'മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടന വിരുദ്ധം;സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്താല്‍ രാജിവെക്കേണ്ടിവരും:' കെ.സുരേന്ദ്രന്‍

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഭരണഘടനയെ പരസ്യമായി അവഹേളിച്ചതിനാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്. സർക്കാരിന് ഭരണഘടനയോട് ബഹുമാനം ഇല്ലെന്നതിന്റെ തെളിവാണിതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയാല്‍ സർക്കാരിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. സത്യപ്രതിജ്ഞ ചെയ്താൽ സജി ചെറിയാന് വീണ്ടും രാജിവയ്ക്കേണ്ടി വരുമെന്നും.വിഷയത്തിൽ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തു വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, വീണ്ടും മന്ത്രിയാകുന്നതിന് നിയമപരമായി തടസ്സമില്ലെന്ന് സജി ചെറിയാൻ പ്രതികരിച്ചു. ധാർമികതയുടെ പേരിലാണ് രാജിവെച്ചത്. തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞത് കൊണ്ടാണ് മന്ത്രി സഭയിലേക്ക് തിരിച്ചെത്തുന്നത്. തന്റെ പ്രസംഗത്തിൽ ഭരണഘടനവിരുദ്ധതയില്ലെന്ന് പോലീസും കോടതിയും കണ്ടെത്തിയെന്നും സജി ചെറിയാൻ പറഞ്ഞു.
പരാതിക്കാരനും പ്രതിപക്ഷ നേതാവിനും കൂടുതൽ വിശദീകരണം വേണമെങ്കിൽ ഇനിയും കോടതിയിൽ പോകാം. പ്രധാനപ്പെട്ട ഒരു സ്ഥാനം പോകുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ഭയപ്പെട്ടില്ല. മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി കിടന്നുമില്ല. പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ വ്യക്തിപരമായ ധാര്‍മ്മികതയുടെ പേരിൽ മാത്രമല്ല, പാര്‍ട്ടിയുടെ ധാര്‍മ്മികതകൂടി ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാജിവെച്ചത്.
കോടതിയില്‍ രണ്ടു കേസുകള്‍ വന്നതുകൊണ്ടുകൂടിയാണ് രാജിവെച്ചത്. രണ്ടുകേസുകളെ സംബന്ധിച്ച് തീരുമാനമുണ്ടായപ്പോള്‍ ധാര്‍മികമായ രാജി പിന്‍വലിക്കുന്ന കാര്യം ആലോചിക്കേണ്ടത് പാര്‍ട്ടിയാണ്. ആ ആലോചനയാണ് പാര്‍ട്ടി നടത്തിയത്. വകുപ്പും, സത്യപ്രതിജ്ഞയും തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും സജി ചെറിയാൻ പറഞ്ഞു.
ഭരണഘടനാ വിരുദ്ധപരാമർശത്തിൽ പുറത്തായ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നത്.
ജനുവരി 23ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുന്‍പ് സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നടത്താനാണ് സിപിഎം നേതൃയോഗത്തിൽ ധാരണയായത്. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി തീരുമാനിക്കാന്‍ ആണ് സിപിഎം സെക്രട്ടേറിയറ്റ് നിർദേശിച്ചത്. സത്യപ്രതിജ്ഞയുടെ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. പഴയ വകുപ്പുകൾ തന്നെ സജി ചെറിയാന് തിരികെ നൽകുമെന്നാണ് വിവരം.
സജി ചെറിയാന്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ രാജി വെച്ചപ്പോള്‍ അദ്ദേഹത്തിന് പകരം മറ്റൊരു മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്കായി നല്‍കുകയാണ് ചെയ്തത്.
What's Your Reaction?






