കോവിഡ് അതിവ്യാപനം; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ 15 ദിവസം അടച്ചിടും
കോവിഡ് (Covid 19) അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിലും കോളേജുകളിലും മൂന്ന് ദിവസം തുടർച്ചയായി വിദ്യാർഥികളുടെ ഹാജർനില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം 15 ദിവസം അടച്ചിടാൻ ഉത്തരവ്
കോവിഡ് (Covid 19) അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിലും കോളേജുകളിലും മൂന്ന് ദിവസം തുടർച്ചയായി വിദ്യാർഥികളുടെ ഹാജർനില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം 15 ദിവസം അടച്ചിടാൻ ഉത്തരവ്. ഇത്തരത്തിൽ അടച്ചിടുന്ന സ്ഥാപനങ്ങളെ ക്ലസ്റ്റർ ആയി കണക്കാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. അടച്ചിടുന്ന ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കാൻ സ്വീകരിച്ച എ, ബി, സി കാറ്റഗറികളിലായി തരം തിരിച്ചുള്ള നിയന്ത്രണങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
സി കാറ്റഗറി :
രോഗവ്യാപനം അതിരൂക്ഷമാകുന്ന ജില്ലകളെയാണ് ഈ കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. പരിശോധിക്കുന്നവരിൽ രണ്ടിലൊരാൾ പോസിറ്റീവ് ആകുന്ന അവസ്ഥ നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയാണ് ഈ കാറ്റഗറിയിൽ ഉൾപ്പെട്ട ഏക ജില്ല. കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഉണ്ടാവുക.
പൊതുപരിപാടികൾ പാടില്ല. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കില്ല. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ മാത്രമേ നടത്താൻ പാടുള്ളു. തീയറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവര്‍ഷമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കും. ട്യൂഷന്‍ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.
ബി കാറ്റഗറി:
എട്ട് ജില്ലകളാണ് ഈ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ളത്. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട്, ഇടുക്കി പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് ഈ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ളത്. രോഗവ്യാപനം സി കാറ്റഗറിയെ അപേക്ഷിച്ച് താരതമ്യേന കുറവെങ്കിലും ഈ കാറ്റഗറിയിൽ പെടുന്ന ജില്ലകളിലും പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ മാത്രം. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.
എ കാറ്റഗറി :
മേൽപ്പറഞ്ഞ കാറ്റഗറികളിൽ നിന്നും താരതമ്യേന രോഗവ്യാപനം കുറവുള്ള കാറ്റഗറിയിൽ എല്ലാ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത-സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാം. കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളാണ് ഈ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
മേൽപ്പറഞ്ഞ മൂന്ന് കാറ്റഗറികളിൽ ഉൾപ്പെടാത്ത ജില്ലകളിൽ അതാത് ജില്ലകളിലെ അധികാരികൾ പറയുന്ന നിയന്ത്രണങ്ങൾ നിലനിൽക്കും. കോഴിക്കോട്, കാസർകോട് എന്നീ ജില്ലകൾ മാത്രമാണ് ഇവയിൽ ഉൾപ്പെടുന്നത്.
അവലോകന യോഗത്തിൽ സംസ്ഥാനത്തെ കോവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിക്കുന്ന കാര്യവും വിലയിരുത്തി. കോവിഡ് നിർണയ പരിശോധന പരമാവധി ലാബുകളിൽ നടത്താനും മുഖ്യമന്ത്രി നിർദേശിച്ചു. പരിശീലനമില്ലാതെ വീടുകളിൽ സ്വയം നടത്തുന്ന ടെസ്റ്റ് തെറ്റായ ഫലങ്ങൾ നൽകുവാൻ ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?