ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ തുടരും; അവിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടു
വിശ്വാസ വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വിജയം. സ്വന്തം കക്ഷിയിലെ വിമത എംപിമാര്‍ കൊണ്ടുവന്ന പാര്‍ട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പാണ് പരാജയപ്പെട്ടത. 148ന് എതിരെ 211 വോട്ടുകള്‍ നേടിയാണ് ജോണ്‍സണ്‍ അധികാരത്തുടര്‍ച്ച ഉറപ്പിച്ചത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടാണ് ആവശ്യം. പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 359 അംഗങ്ങളാണുള്ളത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദത്തിലാണ് ജോണ്‍സനെതിരേ സ്വന്തം പാര്‍ട്ടിയില്‍നിന്ന് എതിരഭിപ്രായം ഉയര്‍ന്നത്. വിവാദങ്ങളില്‍ പ്രതിഛായ നഷ്ടമായ ജോണ്‍സണ്‍ രാജിവയ്ക്കണമെന്ന് ആവശ്യമുന്നയിച്ച് 54 എംപിമാരാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയയത്.
തുടര്‍ന്ന് പാര്‍ട്ടിനേതാവ് എന്ന സ്ഥാനത്ത് ജോണ്‍സന്‍ തുടരണമോ എന്നതിലാണ് വോട്ടെടുപ്പ് നടന്നത്. വിശ്വാസം തെളിയിക്കാന്‍ കഴിയാതെവന്നാല്‍ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹത്തിന് ഒഴിയേണ്ടിവരുമായിരുന്നു. വോട്ടെടുപ്പ് അനുകൂലമായതിനാല്‍ ഒരുവര്‍ഷംകൂടി അധികാരത്തില്‍ തുടരാം.
Also Read-RBI| കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റുമെന്ന പ്രചരണം; വാർത്ത തള്ളി ആർബിഐ
ലോക്ഡൗണ്‍ ചട്ടലംഘനങ്ങളില്‍ ജോണ്‍സണ്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണു വിമതര്‍ രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുത്തില്ലെന്നാണ് ആദ്യം ജോണ്‍സണ്‍ പ്രതികരിച്ചത്. എന്നാല്‍ തെളിവുകള്‍ പുറത്തുവന്നതോടെ മാപ്പപേക്ഷ നടത്തിയിരുന്നു. കൂടാതെ ലോക്ഡൗണില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് പൊലീസ് ജോണ്‍സണ് പിഴയിടുകയും ചെയ്തിരുന്നു.
What's Your Reaction?