മെക്സിക്കോയെ വീഴ്ത്തി അർജന്‍റീനയുടെ തിരിച്ചുവരവ്
ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും നായകൻ ലയണൽ മെസി മുന്നിൽനിന്ന് നയിച്ചപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മെക്സിക്കോയെയാണ് അർജന്‍റീന കീഴടക്കിയത്.
ആദ്യ പകുതിയിൽ നിറംമങ്ങിയെങ്കിലും രണ്ടാം പകുതിയിൽ ഉജ്ജ്വല തിരിച്ചുവരവുമായി നിർണായക മത്സരത്തിൽ ജയം നേടി അർജന്‍റീന. ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും നായകൻ ലയണൽ മെസി മുന്നിൽനിന്ന് നയിച്ചപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മെക്സിക്കോയെയാണ് അർജന്‍റീന കീഴടക്കിയത്. 64-ാം മിനിട്ടിൽ ലയണൽ മെസിയും 88-ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസുമാണ് അർജന്‍റീനയുടെ ഗോളുകൾ നേടിയത്.
ഈ ജയത്തോടെ ഗ്രൂപ്പ് സിയിൽ മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് അർജന്‍റീന. പോളണ്ട് 4 പോയിന്‍റുമായി ഒന്നാമതാണ്. മൂന്ന് പോയിന്‍റുള്ള സൌദി മൂന്നാമതും ഒരു പോയിന്‍റുള്ള മെക്സിക്കോ നാലാം സ്ഥാനത്തുമാണ്. പോളണ്ടുമായാണ് അർജന്‍റീനയുടെ അവസാന ഗ്രൂപ്പ് മത്സരം.
ആദ്യ മത്സരം സൌദി അറേബ്യയോട് തോറ്റതോടെ ജയം അനിവാര്യമായിരുന്നു അർജന്‍റീനയ്ക്ക്. എന്നാൽ അർജന്‍റീനയെ സമനിലയിൽ തളച്ചാൽ അടുത്ത മത്സരത്തിൽ സൌദിയെ വീഴ്ത്തി മുന്നേറാമെന്നതായിരുന്നു മെക്സിക്കോയുടെ കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ പ്രതിരോധത്തിൽ ഊന്നൽ നൽകിയതായിരുന്നു മെക്സിക്കോയുടെ കളിശൈലി.
ആദ്യപകുതിയിൽ ഉടനീളം അർജന്‍റീനയുടെ ആധിപത്യമായിരുന്നു. പന്തടക്കത്തിൽ അവർ മികച്ചുനിന്നു. എന്നാൽ മെക്സിക്കോയുടെ ഉറച്ച പ്രതിരോധത്തിനുമുന്നിൽ അർജന്‍റീനയുടെ ആക്രമണങ്ങളെല്ലാം ബോക്സിനുമുന്നിൽ അവസാനിച്ചു. ഇതിനിടെ മെക്സിക്കോയ്ക്ക് ലഭിച്ച ഒന്നാന്തരം അവസരം മുഴുനീള ഡൈവിലൂടെ അർജന്‍റീന ഗോളി തട്ടിയകറ്റുകയും ചെയ്തു. പിൻനിരയിൽനിന്ന് നന്നായി പാസ് ചെയ്ത് കളിച്ചെങ്കിലും ആദ്യ പകുതിയിൽ മെസി-ഡി മരിയ സഖ്യം നിറംമങ്ങിയതിനാൽ, ആക്രമണങ്ങളുടെ മുനയൊടിഞ്ഞതുപോലെയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം കൂടുതൽ ശക്തമാക്കിയാണ് അർജന്‍റീന ഇറങ്ങിയത്. അമിത പ്രതിരോധം മെക്സിക്കോയ്ക്ക് വിനയാകുകയും ചെയ്തു. 64-ാം മിനിട്ടിലാണ് ആദ്യ ഗോൾ പിറന്നത്. എയ്ഞ്ചൽ ഡി മരിയ വലതുവശത്ത് നിന്ന് അകത്തേക്ക് മുറിച്ച് നൽകിയ ക്രോസ് പിടിച്ചെടുത്ത് മെസി പന്ത് നിയന്ത്രണത്തിലാക്കി നൊടിയിടയിൽ പായിച്ച ഒരു ലോങ് റേഞ്ചറിലൂടെയായിരുന്നു ഗോൾ പിറന്നത്. ഈ സമയം മെക്സിക്കോയുടെ സൂപ്പർ ഗോളി ഒച്ചാവോ വെറും കാഴ്ചക്കാരനായി മാറേണ്ടിവന്നു.
ഗോൾ വീണതോടെ മെക്സിക്കോയും ഉണർന്നു കളിച്ചു. പ്രതിരോധം ചിതറിയോടെ അർജന്റീനയും അവസരങ്ങൾ സൃഷ്ടിച്ചു. ഒടുവിൽ 88-ാം മിനിട്ടിൽ മെസി നടത്തിയ നീക്കത്തിനൊടുവിലാണ് ഗോൾ പിറന്നത്. റോഡ്രിഗോ ഡി പോൾ മറിച്ചു നൽകിയ ക്രോസ് എൻസോ ഫെർണാണ്ടസ് വെടിയുണ്ട കണക്കെ പോസ്റ്റിന്‍റെ വലതുമൂലയിലേക്ക് പായിച്ചു. മൂഴുനീള ഡൈവിലൂടെ തടുക്കാൻ ഒച്ചാവോ ശ്രമിച്ചെങ്കിലും പന്ത് അതിനോടകം ഗോൾ പോസ്റ്റിലേക്ക് തുളഞ്ഞുകയറിയിരുന്നു.
What's Your Reaction?