'പ്രസ്‌താവനയിൽ ഒപ്പുവയ്ക്കാതെ ഇന്ത്യയടക്കം 7 രാജ്യങ്ങൾ'; യുക്രെയ്ൻ സമാധാന ഉച്ചകോടി സമാപിച്ചു

Jun 17, 2024 - 10:47
 0
'പ്രസ്‌താവനയിൽ ഒപ്പുവയ്ക്കാതെ ഇന്ത്യയടക്കം 7 രാജ്യങ്ങൾ'; യുക്രെയ്ൻ സമാധാന ഉച്ചകോടി സമാപിച്ചു

യുക്രെയ്ൻ സമാധാന ഉച്ചകോടിയിൽ സംയുക്‌ത പ്രസ്‌താവനയിൽ ഒപ്പുവയ്ക്കാതെ ഇന്ത്യയടക്കം 7 രാജ്യങ്ങൾ. 79 രാജ്യങ്ങൾ ഒപ്പുവച്ചു. അതേസമയം രണ്ടു ദിവസം നീണ്ടുനിന്ന യുക്രെയ്ൻ സമാധാന ഉച്ചകോടി അവസാനിച്ചു. ബർഗൻസ്റ്റോക്ക് യുക്രെയ്ൻ്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ അടിസ്‌ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാനക്കരാർ എന്ന ആവശ്യമുയർത്തിയായിരുന്നു ഉച്ചകോടി.

തൊണ്ണൂറിലേറെ രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടിയുടെ സംയുക്‌ത പ്രസ്‌താവനയിൽ ഒപ്പു വയ്ക്കുന്നതിൽനിന്ന് ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്ല‌ൻഡ്, ഇന്തൊനീഷ്യ, മെക്സിക്കോ, യുഎഇ തുടങ്ങി റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങൾ വിട്ടുനിന്നു. നിരീക്ഷകരായി ഉച്ചകോടിയിൽ പങ്കെടുത്ത ബ്രസീലും സംയുക്ത പ്രസ്താവന അംഗീകരിച്ചില്ല.

ജൂൺ 15, 16 തീയതികളിലായി സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിലാണ് ഉച്ചകോടി നടന്നത്. എന്നാൽ ഇതിലേക്ക് റഷ്യയ്ക്ക് ക്ഷണമുണ്ടായിരുന്നില്ല. ചൈനയെ യുക്രെയ്ൻ ക്ഷണിച്ചെങ്കിലും അവർ പ്രതിനിധിയെ അയയ്ക്കാതെ വിട്ടുനിന്നു. എന്നാൽ റഷ്യയുടെ പ്രധാന വ്യാപാര പങ്കാളിയായ തുർക്കി പ്രസ്താവനയിൽ ഒപ്പുവച്ചത് യുക്രെയ്‌ന് ആശ്വാസമായിട്ടുണ്ട്. അതേസമയം ചിലർ ‘ബാലൻസിങ്ങിന്’ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. യുക്രെയ്‌നിൽനിന്ന് റഷ്യൻ സൈന്യം പിന്മാറിയാൽ ഉടൻ തന്നെചർച്ചയ്ക്ക് തയ്യാറാണെന്നും സെലൻസ്കി വ്യക്തമാക്കി.

ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യ സെക്രട്ടറി പവൻ കപുറാണ് പങ്കെടുത്തത്. ഇരുവിഭാഗങ്ങൾക്കും സ്വീകാര്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമാധാനം പുനഃസ്‌ഥാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനത്തിനായി ബന്ധപ്പെട്ട രാജ്യങ്ങളുമായി ചർച്ച തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം സാപൊറീഷ്യ ആണവനിലയത്തിൻ്റെ നിയന്ത്രണം യുക്രെന് തിരിച്ചുനൽകണമെന്നും തുറമുഖങ്ങൾക്കും കപ്പലുകൾക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow