അന്വേഷണ തലപ്പത്ത് നിന്ന് ദർവേശ് സാഹിബ് തെറിക്കുമോ?സർക്കാർ തലത്തിൽ തിരക്കിട്ട ആലോചനകൾ
തനിക്ക് പറയാനുള്ള കാര്യങ്ങൾ നേരിട്ട് അറിയിക്കാൻ കഴിഞ്ഞുവെന്നും കേസിൽ തന്റെ കൂടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അതിജീവിത മാധ്യമങ്ങളോട് പ്രതികരിച്ചത്
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെയായിരുന്നു കൂടിക്കാഴ്ച. തനിക്ക് പറയാനുള്ള കാര്യങ്ങൾ നേരിട്ട് അറിയിക്കാൻ കഴിഞ്ഞുവെന്നും കേസിൽ തന്റെ കൂടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അതിജീവിത മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം കൂടിക്കാഴ്ചയ്ക്ക് തൊട്ട് പിന്നാലെ മുഖ്യമന്ത്രി ഡി ജി പിയേയും ക്രൈം എഡിജിപിയേയും സെക്രട്ടറിയേറ്റിലേക്ക് വിളിപ്പിച്ചിരുന്നു. കേസിന്റെ മുന്നോട്ടുള്ള നടപടികൾ ഇരുവരുമായും മുഖ്യമന്ത്രി ചർച്ച നടത്തി.
കേസിലെ തുടർ അന്വേഷണം അവസാനിപ്പിക്കാനുള്ള ക്രൈം ബ്രാഞ്ച് തീരുമാനത്തിനെതിരെ അതിജീവിത കോടതിയെ സമീപിച്ച സാഹചര്യത്തിലും ഇതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വിവാദങ്ങൾക്കും പിന്നാലെയായിരുന്നു അതിജീവിത മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടറിയേറ്റിൽ രാവിലെ എട്ട് മിനുട്ടോളമാണ് കൂടിക്കാഴ്ച നീണ്ട് നിന്നത്. ഭർത്താവിനും സഹോദരനും ഒപ്പമായിരുന്നു അവർ മുഖ്യമന്ത്രിയെ കണ്ടത്. കേസ് സംബന്ധിച്ചുള്ള തന്റെ ആശങ്കകൾ പരാതിയായും അതിജീവിത കൈമാറിയിയിട്ടുണ്ട്. കൂടിക്കാഴ്ചയിൽ താൻ പൂർണ തൃപ്തയാണെന്നായിരുന്നു അവർ പ്രതികരിച്ചത്.
അതേസമയം കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അടിയന്തിരമായി സംസ്ഥാന പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എ ഡി ജി പിയെയും മുഖ്യമന്ത്രി ചേംബറില്‍ വിളിച്ച് വരുത്തുകയായിരുന്നു. അതിജീവിതയുടെ പരാതിയുടെ കൂടി പശ്ചാത്തലത്തിലായിരുന്നു നടപടി. കേസിൽ എഡിജിപിയായിരുന്ന എസ് ശ്രീജിത്തിനെ മാറ്റിയിടത്ത് നിന്ന് അന്വേഷണത്തിന് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന വിലയിരുത്തൽ സർക്കാർ തലത്തിലും ഉണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ തലപ്പത്ത് നിന്ന് എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയതോടെ അന്വേഷണത്തിന് മെല്ലപ്പോക്കാണെന്ന ആരോപണം ശക്തമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടിയിട്ട നിലയിലയിലാണ് കാര്യങ്ങൾ എന്ന ആക്ഷേപമായിരുന്നു വ്യാപകമായി ഉയർന്നത്. കേസന്വേഷണം നിർണായക ഘട്ടത്തിൽ എത്തി നിൽക്കേ ഉണ്ടായ മാറ്റം കേസിനെ ആകെ ബാധിച്ചതായുള്ള വിലയിരുത്തലുകളും പല കോണുകളിൽ നിന്നും ശക്തമായിരുന്നു.
നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായി ദർവേശ് സാഹിബിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചുമതലയേറ്റ ശേഷം ഇദ്ദേഹം ഇതുവരെയും കൊച്ചിയിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നത്. ഒരു തവണ മാത്രം അന്വേഷണ സംഘത്തെ തിരുവനന്തപുരത്ത് വിളിച്ച് വരുത്തി കേസിന്റെ കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇദ്ദേഹത്തെ മാറ്റിയേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നത്
കേസിന്റെ തുടരന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതോടെ വിഷയത്തിൽ പ്രതിപക്ഷം അടക്കം വലിയ പ്രതിഷേധം തീർത്തതോടെ വെട്ടിലായിരിക്കുകയാണ് സർക്കാർ. ഈ ഘട്ടത്തിൽ ത്വരിത നടപടികൾ ഉണ്ടായില്ലേങ്കിൽ അത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചേക്കുമെന്ന വിലയിരുത്തലുകളും ഉണ്ട്.
അതേസമയം അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ അതിജീവിത അറിയിച്ചിട്ടുണ്ട്. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. .
കോടതിയെ സമീപിക്കാന്‍ ഇടയായത് സര്‍ക്കാര്‍ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞതായും കേസില്‍ നടന്നിട്ടുള്ള ചില കാര്യങ്ങളില്‍ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിന് കൂടുതല്‍ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തതെന്നും അതിജീവിത പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
What's Your Reaction?






