവാക്കാനും ഒഎൻഡിസി വഴി സാധിക്കും. 'രണ്ട് ഗേറ്റുള്ള മാളിന് പകരം, ആയിര കണക്കിന് ഗേറ്റുകളുള്ള മാൾ' എന്നാണ് ഒഎൻഡിസിയെ പറ്റി അധികൃതർ വിശേഷിപ്പിക്കുന്നത്. വില്പനക്കാർക്ക് മുൻഗണന ലഭിക്കാനുള്ള സാഹചര്യം ഇന്ത്യൻ ഇ-കോമേഴ്സ് രംഗത്തെ കുത്തകകൾ അനുവദിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം ഇതിനെ മറികടക്കാൻ ഒഎൻഡിസിയ്ക്ക് സാധിക്കും. ഇതുവഴി കൂടുതൽ മത്സര ക്ഷമത ഇ-കോമേഴ്സ് രംഗത്തിനുണ്ടാകുമെന്നാണ് കരുതുന്നത്. കുത്തക കമ്പനികളുടെ അനിയന്ത്രിതമായ വിലയിടലുകളെ നിയന്ത്രിക്കാൻ പുതിയ വഴി സാധിക്കും. ഭാവിയിൽ, ഉത്പ്പന്നങ്ങളെത്തിക്കുന്നതിനുള്ള വിതരണക്കാരെ കൂടി പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
900 മില്യണ്‍ ഉപഭോക്താക്കളെയും 1.2 മില്യണ്‍ വില്പനക്കാരെയുമാണ് ഒഎന്‍ഡിസിയില്‍ പ്രതീക്ഷിക്കുന്നത്. 2021 ൽ ഇന്ത്യന്‍ ഇ-കോമേഴ്‌സ് രംഗം 55 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടത്തിയിരുന്നത്. ഇതിന്റെ 60 ശതമാനവും ഫ്‌ളിപ്കാര്‍ട്ടും ആമസോണുമാണ് കയ്യടിക്കുന്നത്. വളരുന്ന വിപണിയിൽ 2030 ഓടെ വ്യാപാരം 350 ബില്യണ്‍ ഡോളറിലെത്തുമെന്നാണ പ്രതീക്ഷിക്കപ്പെടുന്നത്. ഇത് രാജ്യത്തെ ചെറുകിടക്കാർക്കും കൂടി ലഭ്യമാക്കുകയാണ് ഒഎൻഡിസി ലക്ഷ്യമിടുന്നത്.
സാങ്കേതിക വിദ്യയിൽ പരിചിതരല്ലാത്ത ചെറുകിട കച്ചവടക്കാരെ ഒഎൻഡിസിയിലെത്തിക്കുകയാണ് പ്രധാന വെല്ലുവിളി. ഇതിനായി ബോധവത്കരണം ഈ മേഖലയിൽ നടത്തേണ്ടതുണ്ടെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ അഭിപ്രായം. കുറഞ്ഞ അളവിൽ സ്റ്റോക്കുകളുള്ള ചെറുകിട വില്പനക്കാർക്ക് വലിയ അളവിൽ ബിസിനസ് നടത്തുന്ന് ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ നൽകുന്ന കിഴിവുകളുമായി മത്സരിക്കാൻ സാധിക്കുമോയെന്നതാണ് മറ്റൊരു പ്രശ്നം.
2022 ഏപ്രില്‍ 29 ന് ഒഎൻഡിസി ആരംഭിക്കുന്ന സമയത്ത് ഡല്‍ഹി, ബെംഗളൂരു, കോയമ്പത്തൂര്‍, ഭോപ്പാല്‍, ഷില്ലോങ് എന്നി 5 ഇടങ്ങളിലാണ് പരീക്ഷണം നടത്തിയത്. വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലായിൽ നോയിഡ, ഫരീദാബാദ്, ലഖ്നൗ, ഭോപ്പാല്‍, കൊല്‍ക്കത്ത, പൂനെ, ചെന്നൈ, കണ്ണൂര്‍, തൃശൂര്‍, ഉഡുപ്പി, കാഞ്ചീപുരം, പൊള്ളാച്ചി, മാന്നാര്‍, രാംനാഥപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒഎൻഡിസി ശ്രംഖല വ്യാപിപ്പിച്ചിരുന്നു.
ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രീ ആൻഡ് ഇന്റേണൽ ട്രേഡ് (Department for Promotion of Industry and Internal Trade) എന്ന കേന്ദ്രസർക്കാർ മന്ത്രാലയമാണ് ഒഎൻഡിസി പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (ക്യുസിഐ)യുമായി സഹകരിച്ചാണിത്. ഇൻഫോസിസ് സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനി, നാഷണൽ ഹെൽത്ത് അതോറിറ്റി സിഇഒ ആർ.എസ് ശർമ, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ആദിൽ സൈനുൽഭായ്, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സിഇഒ ദിലീപ് അസ്‌ബെ എന്നിവരടങ്ങിയ ഒമ്പതംഗ ഉപദേശക സമിതിയാണ് ഒഎൻഡിസിയുടെ പിന്നിലുള്ളത്.
What's Your Reaction?