ബീഹാർ സ്വദേശിനിക്ക് 80 ലക്ഷം നൽകി ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീർന്നു
ബീഹാർ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ബിനോയ് കോടിയേരിയ്ക്കെതിരായ കേസ് ബോംബെ ഹൈക്കോടതിയിൽ ഒത്തുതീർപ്പായി. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനായി 80 ലക്ഷം രൂപ ബിനോയ്, യുവതിക്ക് കൈമാറിയാണ് കേസ് ഒത്തുതീർപ്പാക്കിയത്.
ബീഹാർ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ബിനോയ് കോടിയേരിയ്ക്കെതിരായ കേസ് ബോംബെ ഹൈക്കോടതിയിൽ ഒത്തുതീർപ്പായി. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനായി 80 ലക്ഷം രൂപ ബിനോയ്, യുവതിക്ക് കൈമാറിയാണ് കേസ് ഒത്തുതീർപ്പാക്കിയത്.
പണം നൽകിയ വിവരം ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ ബോധിപ്പിച്ചു. തുടർന്ന് ഒത്തുതീർപ്പ് കരാർ അംഗീകരിച്ച് ഹൈക്കോടതി നിയമനടപടികൾ അവസാനിപ്പിക്കുകയായിരുന്നു. എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണകോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതി ഹൈക്കോടതിയെ അറിയിച്ചു.
2019 ജൂണിലാണ് ബിനോയ് കോടിയേരിക്കെതിരെ ബീഹാർ സ്വദേശിനിയായ യുവതി രംഗത്തെത്തിയത്. ഗൾഫിൽവെച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ഈ ബന്ധത്തിൽ എട്ടു വയസുള്ള ആൺകുട്ടിയുണ്ടെന്നുമായിരുന്നു ആരോപണം.
മുംബൈയിൽ താമസമാക്കിയ യുവതി ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. കുട്ടിക്ക് ചെലവിന് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവതിയുടെ പരാതി. എന്നാൽ ഇത് കള്ളക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ വാദംകേട്ട കോടതി, ഡിഎൻഎ പരിശോധന നടത്താൻ നിർദേശം നൽകി. ഡിഎൻഎ പരിശോധന നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടിരുന്നില്ല. പിന്നീട് കോവിഡിന് ശേഷം കോടതികളുടെ പ്രവർത്തനം സാധാരണനിലയിലായതോടെ ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വൻ തുക നഷ്ടപരിഹാരമായി നൽകി കേസ് ഒത്തുതീർപ്പാക്കിയത്.
What's Your Reaction?