തീതുപ്പും ബൈക്കിൽ അഭ്യാസം': കേസെടുത്ത് എംവിഡി

Jul 8, 2024 - 09:41
 0
തീതുപ്പും ബൈക്കിൽ അഭ്യാസം':  കേസെടുത്ത് എംവിഡി

കൊച്ചിയിൽ തീ തുപ്പുന്ന ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് എംവിഡി. തിരുവനന്തപുരം സ്വദേശിയായ കിരൺ ജ്യോതിയാണ് വണ്ടി ഓടിച്ചതെന്ന് എംവിഡി കണ്ടെത്തി. ബൈക്കുമായി കറങ്ങി നടന്ന കിരൺ ജ്യോതിയോട് ഹാജരാകാൻ മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകി. അതേസമയം വാഹനത്തിന്റെ രജിസ്ട്രേഷൻ കിരൺ ജ്യോതിയുടെ അച്ഛന്റെ പേരിലാണ്.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കിരൺ ജ്യോതി എന്ന യുവാവ് സൈലൻസർ രൂപമാറ്റം വരുത്തിയ ബൈക്കുമായി നഗരത്തിൽ കറങ്ങി നടന്നത്. KL 01 CT 6680 രജിസ്ട്രേഷൻ ബൈക്കിലാണ് കിരൺ ജ്യോതിയുടെ അഭ്യാസ പ്രകടനം. ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് കിരൺ ജ്യോതി. വാഹനത്തിന്റെ രജിസ്ട്രേഷൻ അച്ഛന്റെ പേരിലായ സാഹചര്യത്തിൽ അച്ഛനോടും വ്യാഴാഴ്ച ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ എംവിഡി നിർദേശം നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. ഇയാൾക്ക് പിന്നാലെ വന്ന കാർ യാത്രക്കാരൻ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സംഭവ ദിവസം വാഹനം ഓടിച്ചിരുന്നത് താനാണെന്ന് യുവാവ് സമ്മതിച്ചു. ബൈക്ക് എറണാകുളത്തുള്ള സുഹൃത്തിനെ ഏൽപ്പിച്ചിരിക്കുകയാണെന്നും യുവാവ് പറഞ്ഞു.

അനധികൃതമായി ബൈക്ക് രൂപമാറ്റം വരുത്തുകയും സൈലന്‍സറുകള്‍ മാറ്റി പകരം അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് മോട്ടോർ വാഹനവകുപ്പ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള യാത്രകൾ അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്ന് നേരത്തെ അറിയിച്ചിരുന്നു. യുവാവിനെ കണ്ടെത്തിയ ശേഷം വണ്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും ലൈസൻസ് സസ്പെൻഡ് ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow