വൻ പദ്ധതിയുമായി കേരളം, കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ്, കേബിൾ ടിവി, ഫോൺ
നെറ്റ് കണക്‌ഷനുള്ള കേബിൾ കെഎസ്ഇബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫിസുകളിലും എത്തിക്കാൻ പ്രാദേശിക ഏജൻസികളെ ചുമതലപ്പെടുത്തും
കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും സർക്കാർ വക ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാനുള്ള കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ട സർവെ പൂർത്തിയായി. രണ്ടു വർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതിയുടെ സർവെ കഴിഞ്ഞ ആഴ്ചയാണ് പൂർത്തിയായത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ) കെഎസ്ഇബിയും ചേർന്നു പ്രത്യേക കമ്പനി രൂപീകരിക്കാൻ കഴിഞ്ഞ വർഷം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്, കേബിള്‍ ടിവി തുടങ്ങി സർവീസുകളാണ് കെ ഫോൺ കൊണ്ട് ലക്ഷ്യമിടുന്നത്. റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസിനേക്കാൾ വലിയ പദ്ധതിയാണ് കേരള സർക്കാർ ആസൂത്രണം ചെയ്യുന്നത്.
കെ ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതിയുടെ അടങ്കൽ തുക 1028.2 കോടിയുടേതാണ്. കിഫ്ബിയുടെ ബോർഡ് ഈ പദ്ധതിക്ക് നേരത്തെ തന്നെ 823 കോടി അനുവദിച്ചിരുന്നു. കെഎസ്ഐടിഎൽ നിന്നാണ് ബാക്കി തുക കണ്ടെത്തുന്നത്. ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുന്നത് കെഎസ്ഇബിയുടെ ഹൈടെൻഷൻ പ്രസാരണ ലൈനുകളിലൂടെയായിരിക്കും. ഇതിനാൽ റോഡ് കുഴിക്കൽ വേണ്ടി വരില്ല. സബ്സ്റ്റേഷൻ വരെ എത്തുന്ന ഇത്തരം ലൈനുകളിൽ നിന്നു (കോർ നെറ്റ്‌വർക്ക്) നെറ്റ് കണക്‌ഷനുള്ള കേബിൾ കെഎസ്ഇബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫിസുകളിലും എത്തിക്കാൻ പ്രാദേശിക ഏജൻസികളെ ചുമതലപ്പെടുത്തും.
പദ്ധതിക്ക് വേണ്ട സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങൾ കൊറിയയിൽ നടക്കുന്നുണ്ട്. എന്നാൽ സർക്കാർ നിയമിച്ച വിദ്ഗ്ധ സംഘങ്ങൾ പരിശോധിച്ചതിനു ശേഷമായിരിക്കും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾ പദ്ധതിക്കായി ഉപയോഗിക്കുക. പദ്ധതിക്ക് വേണ്ട കൺട്രോൾ റൂം ആലപ്പുഴയിലോ കൊച്ചിയിലോ ഡിസംബറോടെ പ്രവർത്തിച്ചു തുടങ്ങും.
കേബിളിലൂടെ തന്നെ എത്തുന്ന ഇന്റർനെറ്റ് കണക്‌ഷൻ സർക്കാർ ഓഫിസുകളിൽ ഇ ഗവേണൻസിനായി ഉപയോഗപ്പെടുത്തുന്നതിനു പുറമേ വീടുകളിൽ ഫോണും ഇന്റർനെറ്റും വേണമെങ്കിൽ കേബിൾ ടിവിയും നൽകാൻ പ്രയോജനപ്പെടുമെന്നതാണ് പദ്ധതിയുടെ നേട്ടം. 12 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായിട്ടാവും കണക്‌ഷൻ നൽകുക. മറ്റുള്ളവർക്കു മാസം എത്ര തുക ഈടാക്കണമെന്നതും മറ്റും നിശ്ചയിച്ചിട്ടില്ല. സംസ്ഥാനത്തെ 30,438 സർക്കാർ ഓഫിസുകളാണ് കെ ഫോണിന്റെ പരിധിയില്‍ വരുന്നത്. 52,746 കിലോമീറ്റർ കേബിളുകൾ വഴിയാണ് കെ ഫോൺ സർവീസ് ലഭ്യമാക്കുക.
കേബിൾ വഴി സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകൾ സ്ഥാപിക്കും. അവിടെ നിന്നാണു (ലാസ്റ്റ് മൈൽ കണക്ടിവിറ്റി) സർവ സ്കൂളുകളിലും ആശുപത്രികളിലും ഓഫിസുകളിലും വീടുകളിലും ലഭ്യമാക്കുക. കലക്ടർമാർ ഓരോ ജില്ലയിലും വൈഫൈ ഹോട് സ്പോട് ഏതൊക്കെ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്ന ലിസ്റ്റ് നേരത്തെ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ ടെൻഡറിൽ കരാർ ബിഎസ്എൻഎലിനാണു ലഭിച്ചിരിക്കുന്നത്. ലൈബ്രറികളും പാർക്കുകളും ബസ് സ്റ്റാൻഡുകളും സർക്കാർ ഓഫിസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിലുൾപ്പെടും.
ഹൈടെൻഷൻ പ്രസാരണ ശൃംഖലയിലൂടെ ഇന്റർനെറ്റ് കേബിൾ ഇടാൻ വേണ്ടി രൂപീകരിക്കുന്ന സംയുക്ത സംരംഭ കമ്പനിയിൽ (എസ്പിവി) കെഎസ്ഐടിഎല്ലിനും കെഎസ്ഇബിക്കും 50 ശതമാനം വീതം ഓഹരിയുണ്ടാകും. കോർ നെറ്റ്‌വർക്കിനു കേബിൾ വലിക്കാനുള്ള നടപടികളിലേക്ക് ഐടി മിഷൻ സാങ്കേതിക സഹായത്തോടെ കെഎസ്ഐടിഎൽ നീങ്ങുകയാണ്. കേബിളിടുന്ന ജോലികൾ നവംബർ ആദ്യത്തിൽ തന്നെ തുടങ്ങുമെന്നാണ് കരുതുന്നത്
What's Your Reaction?