"കരസേന വാഹനങ്ങൾ വൻ വിലക്കുറവിൽ, ബുള്ളറ്റ് വെറു 65000 രൂപയ്ക്ക്", വീഴരുതേ ഈ ഓഫറിൽ
ഓൺലൈൻ വിൽപന വെബ്സൈറ്റുകളിൽ വ്യാജപ്പരസ്യം നൽകി, ഇന്ത്യൻ കരസേനയുടെ പേരു ദുരുപയോഗം ചെയ്ത് തട്ടിപ്പ്. കരസേനയോ സേനാംഗങ്ങളോ ഉപയോഗിച്ച വാഹനങ്ങൾ വൻ
ഓൺലൈൻ വിൽപന വെബ്സൈറ്റുകളിൽ വ്യാജപ്പരസ്യം നൽകി, ഇന്ത്യൻ കരസേനയുടെ പേരു ദുരുപയോഗം ചെയ്ത് തട്ടിപ്പ്. കരസേനയോ സേനാംഗങ്ങളോ ഉപയോഗിച്ച വാഹനങ്ങൾ വൻ വിലക്കുറവിൽ വിൽക്കാനുണ്ടെന്നു പരസ്യം ചെയ്താണു തട്ടിപ്പ്. കച്ചവടം ഉറപ്പിച്ചാൽ വാങ്ങുന്നയാൾക്കു വാഹനം അയച്ചു നൽകാനുള്ള ചെലവെന്ന പേരിൽ ഓൺലൈൻ വോലറ്റുകളിലൂടെ തുക കൈമാറാൻ ആവശ്യപ്പെടും. കുറച്ചു പേരിൽ നിന്നു പണം കിട്ടിയാൽ പരസ്യം പിൻവലിച്ച് ഫോൺ നമ്പർ നിർജീവമാക്കും. ശേഷം പുതിയ പരസ്യവും നമ്പറും നൽകി തട്ടിപ്പു തുടരും.
യഥാർഥ വിപണിവിലയുടെ പകുതിയിൽ താഴെ തുക കാട്ടി വാഹനങ്ങളുടെ ചിത്രം പ്രമുഖ വിൽപന സൈറ്റുകളിൽ നൽകുകയാണ് തട്ടിപ്പിന്റെ ആദ്യ പടി. പരസ്യങ്ങളിലേറെയും റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ വിൽക്കാനാണ്. കാറുകളും ജീപ്പുകളുമുണ്ട്. കരസേനയിലെ ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണെന്നു കാട്ടിയാണ് പരസ്യം. ഒപ്പം നൽകുന്ന ഫോണിൽ വിളിച്ചാൽ ഹിന്ദിയിൽ സംസാരിക്കും. പാങ്ങോട് മിലിറ്ററി ക്യാംപിൽ ജോലി ചെയ്യുന്ന ഉദ്യോസ്ഥനാണെന്നും സ്ഥലം മാറ്റമായതിനാൽ എളുപ്പം വാഹനം വിൽക്കേണ്ടതിനാലാണ് ഇത്ര കുറഞ്ഞ വിലയെന്നും പറയും.
വാഹനത്തിന്റെ അസൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പിയും മറ്റു രേഖകളും വാട്സാപ് വഴി അയച്ചുതന്ന് വിശ്വാസമാർജിക്കും. കരസേനയിലെ തിരിച്ചറിയൽ കാർഡ്, കരസേനാ കന്റീൻ സ്മാർട് കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകളുടെ ചിത്രവും അയയ്ക്കും. യൂണിഫോമിലുള്ളതോ കരസേനാ ചിഹ്നങ്ങൾ കാണാവുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങളാണ് വെബ്സൈറ്റിലെ യൂസർ പിക്ചർ (ഡിപി) ആയി ഉപയോഗിക്കുക.
മാസങ്ങൾക്കു മുൻപേ ഇതേ വെബ്സൈറ്റുകൾ വഴി വിറ്റുപോയ വാഹനങ്ങളുടെ ചിത്രങ്ങളാണ് ഇങ്ങനെ നൽകുന്നതെന്നാണ് ആർസി ബുക്കിലെ മൊബൈൽ നമ്പരുകളിൽ വിളിച്ചു ചോദിച്ചപ്പോൾ ലഭിച്ച വിവരം. യഥാർഥ ഉടമകൾ വാഹനം വിൽക്കാൻ ഓൺലൈൻ സൈറ്റിൽ പരസ്യം നൽകിയ സമയത്ത് അവരെ ഫോണിൽ വിളിച്ചാണു രേഖകൾ കൈക്കലാക്കുന്നത്. വാഹനം നേരിട്ടു കാണാൻ അവസരം ചോദിച്ചാൽ കരസേനാ ക്യാംപിലായതിനാൽ പ്രയാസമാണെന്നു പറഞ്ഞൊഴിയും.
വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ആളോടു പാൻ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടും. ഇതിൽ കൃത്രിമം കാട്ടി കരസേനയിൽ ജോലിയുള്ള ആരുടെയെങ്കിലും പേരിലാക്കി അടുത്ത ഇരയുടെ വിശ്വാസമാർജിക്കാൻ വേണ്ടി ഉപയോഗിക്കുകയാണു പതിവ്. തട്ടിപ്പു നടത്താൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകളും ഇതേ രേഖകൾ ഉപയോഗിച്ചാണു സംഘടിപ്പിക്കുന്നത്. കച്ചവടം ഉറപ്പിച്ചു കഴിഞ്ഞാൽ വാഹനം അയയ്ക്കാനുള്ള ചെലവു മാത്രം വോലറ്റിലേക്കു നൽകാൻ ആവശ്യപ്പെടും. ഇരുചക്ര വാഹനമാണെങ്കിൽ 7,500 രൂപ വരെയും കാർ, ജീപ്പ് എന്നിവയ്ക്കു 15,000 രൂപ വരെയുമാണു ചോദിക്കുക.
What's Your Reaction?