മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി അന്തരിച്ചു

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി (66) അന്തരിച്ചു. ദീർഘനാളായി ചികിൽസയിലായിരുന്നു. ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി

Aug 24, 2019 - 15:56
 0
മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി  അന്തരിച്ചു

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി (66) അന്തരിച്ചു. രണ്ടാഴ്ചയായി ഡൽഹി എയിംസിൽ ചികിൽസയിലായിരുന്നു. ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി ആരോഗ്യപ്രശ്നങ്ങൾ കാരണം ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് ഒൻപതിനാണ് ജയ്റ്റ്ലിയെ ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമായി ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. 13ന് വെന്റിലേറ്ററിലേക്കു മാറ്റുകയും ചെയ്തു.

ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഡോക്ടർമാരുടെ സംഘം ദിവസവും ജയ്റ്റ്ലിയുടെ ആരോഗ്യനില പരിശോധിച്ച് ഒപ്പമുണ്ടായിരുന്നു. മെഡിക്കൽ ബുള്ളറ്റിനുകളും ദിവസവും പുറത്തിറക്കി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ജയ്റ്റ്‌ലിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജിതേന്ദ്രസിങ്, റാം വിലാസ് പസ്വാൻ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസിലെ അഭിഷേക് സിങ്‌വി, ജ്യോതിരാദിത്യ സിന്ധ്യ, ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, ഉമാഭാരതി തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു.

യുപിയിൽ നിന്നുള്ള രാജ്യസഭാംഗമായ ജയ്റ്റ്ലി മന്ത്രിയായിരുന്ന വേളയിലാണു മോദി സർക്കാർ നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയവ നട‌പ്പാക്കിയത്. അഭിഭാഷകനായും എഴുത്തുകാരനായും ശോഭിച്ചു. സംഗീതയാണ് ഭാര്യ. സൊനാലി, രോഹൻ എന്നിവർ മക്കളാണ്.

വാജ്‌പേയി മന്ത്രിസഭയിലും നരേന്ദ മോദി മന്ത്രിസഭയിലും അംഗമായിരുന്ന ജയ്റ്റ്ലി വാർത്താ വിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കൽ, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. നാലു തവണ രാജ്യസഭാംഗമായി. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ വഹിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയം അരക്കിട്ടുറപ്പിച്ച് നരേന്ദ്ര മോദിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. മധ്യപ്രദേശ്, കർണാടക തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ സ്വാധീനം വർധിപ്പിക്കാൻ ജയ്റ്റ്ലിക്കായി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയത്തിനു ബിജെപിയെ സഹായിച്ചതിലും ഇദ്ദേഹത്തിന്റെ തന്ത്രങ്ങൾക്കു പങ്കുണ്ട്. ക്രിക്കറ്റ് കമ്പക്കാരനായ ജയ്റ്റ്ലി ഏറെനാൾ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഭരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) വൈസ് പ്രസിഡന്റുമായി.

1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജയ്റ്റ്ലിയുടെയും മകനായി ഡൽഹിയിൽ ജനനം. സെന്റ് സേവ്യേഴ്സ് സ്കൂൾ, ശ്രീറാം കോളജ് ഓഫ് കൊമേഴ്സ്, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എഴുപതുകളിൽ എബിവിപിയിലൂടെ പൊതുരംഗത്തെത്തി. 1980ൽ ബിജെപി അംഗത്വമെടുത്തു. അടിയന്തരാവസ്‌ഥക്കാലത്തു തടവിലായി. നിയമപഠനം പൂർത്തിയാക്കിയ ജയ്റ്റ്ലി 1977 മുതൽ അഭിഭാഷകനായി. സുപ്രീംകോടതി സീനിയർ അഭിഭാഷകനും അഡീഷനൽ സോളിസിറ്റർ ജനറലുമായി. രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തിയ അദ്ദേഹം 1991ൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗമായി. പാർട്ടി വക്താവായി മികവു തെളിയിച്ചു. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി.

2018ൽ അനാരോഗ്യം അദ്ദേഹത്തെ അലട്ടി. വൃക്ക ശസ്ത്രക്രിയയ്ക്കു വിധേയനായി. യുഎസിൽ ടിഷ്യു കാൻസർ ചികിൽസയ്ക്കു പോയി. പല തവണ ഇന്ത്യയിലും വിദേശത്തും വിദഗ്ധ ചികിൽസ തേടി. രണ്ടാം മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും വകുപ്പില്ലാമന്ത്രിയെന്ന നിലയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും മോദിയെ ജയ്റ്റ്‌ലി അറിയിച്ചു. മോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചു പറയാനും വിമർശനങ്ങളിൽ പ്രതിരോധം തീർക്കാനും ചികിൽസാവേളകളിൽ പോലും ജാഗ്രത കാട്ടിയ നേതാവാണ് ജയ്റ്റ്‌ലി.

What's Your Reaction?

like

dislike

love

funny

angry

sad

wow