ബാംഗ്ലൂരിനെ തകര്‍ത്ത് രാജസ്ഥാന്‍ ഫൈനലില്‍
ഐപിഎല്ലില്‍ നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍
ഐപിഎല്ലില്‍ നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. 60 പന്തില്‍ 106 റണ്‍സ് നേടിയ ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ പ്രകടനമാണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്.
10 ഫോറുകളും 6 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ബട്ട്‌ലറുടെ ഇന്നിങ്‌സ്. രാജസ്ഥാനായി നായകന്‍ സഞ്ജു സാംസണ്‍ 21 പന്തില്‍ 23 റണ്‍സും യശസ്വി ജയ്‌സ്വാള്‍ 13 പന്തില്‍ 23 റണ്‍സും നേടി. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആണ് രാജസ്ഥാന്റെ എതിരാളികള്‍.
മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സാണ് പിറന്നത്. ജയ്സ്വാള്‍ രണ്ട് സിക്സും ഒരു ഫോറും നേടി. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ രണ്ടാം ഓവറില്‍ ആറ് റണ്‍സ്. എന്നാല്‍ സിറാജിന്റെ തന്നെ മൂന്നാം ഓവറില്‍ 15 റണ്‍സും പിറന്നു. ഇന്ത്യന്‍ താരത്തിന്റെ രണ്ട് ഓവറില്‍ മാത്രം 31 റണ്‍സാണ് ജയ്സ്വാള്‍- ബട്ലര്‍ സഖ്യം അടിച്ചെടുത്തത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 61 റണ്‍സുള്ളപ്പോല്‍ ജയസ്വാള്‍ മടങ്ങി. ഹേസല്‍വുഡിനായിരുന്നു വിക്കറ്റ്
പിന്നാലെ ക്രീസിലെത്തിയ സഞ്ജു (21 പന്തില്‍ 23) ഏറെ പ്രതീക്ഷ നല്‍കി. എന്നാല്‍ വനിന്ദു ഹസരങ്കയ്ക്കെതിരെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് താരം പുറത്തായി. ഗ്ലൂഗി മനസിലാക്കാതെ ക്രീസില്‍ നിന്ന് ചാടിയിറങ്ങിയ സഞ്ജുവിന് പിഴച്ചു. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സഞ്ജുവിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. രണ്ട് മനോഹര സിക്സും ഒരു ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.
12 പന്തില്‍ 9 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കല്‍ പുറത്താവുമ്പോള്‍ രാജസ്ഥാന്‍ വിജയത്തോട് അടുത്തിരുന്നു. പതിനെട്ടാം ഓവറില്‍ ബട്ട്‌ലര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 42 പന്തില്‍ 58 റണ്‍സ് നേടിയ രജത് പടിദര്‍ ആയിരുന്നു ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.
രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണയും ഒബദ് മക്കോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അവസാന അഞ്ച് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തിയ ബാംഗ്ലൂരിന് 34 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
What's Your Reaction?