സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും

Apr 28, 2022 - 22:06
 0
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്ക് (Mask) നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ (Fine) നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ദുരന്ത നിവാരണ നിയമ പ്രകാരമാണ് പു​തി​യ തീ​രു​മാ​നം. എന്നാൽ എത്ര രൂപയാണ് പിഴയെന്ന്‌ ഉത്തരവില്‍ പറയുന്നില്ല.

ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും മാസ്ക്ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.

കോവിഡ് രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് കര്‍ണാടകയും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മാസ്ക് നിര്‍ബന്ധമാക്കിയതിന് പുറമെ അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.


പൊതു സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. ജനങ്ങള്‍ കോവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

കര്‍ണാടകയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായാണ് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കിയത്. രോഗവ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഡല്‍ഹിയും തമിഴ്‌നാടും മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2541 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 30 മരണവും റിപ്പോര്‍ട്ട് ചെയ്തു. ടിപിആറും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗവും വിളിച്ചു.

കോവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് മാര്‍ച്ച് മുതല്‍ കേന്ദ്രം അയവു വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കിയിരുന്നില്ല. എന്നാല്‍ പല സംസ്ഥാനങ്ങളിലും കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് തീവ്രവ്യാപനമില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവ്.

What's Your Reaction?

like

dislike

love

funny

angry

sad

wow