108 ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകന് സിബിഐയുടെ കുരുക്ക്
രാജസ്ഥാനിലെ ‘108’ ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയ്‌ക്കെതിരെ സി.ബി.ഐ ജയ്പൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
രാജസ്ഥാനിലെ ‘108’ ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയ്‌ക്കെതിരെ സി.ബി.ഐ ജയ്പൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രവി കൃഷ്ണയെ കൂടാതെ കൃഷ്ണ, സ്വികിറ്റ്‌സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് കമ്പനിയുടെ സി.ഇ.ഒ ശ്വേത മംഗള്‍, ജീവനക്കാരനായ അമിത് ആന്റണി അലക്‌സ് എന്നിവരേയും കമ്പനിയേയും പ്രതികളാക്കിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൂന്നുവര്‍ഷത്തെ അന്വേഷണത്തിനു ശേഷമാണ് കുറ്റപത്രം നല്‍കിയത്. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്, മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവരടക്കം പ്രതികളായി രാജസ്ഥാന്‍ പൊലീസ് നേരത്തെ പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കിയ കേസാണിത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണു സിബിഐ അന്വേഷണം ഏറ്റെടുത്തത്.
അന്വേഷണത്തിനു ശേഷം സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, കാര്‍ത്തി ചിദംബരം, മിര്‍സ എന്നിവര്‍ക്കെതിരെ പരാമര്‍ശമില്ല. അന്വേഷണം തുടരുകയാണെന്നും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പിന്നീട് പ്രതി ചേര്‍ക്കാനിടയുണ്ടെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
കേസന്വേഷണത്തിനു മുന്നോടിയായി രവി കൃഷ്ണ ഉള്‍പ്പെടെ രണ്ടു ഡയറക്ടര്‍മാരുടെ 11.57 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡപ്പാര്‍ട്‌മെന്റ് (ഇഡി) ജപ്തി ചെയ്തിരുന്നു. സ്വികിറ്റ്‌സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് (സെഡ്എച്ച്എല്‍) എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ രവികൃഷ്ണ, സ്വേത മന്‍ഗല്‍ എന്നിവരുടെ സ്വത്തുക്കളാണു ജപ്തി ചെയ്തത്. രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രിയായിരിക്കെയാണ് ആരോപണങ്ങളുടെ തുടക്കം.
ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷം ജയ്പൂര്‍ മേയര്‍ പങ്കജ് ജോഷി 2014 ജൂലൈ 31നു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു രാജസ്ഥാന്‍ പൊലീസ് കേസെടുത്തത്. 108 ആംബുലന്‍സ് സര്‍വീസ് നടത്തിപ്പു ക്രമവിരുദ്ധമായി ഒരു കമ്പനിക്കു നല്‍കിയെന്നാണു കേസ്.
ചെലവുകളില്‍ കൃത്രിമം കാട്ടിയെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ,കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, സ്വേത മംഗള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്.
2010-13 കാലയളവില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ആംബുലന്‍സ് സര്‍വീസ് നടത്തിപ്പുമായി ബന്ധപ്പെട്ടു 2.56 കോടിയുടെ ക്രമക്കേടുണ്ടായെന്നാണ് ആരോപണം. സച്ചിന്‍ പൈലറ്റും കാര്‍ത്തിയും സികിറ്റ്‌സ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍മാരായിരുന്നു. രവി കൃഷ്ണ ഡയറക്ടറാണ്.
What's Your Reaction?