ഐപിഎല്‍: പാണ്ഡെ മുതല്‍ പന്ത് വരെ... ഇന്ത്യന്‍ സെഞ്ച്വറി വീരന്‍മാര്‍, രാജാവ് കോലി തന്നെ

ഐപിഎല്ലിന്റെ ചരിത്രത്തില്‍ സെഞ്ച്വറികള്‍ക്കു ഒട്ടും പഞ്ഞമുണ്ടായിട്ടില്ല. 2008ല്‍ ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരം തന്നെ സെഞ്ച്വറിയോടെയാണ് തുടങ്ങിയത്. അന്നു ന്യൂസിലന്‍ഡ് വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി സെഞ്ച്വറി അമിട്ടിനു തിരികൊളുത്തിയത്. പിന്നീട് സെഞ്ച്വറികളുടെ വലിയൊരു നിര തന്നെ കണ്ടു.

May 11, 2018 - 23:09
 0
ഐപിഎല്‍: പാണ്ഡെ മുതല്‍ പന്ത് വരെ... ഇന്ത്യന്‍ സെഞ്ച്വറി വീരന്‍മാര്‍, രാജാവ് കോലി തന്നെ

മുംബൈ: ഐപിഎല്ലിന്റെ ചരിത്രത്തില്‍ സെഞ്ച്വറികള്‍ക്കു ഒട്ടും പഞ്ഞമുണ്ടായിട്ടില്ല. 2008ല്‍ ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരം തന്നെ സെഞ്ച്വറിയോടെയാണ് തുടങ്ങിയത്. അന്നു ന്യൂസിലന്‍ഡ് വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി സെഞ്ച്വറി അമിട്ടിനു തിരികൊളുത്തിയത്. പിന്നീട് സെഞ്ച്വറികളുടെ വലിയൊരു നിര തന്നെ കണ്ടു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടൂര്‍ണമെന്റിന്റെ പതിനൊന്നാം സീസണില്‍ ഇതുവരെ മൂന്നു സെഞ്ച്വറികള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ഇതിഹാസതാരം ക്രിസ് ഗെയ്ല്‍, ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഷെയ്ന്‍ വാട്‌സന്‍ എന്നിവര്‍ക്കു ശേഷം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തും സെഞ്ച്വറി നേട്ടം കൈവരിച്ചു. സെഞ്ച്വറികളുടെ കാര്യത്തില്‍ വിദേശ താരങ്ങളോടു കിട പിടിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കാഴ്ചവച്ചത്. നാലു സെഞ്ച്വറികളുമായി സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ സെഞ്ച്വറി വീരന്‍മാരുടെ രാജാവ്. രണ്ടു സെഞ്ച്വറികള്‍ വീതം നേടി വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, മുരളി വിജയ് എന്നിവരാണ് തൊട്ടുതാഴെയുള്ളത്. ഐപിഎല്ലില്‍ ഇതുവരെ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മനീഷ് പാണ്ഡെ (2009) ഐപിഎല്ലില്‍ ഇന്ത്യന്‍ താരത്തിന്റെ സെഞ്ച്വറിക്കായി രണ്ടാം സീസണ്‍ വരെ ആരാധകര്‍ക്കു കാത്തിരിക്കേണ്ടിവന്നു. 2009 സീസണില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയാണ് ഇന്ത്യന്‍ സെഞ്ച്വറിയുടെ അക്കൗണ്ട് തുറന്നത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി പാണ്ഡെ പുറത്താവാതെ 73 പന്തില്‍ 114 റണ്‍സ് അടിച്ചെടുത്തു. ദക്ഷിണാഫ്രിക്കയിലായിരുന്നു 2009ലെ ടൂര്‍ണമെന്റ് അരങ്ങേറിയത്. അന്നു സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കിലായിരുന്നു പാണ്ഡെയുടെ ഇടിവെട്ട് ബാറ്റിങ്. താരത്തിന്റെ സെഞ്ച്വറി മികവില്‍ ബാംഗ്ലൂര്‍ മല്‍സരത്തില്‍ ജയിക്കുകയും ചെയ്തു.

യൂസുഫ് പഠാന്‍ (2010) തൊട്ടടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരം യൂസുഫ് പഠാന്റെ വകയായിരുന്നു രണ്ടാം സെഞ്ച്വറി. മുംബൈ ഇന്ത്യന്‍സിനെതിരേ അവരുടെ മൈതാനത്ത് വെറും 37 പന്തില്‍ നിന്നായിരുന്നു താരത്തിന്റെ മിന്നല്‍ സെഞ്ച്വറി. ഒമ്പതു ബൗണ്ടറികളും എട്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു യൂസുഫിന്റെ സെഞ്ച്വറി. പക്ഷെ യൂസുന്റെ പ്രകടനത്തിനും ടീമിനെ രക്ഷിക്കാനായില്ല. മല്‍സരത്തില്‍ രാജസ്ഥാന്‍ മുംബൈയോടു നാലു റണ്‍സിനുപരാജയപ്പെട്ടു. 213 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

മുരളി വിജയ് (2010, 12) ഇതേ സീസണില്‍ തന്നെ മറ്റൊരു ഇന്ത്യന്‍ താരം കൂടി സെഞ്ച്വറി കണ്ടെത്തി. ചെന്നൈ സൂപ്പര്‍കിങ്‌സ് താരം മുരളി വിജയ്‌യുടെ വകയായിരുന്നു തകര്‍പ്പന്‍ ഇന്നിങ്‌സ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ നടന്ന മല്‍സരത്തില്‍ കേവലം 56 പന്തില്‍ വിജയ് 127 റണ്‍സ് വാരിക്കൂട്ടി. എട്ടു ബൗണ്ടറികളും 11 സിക്‌സറുകളുമടക്കമാണ് താരം ഇത്രയുമധികം റണ്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടിയത്. മറുപടിയില്‍ രാജസ്ഥാന്‍ പൊരുതിനോക്കിയെങ്കിലും അഞ്ചു വിക്കറ്റിന് 223 റണ്‍സെടുക്കാനേ രാജസ്ഥാനായുള്ളൂ. രണ്ടു സീസണുകള്‍ക്കു ശേഷം 2012ല്‍ വിജയ് വീണ്ടുമൊരു സെഞ്ച്വറി കൂടി തന്റെ പേരില്‍ കുറിച്ചു. ഇത്തവണ ഡല്‍ഹിക്കെതിരേയായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. 58 പന്തില്‍ 113 റണ്‍സാണ് വിജയ് നേടിയത്. മല്‍സരത്തില്‍ ചെന്നൈ ജയം നേടുകയും ചെയ്തു.

പോള്‍ വല്‍ത്താട്ടി (2011 ) 2011 സീസണിലെ ആദ്യ ഇന്ത്യന്‍ സെഞ്ച്വറി വീരന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായ പോള്‍ വല്‍ത്താട്ടിയായിരുന്നു. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ മൊഹാലിയില്‍ നടന്ന കളിയില്‍ 63 പന്തില്‍ പുറത്താവാതെ 12 റണ്‍സാണ് താരം അടിച്ചെടുത്തത്. 19 ബൗണ്ടറികളും രണ്ടു സിക്‌സറും വല്‍ത്താട്ടിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. മല്‍സരത്തില്‍ ചെന്നൈ നല്‍കിയ 189 റണ്‍സെന്ന വിജയലക്ഷ്യം അഞ്ചു പന്തും ആറു വിക്കറ്റും ബാക്കിനില്‍ക്കെ മറികടക്കാന്‍ പഞ്ചാബിനെ സഹായിച്ചത് വല്‍ത്താട്ടിയായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2011) റെക്കോഡുകളുടെ തമ്പുരാനായ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും 2011 സീസണില്‍ സെഞ്ച്വറിക്ക് അവകാശിയായി. കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരേ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് സച്ചിന്‍ 66 പന്തില്‍ പുറത്താവാതെ 102 റണ്‍സെടുത്തത്. 12 ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ബാറ്റിങ്. പക്ഷെ സച്ചിന്റെ സെഞ്ച്വറിക്കും മുംബൈയെ രക്ഷിക്കാനായില്ല. മല്‍സരത്തില്‍ കൊച്ചി എട്ടു വിക്കറ്റിന് മുംബൈയെ തകര്‍ത്തുവിട്ടു

വീരേന്ദര്‍ സെവാഗ് (2011, 14) 2011 സീസണില്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍സെവാഗ് മാറി. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി 56 പന്തില്‍ വീരു 119 റണ്‍സ് അടിച്ചെടുത്തു. 13 ബൗണ്ടറികളും ആറു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സെവാഗിന്റെ വണ്‍ മാന്‍ ഷോയുടെ മികവില്‍ ഡല്‍ഹി മല്‍സരത്തില്‍ നാലു വിക്കറ്റിനു ജയിച്ചു കയറുകയും ചെയ്തു. 2014 സീസണില്‍ സെവാഗ് ഐപിഎല്ലില്‍ തന്റെ രണ്ടാം സെഞ്ച്വറിയും നേടി. ഇത്തവണ പഞ്ചാബ് ജഴ്‌സിയിലായിരുന്നു താരത്തിന്റെ സെഞ്ച്വറി. ചെന്നൈക്കെതിരേ 58 പന്തില്‍ 122 റണ്‍സാണ് സെവാഗ് അടിച്ചെടുത്തത്.

അജിങ്ക്യ രഹാനെ (2012) 2012 സീസണില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ആറു പന്തില്‍ രഹാനെ പുറത്താവാതെ 103 റണ്‍സെടുത്തു. 12 ബൗണ്ടറികളും അഞ്ചു സിക്‌സറും രഹാനെയുടെ ഇന്നിങ്‌സിനു കരുത്തേകി. രഹാനെയുടെ മികവില്‍ മല്‍സരത്തില്‍ 59 റണ്‍സിന് ബാംഗ്ലൂരിനെതിരേ രാജസ്ഥാന്‍ പരാജയപ്പെടുത്തുകയും ചെയ്തു.

രോഹിത് ശര്‍മ (2012) ഹിറ്റ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന രോഹിത് ശര്‍മയും ഇതേ സീസണില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനായി 60 പന്തില്‍ രോഹിത് പുറത്താവാതെ 109 റണ്‍സെടുത്തു. 12 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് രോഹിത് ടീമിന്റെ ഹീറോയായത്. മല്‍സരത്തില്‍ മുംബൈ 27 റണ്‍സിനു കൊല്‍ക്കത്തയെ പരാജയപ്പെടുത്തുകയും ചെയ്തു.

സുരേഷ് റെയ്‌ന (2013) 2013 സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി സുരേഷ് റെയ്‌ന തന്റെ കന്നി സെഞ്ച്വറി കണ്ടെത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയിലായിരുന്നു ഇത്. മല്‍സരത്തില്‍ 53 പന്തില്‍ പുറത്താവാതെ 100 റണ്‍സാണ് റെയ്‌ന നേടിയത്. ഏഴു ബൗണ്ടറികളുടെയും ആറു സിക്‌സറുകളുടെയും അകമ്പടിയോടെയാണ് റെയ്‌ന 100 തികച്ചത്. കളിയില്‍ ചെന്നൈ 15 റണ്‍സിനു പഞ്ചാബിനെ തോല്‍പ്പിച്ചു.

വൃധിമാന്‍ സാഹ (2014) വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ 2014ല്‍ തന്റെ ആദ്യ സെഞ്ച്വറി നേടി. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയായിരുന്നു താരത്തിന്റെ കിടിലന്‍ ബാറ്റിങ്. കളിയില്‍ 55 പന്തില്‍ സാഹ പുറത്താവാതെ 115 റണ്‍സെടുത്തു. 10 ബൗണ്ടറികളും എട്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പക്ഷെ സാഹയുടെ പ്രകടനത്തിനും ഫൈനലില്‍ പഞ്ചാബിനെ രക്ഷിക്കാനായില്ല. മൂന്നു വിക്കറ്റ് ജയത്തോടെ കൊല്‍ക്കത്ത കിരീടം കൈക്കലാക്കി.

വിരാട് കോലി (2016- 4 സെഞ്ച്വറികള്‍) കോലിയുടെ കരിയറിലെ സുവര്‍ണ ഐപിഎല്ലായിരുന്നു 2016ലേത്. നാലു സെഞ്ച്വറികളാണ് ആര്‍സിബി ക്യാപ്റ്റന്‍ വാരിക്കൂട്ടിയത്. ഒരു സീസണില്‍ നാലു സെഞ്ച്വറികള്‍ നേടിയ ഏക താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും കോലിയുടെ പേരില്‍ തന്നെയാണ്. ഗുജറാത്ത് ലയണ്‍സിനെതിരേ 63 പന്തില്‍ പുറത്താവാതെ 100 റണ്‍സെടുത്തായിരുന്നു കോലി തുടങ്ങിയത്. പിന്നീട് റൈസിങ് പൂനെ ജയന്റ്‌സിനെതിരേ 58 പന്തില്‍ പുറത്താവാതെ 108ഉം ഗുജറാത്തിനെതിരേ 55 പന്തില്‍ 109ഉം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ 50 പന്തില്‍ 113ഉം റണ്‍സ് കോലി വാരിക്കൂട്ടി.

സഞ്ജു സാംസണ്‍ (2017) മലയാളികളുടെ അഭിമാനമായി കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണും സെഞ്ച്വറി ക്ലബ്ബില്‍ അംഗമായി. റൈസിങ് പൂനെ ജയന്റ്‌സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടിയാണ് സഞ്ജു സെഞ്ച്വറി കണ്ടെത്തിയത്. 63 പന്തില്‍ 102 റണ്‍സാണ് താരം നേടിയത്. എട്ടു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് സഞ്ജു 102 റണ്‍സെടുത്തത്. കളിയില്‍ 97 റണ്‍സിന്റെ ആധികാരിക ജയമാണ് പൂനെയ്‌ക്കെതിരേ ഡല്‍ഹി നേടിയത്.

റിഷഭ് പന്ത് (2018) ഏറ്റവും അവസാനമായി സെഞ്ച്വറി വീരന്‍മാരുടെ പട്ടികയിലെത്തിയ ഇന്ത്യന്‍ താരം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ റിഷഭ് പന്താണ്. സണ്‍റൈസഴ്‌സ് ഹൈദരാബാദിനെതിരേ 63 പന്തില്‍ പുറത്താവാതെ 128 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. 15 ബൗണ്ടറികളും ഏഴു സിസ്‌കറും ഇന്നിങ്‌സിലുണ്ടായിരുന്നു. പക്ഷെ മല്‍സരത്തില്‍ ഹൈദരാബാദിനോട് ഒമ്പതു വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങി ഡല്‍ഹി പ്ലേഓഫിലെത്താതെ പുറത്തായതോടെ പന്തിന്റെ ഇന്നിങ്‌സ് പാഴായി.

What's Your Reaction?

like

dislike

love

funny

angry

sad

wow