ജനതാദൾ എസ് കേരള ഘടകം പുതിയ പാർട്ടി രൂപീകരിച്ച് ലയിക്കും
എൻഡിഎ ഘടകകക്ഷിയായ ജെഡിഎസുമായുള്ള ബന്ധം വേർപ്പെടുത്തി പുതിയ പാർട്ടി രൂപീകരിക്കുമെന്ന് കേരള ഘടകം. ഒരു രൂപത്തിലും ബിജെപിയോടൊപ്പംനിന്ന് പ്രവർത്തിക്കുന്ന ഒരു പാർട്ടിയുടെ ഘടകമായി കേരളത്തിലെ ഘടകം അറിയപ്പെടാൻ ഇഷ്ടപ്പെടുന്നില്ലെന്നും എല്‍ഡിഎഫില്‍ തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി തോമസ് എംഎൽഎ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിൽ ഒരുപക്ഷെ ഒരു പാർട്ടിയെന്ന് കാണുന്നതൊഴിച്ചാൽ വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് എടുത്തുകൊണ്ടാണ് കേരളത്തിലെ ഘടകം കഴിഞ്ഞ കുറേ നാളുകളായി പ്രവർത്തിക്കുന്നതെന്നും എന്നാൽ സാങ്കേതികമായ ഈ അപാകത പരിഹരിക്കപ്പെടേണ്ടതാണെന്ന് സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള ജനപ്രതിനിധികൾക്ക് അവരെ തിരഞ്ഞെടുത്ത് അയച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് യാതൊരു തടസ്സവും ഉണ്ടാകാത്ത രീതിയിലുള്ള നടപടികളിലേക്ക് നീങ്ങുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വാഭാവികമായും ജനതാദൾ എസ് എന്ന പേര് കേരളത്തിലെ പാര്‍ട്ടിക്ക് ഉപേക്ഷിക്കേണ്ടിവരും. പേര് ഉപേക്ഷിച്ചുകൊണ്ട് ഒരു പുതിയ പാർട്ടി രജിസ്റ്റർ ചെയ്യാൻ ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ പുതിയ പാർട്ടിയിലേക്ക് കേരള ഘടകം ലയിക്കാനാണ് ആലോചന. ഇതിന് നിയമപരമായ കാര്യങ്ങൾകൂടി പരിശോധിക്കണം. ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാൽ അതിലേക്ക് ലയിക്കും, മാത്യൂ ടി. തോമസ് വ്യക്തമാക്കി.
What's Your Reaction?