നടൻ വിജയ് ബാബു തിരിച്ചെത്തി
പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിലായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു നാട്ടിൽ തിരിച്ചെത്തി.
പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിലായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു നാട്ടിൽ തിരിച്ചെത്തി. 39 ദിവസത്തിനു ശേഷം, രാവിലെ ദുബായിൽ നിന്നുള്ള വിമാനത്തിലാണു കൊച്ചിയിലെത്തിയത്. തൊട്ടു പിന്നാലെ ഇദ്ദേഹത്തിന്റെ പാസ്പോർട്ട് ഇമിഗ്രേഷൻ വിഭാഗം പിടിച്ചെടുത്തു. ഹൈക്കോടതി വ്യാഴാഴ്ച വരെ ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചതിനു പിന്നാലെയാണു വിജയ് ബാബുവിന്റെ മടക്കം.
നാട്ടിൽ തിരിച്ചെത്തിയാൽ ഉടൻ അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരായി എത്തിയ വിവരം അറിയിക്കണമെന്ന ഹൈക്കോടതി നിർദേശമുള്ളതിനാലാണ് ഇന്നുതന്നെ വന്നത്. വൈകാതെ പൊലീസിനു മുൻപാകെ ഹാജരാകും. വിമാനത്താവളത്തിൽ കാത്തു നിന്ന മാധ്യമപ്രവർത്തകർക്കു മുന്നിലെത്തി ‘കേസിനെ നിയമപരമായി നേരിടും, അന്വേഷണവുമായി സഹകരിക്കും, കോടതിയിൽ വിശ്വാസമുണ്ട്, സത്യം കോടതിയിൽ തെളിയിക്കും, പ്രതിസന്ധി ഘട്ടത്തിൽ ഒപ്പംനിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി’ എന്നു മാത്രം പ്രതികരിച്ചു വിജയ് ബാബു വാഹനത്തിൽ കയറിപ്പോയി.
എന്തുകൊണ്ടാണ് ഒളിവിൽ പോയതെന്ന ചോദ്യത്തോടു പ്രതികരിച്ചില്ല. വിജയ് ബാബു നാട്ടിലെത്തിയ ശേഷമായിരിക്കും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുക എന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസിന്റെ മെറിറ്റിലേയ്ക്കു കടക്കാതെ പ്രതി നാട്ടിലെത്തുന്നതു വരെ അറസ്റ്റ് തടയുകയാണ് എന്നു വ്യക്തമാക്കിയായിരുന്നു കോടതി നടപടി. വിജയ് ബാബു നാട്ടിലെത്തിയാൽ കസ്റ്റഡിയിൽ എടുക്കുമെന്നു നേരത്തേ കേസ് പരിഗണിക്കുമ്പോൾ പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. പ്രതിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന നിലപാടാണു പൊലീസിന്റേത്.
ഇതിനു മറുപടി എന്നവണ്ണം ഹൈക്കോടതി, വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുന്നതിന് എന്താണ് ഇത്ര തിടുക്കമെന്നും മാധ്യമങ്ങൾക്കു മുൻപാകെ അറസ്റ്റു ചെയ്തു പ്രകടനം നടത്താനാണോ എന്നും ആരാഞ്ഞിരുന്നു. ഫലപ്രദവും നീതിയുക്തവുമായ അന്വേഷണത്തിനു പ്രതി നിയമാധികാര പരിധിയിൽ ഉണ്ടാകണമെന്നു കോടതി വിലയിരുത്തി. കേസ് പരിഗണിക്കുമ്പോൾ, വിജയ് ബാബു യാത്രയ്ക്കായി എടുത്തിട്ടുള്ള ടിക്കറ്റിന്റെ പകർപ്പും കോടതിയിൽ ഹാജരാക്കി. ഇടക്കാല ജാമ്യം നൽകിയാൽ നാട്ടിൽ വരാനും അന്വേഷണം നേരിടാനും തയാറാണെന്നാണു നടൻ കോടതിയെ അറിയിച്ചത്.
പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും പണവും സിനിമയിൽ അവസരവും നൽകാത്തതിലുള്ള പ്രതികാരത്തിലുമാണ് പരാതി നൽകിയതെന്നുമാണ് വിജയ് ബാബുവിന്റെ വാദം. ഇതു തെളിയിക്കുന്ന വാട്സാപ് ചാറ്റുകളും കോടതിയിൽ സമർപ്പിച്ചിരുന്നു. പാസ്പോർട്ട് റദ്ദാക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് പൊലീസ് നീങ്ങുകയും ചെയ്തതോടെയാണ് വിജയ് ബാബു ജോർജിയയിൽനിന്നു ദുബായിലേക്കും അവിടെനിന്നു കൊച്ചിയിലേക്കും മടങ്ങിയത്.
What's Your Reaction?