'കേരളീയം 2023 സാംസ്കാരികോത്സവ ഗാനം കോപ്പിയടി' ആരോപണവുമായി സംഗീത സംവിധായകൻ
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ ആഘോഷത്തിനായി ഒരുക്കിയ ഗാനം കോപ്പിയടിയാണെന്ന ആരോപണവുമായി സംഗീത സംവിധായകന്‍ രംഗത്ത്. നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന ആഘോഷ പരിപടിക്കായി തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജിലെ രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ഥികള്‍ കേരളീയത്തിനായി വരികളെഴുതി ചിട്ടപ്പെടുത്തിയ ഗാനം എന്ന പേരില്‍ പരിപാടിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രചരിക്കുന്ന ഗാനത്തിനെതിരെയാണ് സംഗീത സംവിധായകനും സംഗീത അധ്യാപകനുമായ ജെയ്സണ്‍ ജെ നായര്‍ കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയത്.
‘തുഞ്ചന്‍റെ കാകളികള്‍ ഒരു കിളികൊഞ്ചലായി’ എന്ന് തുടങ്ങുന്ന ഗാനം 2004-2006 കാലഘട്ടത്തില്‍ താന്‍ ചിട്ടപ്പെടുത്തിയ ഗാനമാണെന്നാണ് ജെയ്സണ്‍ ജെ നായരുടെ പറയുന്നത്. സോമദാസ് കാണക്കാരി എഴുതിയ വരികള്‍ക്ക് ഈണം നല്‍കി കുമാരമംഗലം സ്കൂളിലെ കുട്ടികള്‍ക്ക് കലോത്സവത്തിന് വേണ്ടി തയ്യാറാക്കിയ ഗാനമാണ് കേരളീയം ഫെസ്റ്റിനായി സ്വാതി തിരുനാള്‍ സംഗീത കോളേജിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഗാനം എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ പറഞ്ഞു.
2006ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സംഘഗാനത്തിന് സമ്മാനം ലഭിച്ച ഗാനമാണിത്. തന്‍റെ സ്ഥാപനമായ മോക്ഷ സ്കൂള്‍ ഓഫ് മ്യൂസിക്കിലെ ആയിരക്കണക്കിന് കുട്ടികളെ ഈ ഗാനം പലപ്പോഴായി പഠിപ്പിച്ചിട്ടുണ്ടെന്നും ജെയ്സണ്‍ ജെ നായര്‍ പറഞ്ഞു. ഇതില്‍ സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്വവുമില്ല. ഈ ഗാനം ചെയ്യാന്‍ ഏല്‍പ്പിച്ചവര്‍ അത് മോഷ്ടിച്ച് എല്ലാവരെയും തെറ്റിധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നാളെ തലമുറയ്ക്ക് സംഗീതം പറഞ്ഞുകൊടുക്കേണ്ട ആരോ ഒരാളാണ് ഇതിന് പിന്നില്‍. കുട്ടികള്‍ ഏതായാലും ഇത് മനോഹരമായി പാടിയിട്ടുണ്ട്.
‘ചെയ്ത ആള്‍ക്ക് എന്തായാലും അത് അയാളുടെ സൃഷ്ടി അല്ലെന്ന് അറിയാം. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്ത് അവരെ കൊണ്ട് പാടിപ്പിച്ച ശേഷം സര്‍ക്കാരിന് നല്‍കിയിരിക്കുകയാണ്. ഒരു സൃഷ്ടി കര്‍ത്താവെന്ന നിലയിലുള്ള വിഷമം എനിക്കുണ്ട് ‘ – ജെയ്സണ്‍ ജെ നായര്‍ പറഞ്ഞു.
What's Your Reaction?