KIIFB | ഇഡിക്കെതിരെ കെ.കെ.ശൈലജ, മുകേഷ് ഉൾപ്പെടെ 5 എംഎൽഎമാർ ഹൈക്കോടതിയിൽ

ഇഡിയുടേത് അനാവശ്യമായ കടന്നുകയറ്റമാണെന്നും ഇടപെടലുകൾ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നുമാണ് ഹർജിയിലെ ആരോപണം

Aug 11, 2022 - 22:47
 0

എൻഫോഴ്സ്മെന്റ് ഡയറക്ടേഴ്സിനെതിരെ ഹർജിയുമായി അഞ്ചു എംഎൽഎമാർ. കിഫ്ബിയ്ക്കെതിരായ അന്വേഷണത്തിനെതിരെ എംഎൽഎമാരായ കെകെ ശൈലജ, ഐബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിട്ടത്.

ഇഡിയുടേത് അനാവശ്യമായ കടന്നുകയറ്റമാണെന്നും ഇടപെടലുകൾ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നുമാണ് ഹർജിയിലെ ആരോപണം. ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്നു പരിഗണിക്കും. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി മുൻ‌ ധനമന്ത്രി തോമസ് ഐസക്കിന് നോട്ടീസ് നൽ‌കിയിരുന്നു.

ഇതിന് പിന്നാലെ സമൻസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇഡിക്കെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇഡി സമൻസുകൾ നിയമവിരുദ്ധമാണെന്നും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികൾ വിലക്കണമെന്നുമാണ് തോമസ് ഐസക്കിന്‍റെ ഹർജി. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ വ്യാഴാഴ്ച ഹാജരാകാനാകില്ലെന്ന് തോമസ് ഐസക് ഇഡി നോട്ടീസിനു മറുപടി നൽകിയിരുന്നു.

തനിക്ക് ലഭിച്ച രണ്ട് നോട്ടീസുകളിലും താന്‍ ചെയ്ത കുറ്റം എന്തെന്നു വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ എങ്ങനെയാണ് ഫെമ നിയമം ലംഘിച്ചതെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ട് സമൻസിലും പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക് പറയുന്നു.

കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക് ഹർജിയിൽ ആവശ്യപ്പെട്ടു. കിഫ്ബി രേഖകളുടെ ഉടമസ്ഥൻ താനല്ല. തന്റെ സമ്പാദ്യം പൊതു സമൂഹത്തിന് മുന്നിലാണുള്ളതന്നും തോമസ് ഐസക് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow