മദ്യപിച്ചിരുന്നതിന്റെ പേരിൽ മാത്രം ഇൻഷുറൻസ് തുക നിഷേധിക്കാനാകില്ല; ഹൈക്കോടതി
മദ്യപിച്ചിരുന്നതിന്റെ പേരിൽ മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇൻഷുറൻസ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. അമിതയളവിൽ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെങ്കിൽ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.
മദ്യപിച്ചിരുന്നതിന്റെ പേരിൽ മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇൻഷുറൻസ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. അമിതയളവിൽ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെങ്കിൽ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.
മദ്യത്തിന്റെ സ്വാധീനം ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. കുറച്ച് മദ്യം കഴിച്ചയാൾ കൂടുതൽ ഉപയോഗിച്ചയാളേക്കാൾ ലഹരിയിലായിരിക്കും. ഇത് ഓരോരുത്തരുടേയും ആരോഗ്യത്തേയും ശേഷിയേയും ആശ്രയിച്ചാണ്. അതിനാൽ ഇക്കാര്യത്തിൽ നിശ്ചിതമായ മാനദണ്ഡം സ്വീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അപകടത്തിൽ മരിച്ച തൃശ്ശൂർ സ്വദേശിയുടെ ആശ്രിതർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പോളിസിപ്രകാരം അർഹമായ ഏഴുലക്ഷം രൂപ നൽകാനുള്ള ഉത്തരവിനെതിരെ നാഷണൽ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ തള്ളിയാണ് കോടതി വിധി. ജസ്റ്റിസ് ഷാജി പി. ചാലിയുടേതാണ് വിധി.
ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ ഉത്തരവിനെതിരേയാണ് ഇൻഷുറൻസ് കമ്പനി കോടതിയെ സമീപിച്ചത്. 2009 മെയ് 19 നാണ് ഇറിഗേഷൻ വകുപ്പ് ജീവനക്കാരനായ വ്യക്തി വാഹനാപകടത്തിൽ മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യവേ എതിർവശത്തുനിന്ന് മറ്റൊരുവാഹനത്തെ മറികടന്നുവന്ന ടൂറിസ്റ്റ് ബസ്സ് ഇടിച്ചായിരുന്നു അപകടം.
വില്ലേജ് ഓഫീസർ തയ്യാറാക്കിയ ലൊക്കേഷൻ സ്കെച്ചിൽ ബൈക്ക് യാത്രക്കാരൻ തന്റെ വശത്തിലൂടെ തന്നെയാണ് വാഹനം ഓടിച്ചതെന്നും വ്യക്തമായിരുന്നു. അപകടത്തിൽ, അശ്രദ്ധയോടെ ബസ് ഓടിച്ചതിന് ബസ് ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തുരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും രക്തരാസപരിശോധന റിപ്പോർട്ടിലും ബൈക്ക് ഓടിച്ചിരുന്നയാളുടെ ശരീരത്തിൽ അനുവദനീയമായതിനെക്കാൾ മദ്യമുള്ളതായി കണ്ടെത്തി. ഇത് ചൂണ്ടിക്കാട്ടിയാണ് ഇൻഷുറൻസ് കമ്പനി തുക നിഷേധിച്ചത്.
What's Your Reaction?