ഒറ്റ രാത്രികൊണ്ടു മെഗാതാരമായി ടോണി ക്രൂസ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ അവിശ്വസനീയതയുടെ വലയിലേക്കു തള്ളിയിട്ട വിജയഗോൾ. സ്വീഡനെതിരെ സമനില വാങ്ങി ലോകകപ്പിൽനിന്നു തന്നെ പുറത്താകുമെന്ന ഘട്ടത്തിൽ ജർമനിയെ വിജയത്തിലേക്കു തിരികെക്കൊണ്ടുവന്ന ക്രൂസ് മിസൈലിൽ, താരം ജർമൻകാരുടെ വീരപുത്രനായി. മ്യൂനിക്കിലും ജർമനിലെ മറ്റു നഗരങ്ങളിലും രാത്രി തുടങ്ങിയ ആഘോഷം പുലരുംവരെ നീണ്ടു.
മുന്നിലും പിന്നിലും നാലുവശങ്ങളിലും കണ്ണുള്ള കളിക്കാരനെന്നാണു ക്രൂസിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. മിഷേൽ ബല്ലാക്ക്, ബാസ്റ്റിൻ ഷ്വൈൻസ്റ്റീഗർ എന്നിവർക്കുശേഷം ജർമൻ ഫുട്ബോൾ ടീമിന്റെ മധ്യനിരയിലേക്കു വന്ന പ്രതിഭാശാലിയാണ് ഇരുപത്തെട്ടുകാരൻ ക്രൂസ്. പതിനേഴാം വയസ്സിൽ ജർമൻ ക്ലബ് ബയൺ മ്യൂനിക്കിന്റെ ഒന്നാം ടീമിലെത്തിയ ക്രൂസ്, അവിടെനിന്ന് വായ്പക്കരാറിൽ ബയേർ ലെവർകൂസനിലേക്കും 2014 ലോകകപ്പിനു പിന്നാലെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്കും പോയി. നാലു യുവേഫ ചാംപ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ ഏക ജർമൻ കളിക്കാരൻ എന്ന ബഹുമതിയും ക്രൂസിനൊപ്പമുണ്ട്.