ബജറ്റ് സമ്മേളനത്തില്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച സ്പീക്കര്‍ മഴക്കാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ പ്രതിപക്ഷ ആവശ്യത്തിനു വഴങ്ങിയത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ രണ്ടും കല്‍പിച്ചുള്ള രാഷ്ട്രീയ തന്ത്രമെന്നു വിലയിരുത്തൽ. പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രതിപക്ഷ നീക്കത്തിന്റെ മുനയൊടിച്ച് എന്‍ഡിഎ വിരുദ്ധ ചേരിയുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടാനുള്ള അവസരമായി അവിശ്വാസ ചര്‍ച്ചയെ ആയുധമാക്കാനാണു ബിജെപി കരുക്കള്‍ നീക്കുന്നത്. ശിവസേന അടക്കമുള്ള എന്‍ഡിഎ സഖ്യകക്ഷികള്‍ അവിശ്വാസത്തിനെതിരെ ഒറ്റക്കെട്ടായി സഭയിലെത്തുമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി.
അതിനിടെ
സർക്കാരിനെ എതിർക്കുന്ന അവിശ്വാസത്തിനെതിരെ നിലകൊള്ളുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. വിഷയത്തിൽ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ഉദ്ധവ് ഉറപ്പു നൽകി. പാർട്ടി എംപിമാർക്കു വിപ്പ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപിക്ക് ഒറ്റയ്ക്കു സഭയില്‍ ഭൂരിപക്ഷം ഉണ്ടായിരിക്കുകയും എന്‍ഡിഎ 21 സംസ്ഥാനങ്ങള്‍ ഭരിക്കുകയും ചെയ്യുന്ന സമയത്ത് അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കം വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയ്ക്കു പുറത്തുള്ള ചെറുപാര്‍ട്ടികളുടെ പിന്തുണയും മോദി സര്‍ക്കാരിനുണ്ടെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. 15 വര്‍ഷത്തിനിടെ ആദ്യമായാണു പാര്‍ലമെന്റ് അവിശ്വാസപ്രമേയത്തിനു വേദിയാകുന്നത്.
ജോസ് കെ. മാണി രാജ്യസഭയിലേക്കു ചേക്കേറുകയും ബിജെഡി എംപി ഭായ്ജയന്ത് ജെ പാണ്ഡെയുടെ രാജി സ്പീക്കര്‍ സ്വീകരിക്കുകയും ചെയ്തതോടെ ലോക്‌സഭയിലെ അംഗസംഖ്യ 533 ആയി കുറഞ്ഞു. മോദി സര്‍ക്കാരിനെതിരായ അവിശ്വാസം നാളെ ലോക്‌സഭ പരിഗണിക്കാനിരിക്കെയാണു ബിജെഡി എംപിയുടെ രാജി സ്വീകരിച്ചത്. ജൂണ്‍ 12നു രാജിവച്ച പാണ്ഡെ ഇന്നലെ സ്പീക്കറെ കണ്ടു രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി വിരുദ്ധ നടപടികളുടെ ഭാഗമായി ജനുവരിയില്‍ പാണ്ഡെയെ ബിജു ജനതാദളില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനിടെ അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്നു മാറിനിന്നേക്കുമെന്നു സൂചിപ്പിച്ച് ടിഡിപി എംപി ജെ.സി. ദിവകര്‍ റെഡ്ഡി രംഗത്തെത്തി. പാര്‍ലമെന്റിന്റെ ഈ സെഷനില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ടിഡിപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നടപടികള്‍ മൂലം ജനാധിപത്യവ്യവസ്ഥിതിയില്‍ തന്നെ വിശ്വാസം നഷ്ടപ്പെട്ടതായി ദിവാകര്‍ റെഡ്ഡി പറഞ്ഞു.
നിലവില്‍ പത്തു സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷത്തിനു വേണ്ടത്
266 സീറ്റുകളാണ്. ബിജെപിയുടെ 271 സീറ്റുകള്‍ ഉള്‍പ്പെടെ 314 അംഗങ്ങള്‍ എന്‍ഡിഎയ്ക്കുള്ള സാഹചര്യത്തില്‍ അവിശ്വാസപ്രമേയം മോദി സര്‍ക്കാരിനു യാതൊരു ഭീഷണിയും ഉയര്‍ത്തില്ല. നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ട് എംപിമാരുടെയും സ്പീക്കറുടെയും പിന്തുണ ബിജെപിക്കുണ്ട്. എന്‍ഡിഎയിലെ രണ്ടാമത്തെ കക്ഷിയായ ശിവസേനയ്ക്ക് 18 അംഗങ്ങളാണുള്ളത്. മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് സര്‍ക്കാരിനെതിരെ കടുത്ത അതൃപ്തിയുണ്ടെങ്കിലും മോദി സര്‍ക്കാരിനെതിരെ അവര്‍ വോട്ടു ചെയ്യുമെന്ന പ്രതീക്ഷ പ്രതിപക്ഷത്തിനുമില്ല. വോട്ടെടുപ്പില്‍നിന്ന് അവര്‍ വിട്ടുനില്‍ക്കാനുള്ള സാധ്യത മാത്രമാണു മുന്നിലുള്ളത്.
മറുവശത്തു
കോണ്‍ഗ്രസിനു 48 എംപിമാരും ടിഡിപിക്ക് പതിനാറും എന്‍സിപിക്ക് ഏഴും എംപിമാരുണ്ട്. യുപിഎയ്ക്കു പുറത്തുള്ള തൃണമൂലിന് 34 അംഗങ്ങളാണുള്ളത്. തെലങ്കാന രാഷ്ട്രസമിതി (11), സിപിഎം (9), എസ്പി (7) തുടങ്ങിയവയാണു മറ്റു പ്രധാന കക്ഷികള്‍. 20 എംപിമാരുള്ള ബിജു ജനതാദളും 37 എംപിമാരുള്ള എഐഎഡിഎംകെയും സര്‍ക്കാരിനെതിരേ വോട്ടു ചെയ്യുമോ എന്നും വ്യക്തമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യത്തിന് അടിത്തറ പാകാനുള്ള അവസരമാകും പ്രമേയമെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തൽ. കോണ്‍ഗ്രസ്, ടിഡിപി, സിപിഎം, സിപിഐ, തൃണമൂല്‍, മുസ്ലിം ലീഗ്, ആര്‍എസ്പി, എന്‍സിപി എന്നീ പാര്‍ട്ടികള്‍ സംയുക്തമായാണു ചര്‍ച്ചയ്ക്കു നോട്ടിസ് നല്‍കിയത്.
ഭരണഘടനയുടെ 75(3) വകുപ്പാണ് അവിശ്വാസപ്രമേയത്തിന് ആധാരം. ഇതനുസരിച്ചു കേന്ദ്ര മന്ത്രിസഭയ്ക്കു ലോക്സഭയോടു കൂട്ടുത്തരവാദിത്തമുണ്ട്. സഭയുടെ വിശ്വാസമില്ലാതെ മന്ത്രിസഭയ്ക്കു നിലനിൽപില്ല. ഇതേസമയം, മന്ത്രിസഭയ്ക്കെതിരെയല്ലാതെ ഏതെങ്കിലും മന്ത്രിമാർക്കെതിരെ അവിശ്വാസം രേഖപ്പെടുത്താനാവില്ല.
അവിശ്വാസപ്രമേയം കൊണ്ടുവരേണ്ടതു സഭാചട്ടങ്ങളുടെ 198–ാം വകുപ്പനുസരിച്ചാണ്. കീഴ് വഴക്കമനുസരിച്ച്, ‘ഈ സഭ മന്ത്രിസഭയിൽ അവിശ്വാസം പ്രകടിപ്പിക്കുന്നു’ എന്ന ഒറ്റ വാചകമാണു പ്രമേയത്തിന്റെ അംഗീകൃത രൂപം. പത്തുദിവസത്തിനകം പ്രമേയം ചർച്ചയ്ക്കെടുക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു. ഫലത്തിൽ, ചർച്ചയ്ക്കു തീയതി നിശ്ചയിക്കുന്നതിൽ മാത്രമാണു സ്പീക്കർക്കു വിവേചനാധികാരം.
പ്രമേയം ചട്ടപ്രകാരമാണെന്നു സ്പീക്കർ വിലയിരുത്തുകയാണ് ആദ്യപടി. അടുത്തപടിയായി, നോട്ടിസ് നൽകിയ അംഗം, പ്രമേയം അവതരിപ്പിക്കുന്നതിനു സഭയുടെ അനുമതി തേടണം. പ്രമേയത്തെ അനുകൂലിക്കുന്നവരോട് എഴുന്നേൽക്കാൻ സ്പീക്കർ ആവശ്യപ്പെടുന്നതാണ് അടുത്തപടി. കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ പ്രമേയത്തിനു സഭ അനുമതി നൽകിയതായി സ്പീക്കർ പ്രഖ്യാപിക്കും